വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മത്സരപ്പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ .

കോട്ടയം  ; സെന്റർഫോർ  ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ഇന്ത്യ സംസ്ഥാന വ്യാപകമായി  മത്സരക്ഷമതാ ദിനം ആചരിക്കുന്നതിന്റെ  ഭാഗമായി സിജി കോട്ടയം ജില്ലാ ചാപ്റ്റർ ഒക്ടോബർ 2ന് കോംപീറ്റൻസി  ദിനാചരണം  സംഘടിപ്പിക്കുന്നു.  രാവിലെ 9:30ന് കാഞ്ഞിരപ്പള്ളി അസർ ഫൌണ്ടേഷൻ ഹാളിൽ  നടക്കുന്ന സി-ഡേ പ്രോഗ്രാം കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.  ഉദ്യോഗാർഥികൾക്കായി നടക്കുന്ന മത്സരപ്പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ സിജി റിസോഴ്സ് അംഗമായ കെ .എം .ഷാനവാസ്‌ തോപ്പിൽ നയിക്കും.ജില്ലാ പ്രസിഡന്റ് എം.എഫ്. അബ്ദുൽ ഖാദർ ആദ്യക്ഷത വഹിക്കും

കോട്ടയം

തീക്കോയ് പഞ്ചായത്ത് മെംബറെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതി പിടിയിൽ

തീക്കോയി പഞ്ചായത്ത് അംഗത്തെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവ ത്തിൽ യുവാവിനെ ഈരാറ്റുപേട്ട  പോലീസ് അറസ്‌റ്റ് ചെയ്‌തു. കായംകുളം സ്വദേശിയായ വിവേക് കുഞ്ഞുമോൻ (38) എന്നയാളാണ് പോലീസ് പിടിയിലായത്.  പഞ്ചായത്ത് അംഗം രതീഷ് പി. എസിനു നേരെയാണ് കഴിഞ്ഞ വ്യാഴാഴ്‌ച ആക്രമണമുണ്ടായത്. വർഷങ്ങളായി തീക്കോയി ടൗണിൽ ലോൺട്രി നടത്തിപ്പുകാരനായ വിവേക് സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും വഴക്കടിക്കുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വിവിധ പാർട്ടി പ്രവർത്തകരുമായി ഇയാൾ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ വിരോധം നിമിത്തം ബുധനാഴ്‌ച രാത്രി ഏഴരയോടെ മദ്യപിച്ച് ഇരുമ്പുവടിയു മായി തീക്കോയിയിലെ സി.പി.ഐ ഓഫീസിൽ എത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌തു.  പിറ്റേന്ന് രതീഷ് തീക്കോയി ടൗണിൽ സ്വന്തം ജീപ്പിലിരിക്കവെ വാനുമായെത്തിയ വിവേക് ജീപ്പിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി. എന്നാൽ അത്ഭുതകരമായി രതീഷ് രക്ഷപെട്ടു. അക്രമിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറിയതോടെ രതീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിവേകിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.

കോട്ടയം

മഞ്ഞ, പിങ്ക് കാർഡ് റേഷൻ കാർഡ് അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ; ഞായറാഴ്ചയും സൗകര്യം

കോട്ടയം : ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ(മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ നടത്താം. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രം മുഖേന മസ്റ്ററിങ് നടത്തണണമെന്നു ജില്ലാ സപ്‌ളൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. ഞായറാഴ്ചയും(സെപ്റ്റംബർ 29) മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റ് അഞ്ചുമുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ വ്യക്തികളും, 2024 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ആദ്യഘട്ടത്തിൽ ഈ പോസ് വഴി ഇകെവൈസി അപ്ഡേഷൻ ചെയ്തവരും റേഷൻ കടയിലെത്തി വീണ്ടും ഇകെവൈസി മസ്റ്ററിങ് ചെയ്യേണ്ടതില്ല. 2024 ഓഗസ്റ്റ് അഞ്ചു മുതൽ നാളിതുവരെയുള്ള ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ അംഗങ്ങൾ ഒഴികെയുള്ള മറ്റ് അംഗങ്ങൾ റേഷൻ കടയിലെത്തി മസ്റ്ററിങ് നടത്തണം. 2024 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ ഇകെവൈസി മസ്റ്ററിംഗിനു വേണ്ടി ജില്ലയിലെ എല്ലാ റേഷൻകടകളുടെയും സമയക്രമം പുനക്രമീകരിച്ചു. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിംഗും. ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെ ഇകെവൈസി മസ്റ്ററിംഗ് മാത്രം. വൈകുന്നേരം മൂന്നുമണി മുതൽ നാലു മണി വരെ ഇകെവൈസി മസ്റ്ററിംഗ് മാത്രം. വൈകുന്നേരം നാലുമണി മുതൽ ഏഴുമണി വരെ റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിംഗും.

