വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

തമിഴില്‍ ബിഗ് ബോസ് 6 തുടങ്ങുന്നു; ആശങ്കള്‍ ഇല്ലാതാക്കി വരവറിയിച്ച് ഉലകനായകൻ

രാജ്യത്തെ ടെലിവിഷൻ ഷോകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ് ബിഗ് ബോസ്. തമിഴകത്ത് ബിഗ് ബോസ് പ്രേക്ഷകപ്രീതി നേടാനുള്ള കാരണങ്ങളില്‍ ഒന്ന് ഉലഗനായകൻ കമല്‍ഹാസൻ ആണ് അവതാരകൻ എന്നതാണ്. ഇത്തവണ കമല്‍ഹാസന് പകരം മറ്റാരെങ്കിലും ബിഗ് ബോസ് അവതരിപ്പിക്കാൻ എത്തിയേക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആശങ്കളെല്ലാം ഇല്ലാതാക്കി കമല്‍ഹാസൻ തന്നെ പ്രത്യക്ഷപ്പെടുന്ന ബിഗ് ബോസ് പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസ് തമിഴ് സീസണ്‍ ആറ് വിജയ് ടെലിവിഷനില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ സംപ്രേഷണം ചെയ്യും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും ഷോ സ്‍ട്രീം ചെയ്യും. സ്റ്റൈലിഷ് ലുക്കിലാണ് കമല്‍ഹാസൻ ബിഗ് ബോസ് പ്രൊമോയിലുള്ളത് എസ് ഷങ്കറിന്റെ 'ഇന്ത്യൻ 2' എന്ന ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് കമല്‍ഹാസൻ ബിഗ് ബോസിനായും സമയം കണ്ടെത്തുക. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ് ഇത്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍. തടസ്സങ്ങളെല്ലാം നീക്കി 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം പുനരാരംഭിക്കുകയും അടുത്തിടെ കമല്‍ഹാസൻ ജോയിൻ ചെയ്യുകയും ചെയ്‍തത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 'ഇന്ത്യൻ 2'വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

ജനറൽ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്

റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷൻ അരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന ശേഷം നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരൻ വെക്കാം. ഒരു 10 മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ അരി മിക്സിയുടെ ജാറിൽ നിന്ന് ഒരു ബൗളിലേക്ക് മാറ്റാം. പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്ക് തേങ്ങ ചിരവിയതും ഒരു സ്പൂൺ നെയ്യും കൂടി ഇട്ട് നന്നായി ഇളക്കി എടുക്കാം. നെയ്യ് ഉപയോഗിക്കുമ്പോൾ പുട്ടിന് ടേസ്റ്റ് കൂടും. നെയ്യ് ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം. പ്രെഷർ കുക്കറിലോ പുട്ടുപാത്രത്തിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇട്ടതിന് ശേഷം പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക. ശേഷം പുട്ടുകുറ്റി മൂടി വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. പുട്ടുകുറ്റിയുടെ മൂടിയിലെ സുഷിരത്തിലൂടെ ആവി നന്നായി വരുന്നുണ്ടങ്കിൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം. ഏകദേശം 15-25 മിനുട്ട് വരെ വേവിക്കണം. നല്ല സോഫ്റ്റായ പുട്ട് റെഡി.

ജനറൽ

തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…?; കോഴിക്കോട് മാളിൽ വെച്ച് ജനക്കൂട്ടത്തിനിടെയിൽ വെച്ച് യുവനടിക്ക് നേരെ അതിക്രമം

കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ജനക്കൂട്ടത്തിൽ നിന്നും ചിലർ അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ മറ്റൊരു നടിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. തന്നെ അതിക്രമിച്ചയാളെ നടി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.  യുവനടിയുടെ കുറിപ്പ് : ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…?  

ജനറൽ

താറാവ് റോസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് ചീത്ത താറാവ് ഇറച്ചി തിരിച്ചറിയുന്നതെങ്ങനെയെന്ന് അറിയാം

ലോകത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചികളിലൊന്നാണ് താറാവ് ഇറച്ചി. ഭക്ഷണത്തിനു മാത്രമല്ല ചില മരുന്നുകളിലും സൗന്ദര്യവർദ്ധകവസ്തുക്കളിലും ചേരുവയായും താറാവ് ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന നെയ്യ് ഉപയോഗിക്കുന്നു. താറാവ് ഇറച്ചി ഇഷ്ടമുള്ള പലരെയും അലട്ടുന്ന ഒന്നാണ് നല്ല താറാവ് ഇറച്ചി കിട്ടാത്ത അവസ്ഥ. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ താറാവ് ഇറച്ചി നമുക്ക് തിരിച്ചറിയാവുന്നതേ ഉള്ളൂ. 1.താറാവ് ഇറച്ചി വാങ്ങിക്കുമ്പോൾ ആദ്യംഅത് മണത്തു നോക്കുക. എന്നിട്ട് വാങ്ങിക്കുക. പുളിച്ച ഒരു ദുർഗന്ധം തോന്നുകയാണെങ്കിൽ വാങ്ങിക്കരുത്.  2-കൈ കൊണ്ട് താറാവ് ഇറച്ചിതൊട്ടു നോക്കുക. വഴുവഴുപ്പ് തോന്നുകയാണെങ്കിൽ ഓർക്കുക അത് പഴക്കമുള്ളതാണ്.3-താറാവ് ഇറച്ചി വാങ്ങിക്കുമ്പോൾ അതിന്റെ നിറം ശ്രദ്ധിക്കുക. താറാവ് ഇറച്ചി ചെറിയ ചുവപ്പോടു കൂടിയ പിങ്ക് നിറത്തിലായിരിക്കും. എന്നാൽ പച്ച നിറവും ചാര നിറവുമുള്ള താറാവ് ഇറച്ചി വിപണിയിൽ കാണാം. അത് വാങ്ങിക്കരുത്. പഴക്കം ചെന്നതാണെന്ന് തിരിച്ചറിയുക. 4-താറാവ് ഇറച്ചി വാങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാകം ചെയ്ത് കഴിക്കുക. അല്ലാതെ ഇത് റഫ്രിജറേറ്ററിൽ വെച്ച് കുറേ നാൾ കഴിക്കാമെന്ന് വിചാരിക്കരുത്.

