വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമൊക്കെയായിരുന്നു, ഇന്നസെന്റിന്റെ ഓര്‍മകളില്‍ മമ്മൂട്ടി

മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് ഓര്‍മയായി. നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരുമൊക്കെ ഇന്നസെന്റിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്‌ നടന്‍ മമ്മൂട്ടിയും. ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനുമൊക്കെയായിരുന്നു ഇന്നസെന്റ് ഇനി ഇല്ല ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നുവരുന്നു എന്നതില്‍ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു. ഇന്നസെന്റിനെ ഞാന്‍ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങള്‍ തേടി നടക്കുന്നകാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകന്‍. സിനിമപശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടര്‍ന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്. തനി തൃശ്ശൂര്‍ഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു. താരതമ്യേന ജൂനിയറായ ഞാന്‍ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍നല്ലവേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടന്‍ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓര്‍മിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു. ഒന്നിച്ചുള്ള ആദ്യ സീന്‍ പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെന്റ് മുന്‍നിരയിലുണ്ടായിരുന്നു.പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോള്‍ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു….. അദ്ദേഹം പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്. എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍…!

ജനറൽ

ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ലല്ലോ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റിന്റെ മടക്കം. അറുനൂറിലധികം ചിത്രങ്ങള്‍. അതില്‍ തന്നെ ഓര്‍ത്തെടുക്കാന്‍ പാകത്തിന് മനസ്സില്‍ പതിഞ്ഞുകിടക്കുന്ന അനേകം കഥാപാത്രങ്ങള്‍. സമൂഹ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളാണ്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. 1972 ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളില്‍ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവണ്‍ഗരെയില്‍ തീപ്പെട്ടിക്കമ്പനി നടത്തി. ദാവണ്‍ഗരെയില്‍ നിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ബിസിനസുകള്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകള്‍ നിര്‍മിക്കുകയും രണ്ടു സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിര്‍മിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്കാണ് ഇന്നസെന്റ് കഥ എഴുതിയത്.  

ജനറൽ

ഇനി അവള്‍ ചേച്ചിയമ്മ, പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത അറിയിച്ച് ഗിന്നസ് പക്രു

രണ്ടാമതും തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പോസ്റ്റില്‍ പറയുന്നു. 2006 മാര്‍ച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്.  

ജനറൽ

ഭാര്യ വക്കീലായി, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്ന് നോബിയുടെ അഭിനന്ദനം

നോബി മാര്‍ക്കോസിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ മീഡിയ. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നോബി വെള്ളിത്തരയിലും സജീവ സാന്നിധ്യമായ ഹാസ്യ നടനാണ്. നോബി പങ്കുവച്ച വ്യക്തിപരമായ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്. ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്. ആര്യ അഭിഭാഷക വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച നോബി കൂടെ കുറിച്ച വാക്കുകളും വൈറലാണ്. ‘നീ നിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ ആഡ്വ. ആര്യ നോബി’ എന്നാണ് ചിത്രത്തിനൊപ്പം നോബി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആര്യക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. ഭാര്യയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന നോബിയെയും നെറ്റിസണ്‍സ് ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

ജനറൽ

പ്ലേ ബട്ടന്‍ പോലും തന്നില്ല, ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല

മലയാളികളുടെ ഇഷ്ട താരവും അവതാരകയുമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. ചാനലില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ തട്ടിയെടുത്തു കൊണ്ടുപോയെന്നും തങ്ങള്‍ വഞ്ചിക്കപ്പെടുവായിരുന്നുവെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു. ‘യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല’-മീനാക്ഷി പറഞ്ഞു.

ജനറൽ

ജയറാമേ….ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരു വിളി, ആരെടാ അത് എന്ന് ചോദ്യവുമായി താരവും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. എല്ലാവരോടും സംസാരിച്ച് സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആള്‍കൂട്ടത്തില്‍ നിന്നും ആ വിളി എത്തിയത്. ഒരു ചെറിയ പയ്യന്റെ വിളി. ‘ജയറാമേ…’ ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുഞ്ഞ് ആരാധകനെ നന്നായി ശ്രദ്ധിച്ച് തമാശയോടെ തന്നെ ആ വിളിയെ ജയറാം നെഞ്ചിലേറ്റി. വിഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.  

ജനറൽ

അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആദ്യ ഗാനം സൂപ്പര്‍ഹിറ്റ്

ഒട്ടെറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉര്‍വ്വശിയും. അപകടത്തില്‍പ്പെട്ട് അഭിനയ ജീവിതത്തില്‍ ഇടവേളയെടുക്കേണ്ടി വന്ന ജഗതീ ശ്രീകുമാര്‍ ഉര്‍വ്വശിക്കൊപ്പം വളരെ നാളുകള്‍ക്ക് ശേഷം ഒരു വേദി പങ്കിട്ടിരിക്കുകയാണിപ്പോള്‍. ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരത്തെ ലുലുമാളായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലിന്റെ ഇടമായി മാറിയത്. ജോയ് മൂവീസിന്റെ ബാനറില്‍ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാള്‍സ് എന്റര്‍പ്രൈസസിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സുബ്രമണ്യന്‍ കെ വി യുടെ സംഗീതത്തില്‍ നാചി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് മോഹനന്‍ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ചാള്‍സ് എന്റര്‍പ്രൈസസിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനല്‍ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഫോക് ചുവയുള്ള തമിഴും മലയാളവും കലര്‍ന്ന രീതിയിലാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കല്യാണ വീടും അതിന്റെ പരിസരവുമാണ് ഗാനത്തിന് പശ്ചാത്തലമാകുന്ന ഗാനത്തിന് മികച്ച പ്രതികാരമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്‌മണ്യന്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം അനൂപ് പൊന്നപ്പനും നിര്‍വ്വഹിച്ചിരിക്കുന്നു. രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രമെന്നാണ് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Dr. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കു പുറമേ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്‌മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും.

ജനറൽ

ഞാന്‍ തിരികെയെത്തി, എല്ലാവര്‍ക്കും നന്ദി; വികാരാധീനനായി മിഥുന്‍ രമേശ്

ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച്  ബെല്‍സ് പാള്‍സി  രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ്. ഹിറ്റ് 96.7 എഫ്എമ്മിലേക്ക് ഇന്ന് ഞാന്‍ തിരിച്ചെത്തി ജോലി ആരംഭിച്ചുവെന്നും 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ എന്നും മിഥുന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്റെ ഹൃദയം നിറഞ്ഞ നന്ദി, മിഥുന്‍ രമേശ് ഫേസ്ബുക്ക് സ്റ്റോറിയായി വീഡിയോയ്‌ക്കൊപ്പം കുറിച്ചു. തനിക്ക് ബെല്‍സ് പാള്‍സി രോഗം ബാധിച്ചുവെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് വെളിപ്പെടുത്തിയത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടിപ്പോയെന്നും ഒരു വശംകൊണ്ട് മാത്രമേ ചിരിക്കാന്‍ കഴിയുന്നുള്ളൂ എന്നും വീഡിയോയില്‍ മിഥുന്‍ പറഞ്ഞിരുന്നു. മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.