കോട്ടയം

പക്ഷിപ്പനി: കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികൾക്ക് നിയന്ത്രണം

പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളിൽ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സെപ്റ്റംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്.കോട്ടയം ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ 2024 ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല. നിയന്ത്രണ മേഖലകളിൽ പ്രവർത്തിക്കുന്ന ഹാച്ചറികളിൽ വിരിയുന്നതിനായി വച്ച മുട്ടകൾ നശിപ്പിക്കണം.

കോട്ടയം

തായ്‌വാനിൽ നടക്കുന്ന ഏഷ്യാ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ് ഇടം നേടി

പാലാ: തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്‌സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളിൽ കെ വി ജോസുകുട്ടിയുടെ മകൾ മനീഷ ജോസഫാണ് ദേശീയ ടീമിൽ ഇടം നേടിയത്. കേരളത്തിൽ നിന്നും അലീന ജോബി(എറണാകുളം), നന്ദ എസ് പ്രവീൺ (തിരുവനന്തപുരം) എന്നിവരും ദേശീയ ടീമിൽ ഇടം നേടിയിട്ടുണ്ട്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൻ്റെ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥിനിയാണ് മനീഷ ജോസഫ്. പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ  പഠിക്കുന്ന കാലത്താണ് സോഫ്റ്റ് ബോളിലേയ്ക്ക് തിരിഞ്ഞതെന്ന് മനീഷ പറഞ്ഞു. തുടർന്നു ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലുമായി 6 വർഷത്തോളമായി സോഫ്റ്റ് ബോളിൽ പരിശീലനം നടത്തി വരുന്നു. കോച്ച് ടെന്നിസൺ പി ജോസിൻ്റെ കീഴിലാണ് പരിശീലനം. എം ജി യൂണിവേഴ്സിറ്റി ടീമിൻ്റെ ഭാഗമായി ഓൾ ഇന്ത്യാ മത്സരത്തിൽ മനീഷ പങ്കെടുത്തിരുന്നു. ഇപ്പോൾ ഓപ്പൺ സെലക്ഷനിലൂടെയാണ് ദേശീയ ടീമിൽ എത്തിയത്. മനീഷയുടെ പിതാവ് ജോസുകുട്ടി ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളജിലെ ഹോസ്റ്റൽ വാർഡനാണ്. മാതാവ് ഷൈനി ജോസ് മാലിദ്വീപിൽ സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. സഹോദരൻ ജസ്റ്റിൻ (യു കെ ), സഹോദരി ഷീബ (ജർമ്മനി) എന്നിവർ വിദ്യാർത്ഥികളാണ്.

കോട്ടയം

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

*കാഞ്ഞിരപ്പള്ളി പൂതക്കുഴി പള്ളിക്ക് സമീപം വാഹനാപകടം കെഎസ്ആർടിസി ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. മുക്കാലി സ്വദേശി ആൽബർട്ട് തോമസ് ആണ് മരണമടഞ്ഞത്... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു.എതിർ ദിശയിൽ വന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് സാജിതിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...രാത്രി 7. 30 ഓടുകൂടിയായിരുന്നു അപകടം*

കോട്ടയം

യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടറുമായി ലോറി പാ‌ഞ്ഞത് ആറു കിലോമീറ്റര്‍, വൈദ്യുതി പോസ്റ്റിലും ഇടിച്ചു

കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ റോഡരികിൽ സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.  ഗുരുതരമായി പരിക്കേറ്റ ഇവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് പരിക്കറ്റത്. എന്നാല്‍, ഇവരെ ഇടിച്ചശേഷം  സ്കൂട്ടര്‍ ലോറിയുടെ അടിയിൽ കുടുങ്ങി. ഈ സ്കൂട്ടറുമായി ആറ് കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയത്ത് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ലോറി സ്കൂട്ടറുമായി സഞ്ചരിച്ച ദൂരം മുഴുവൻ പാലാ പൊലീസ് പിന്തുടർന്നിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കോട്ടയം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ രാജസ്ഥാൻ കച്ച് മേഖലയിൽ നിന്ന് നാളെയോടെ കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യത. ഉയർന്ന ലെവലിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളിൽ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ സെപ്റ്റംബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.