ജനറൽ

മലപ്പുറത്തുകാരൻ‌ 'മൂസ' ആയി സുരേഷ് ​ഗോപി; 'മേ ഹും മൂസ' ബുക്കിം​ഗ് ആരംഭിച്ചു

വേറിട്ട രൂപത്തിലും ഭാവത്തിലും സുരേഷ് ​ഗോപി എത്തുന്ന ചിത്രമാണ് 'മേ ഹും മൂസ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിം​ഗ് ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്.  കേരളത്തിലെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ​ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്.  മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.  അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയും ജോഷിയും ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് മികച്ചൊരു സിനിമയെയാണ് സമ്മാനിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം സീ 5ല്‍ പ്രീമിയർ ആരംഭിച്ചിരുന്നു.     

ജനറൽ

എളുപ്പത്തില്‍ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട്

നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും പൊട്ടിവിടരേണ്ടത്. അപ്പോള്‍ രാവിലെതന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം രാവിലെയുള്ള ഭക്ഷണം. ശരീരവളര്‍ച്ചയ്ക്കും വികാസത്തിനും പ്രാതല്‍ നിര്‍ബന്ധമാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിനെ മനുഷ്യന്റെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്. എളുപ്പത്തില്‍ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. തയ്യാറാക്കുന്ന വിധം എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേര്‍ക്കാം (എല്ലാം ചെറുതായി അരിഞ്ഞത്). ഇതിലേക്ക് റവയും ചൂടുവെളളവും ചേര്‍ത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.

ജനറൽ

രാത്രിയില്‍ കറങ്ങി നടക്കും, സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനം; ഏകലവ്യന്‍ പിടിയിൽ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  വട്ടപ്പാറ മണലി സ്വദേശിയായ ഏകലവ്യൻ (30) ആണ് വട്ടപ്പാറ പൊലീസിന്‍റെ പിടിയിലായത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ വീട്ടിൽ കയറി അതിക്രമം കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമുള്ള പരാതിയിലാണ് പ്രതിയെ പിടികൂടിയത്.  ലഹരിവസ്തുക്കൾക്ക് അടിമയാണ് പ്രതിയെന്നും മദ്യലഹരിയിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന യുവാവ്  സ്ത്രീകൾ മാത്രമുള്ള വീടുകളുടെ മുന്നിലെത്തി നഗ്നത പ്രദർശനവും അതിക്രമവും നടത്തിവരുകയാണെന്നും ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വട്ടപ്പാറ പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ അഞ്ചോളം ക്രിമിനൽ കേസുകളും നിരവധി പരാതികളും വട്ടപ്പാറ സ്റ്റേഷനിൽ നിലവിലുണ്ട്.  നേരത്തേയും നഗ്നതാ പ്രദര്‍ശനത്തിന്  നിരവധി പരാതികൾ ഏകലവ്യനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുട പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറ  എസ്എച്ച്ഒ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സിപിഒ ഷിബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജനറൽ

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

കൊച്ചി:വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.  ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്‌സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗര്‍ഭിണിയായതോടെ ദുരിതം ഏറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭര്‍ത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്ബത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭര്‍ത്താവില്‍നിന്നു ലഭിക്കാതാവുകയും ഭര്‍തൃമാതാവിന്റെ ഉപദ്രവം ഏറിവരികയും ചെയ്തതോടെ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. യുവതി വിവാഹിതയായതിനാല്‍ ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവുമായി ചേര്‍ന്നുള്ള സംയുക്ത അപേക്ഷ വേണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഭാര്യയെ തിരിച്ചു സ്വീകരിക്കുന്നതില്‍ കോടതിയില്‍ പോലും ഭര്‍ത്താവ് അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഗര്‍ഭവുമായി മുന്നോട്ടുപോവുന്നത് യുവതിയുടെ ആരോഗ്യത്തിനു ഗുണകരമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതും കോടതി പരിഗണിച്ചു. വിവാഹ മോചനത്തിനു രേഖകളില്ലെന്ന കാരണത്താല്‍ മാത്രം ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷ തള്ളാനാവില്ലെന്ന് കോടതി വിലയിരുത്തി.