വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ ഹോസ്പിറ്റലിൽ എത്തിച്ച് ബസ് ജീവനക്കാർ

ഈരാറ്റുപേട്ട: കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ  അതിവേഗം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ. കോട്ടയം - പൂഞ്ഞാർ സർവീസ് നടത്തുന്ന ദേവമാത ബസ്സിൽ പാലായിൽ നിന്ന് കയറിയ വിദ്യാർത്ഥിനിയായ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബസ് ഈരാറ്റുപേട്ടയിലെ പി.എം.സി ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി.  ബസ്സിലുള്ള യാത്രക്കാരൻ ഫോണിൽ അറിയിച്ചതിനെ തുടർന്ന് ടീം എമർജൻസി പ്രവർത്തകർ ബസ്സിന് കടന്നുപോകാൻ വഴിയൊരുക്കുകയും ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങൾ ഒരുക്കുകയും ചെയ്തു. ബസ് ജീവനക്കാരായ പ്രണവ്, അമ്പാടി, ജോമോൻ എന്നിവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അതിൽ ഒരാളെ ഹോസ്പിറ്റലിൽ കുട്ടിയുടെ കൂടെ നിർത്തിയ ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്.  

കോട്ടയം

വൃത്തിയുടെ കാഴ്ച ഒരുക്കി ചിത്രപ്രദർശനം

മുരിക്കുംവയൽ: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ ശുചിത്വ മിഷൻ കാഴ്ച്ച എന്ന പേരിൽ സ്കൂൾ കുട്ടികൾക്കായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉൽഘാടനം മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ പി കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് ജി ഇ ഒ അജേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡിജെ സതീഷ്, ഹെഡ് മിസ്ട്രസ് സ്മിത എസ് നായർ സീനിയർ അധ്യാപകൻ രാജേഷ് എം പി,പി ടി എ പ്രസിഡന്റ് കെ ടി സനൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ബി ശുചിത്വ മിഷൻ ആർ പി സജിമോൻ, അനന്ദു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിക്കപ്പെട്ടത്.

കോട്ടയം

ജില്ലയിലെ പാതയോരങ്ങളുടെ സൗന്ദര്യവൽക്കരണം: കലാലയങ്ങളുടെയും പിന്തുണ ഉറപ്പാക്കും

കോട്ടയം : ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ പരിധിയിൽ ഉൾപ്പെട്ട വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാരും മാനേജർമാരും ചുമതലപ്പെടുത്തിയ അധ്യാപകരും ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു.   ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേർത്തത്.പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെ യോഗവും ജില്ലയിലെ മാധ്യമപ്രവർത്തകരുടെ യോഗവും ജില്ലാ കളക്ടർ ഇതിനോടകം വിളിച്ചുചേർത്തിരുന്നു.ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. മാർച്ച് രണ്ടാംവാരത്തോടെ തുടങ്ങി മേയ് മാസത്തോടെ പൂർത്തിയാക്കുന്ന തരത്തിലാണ് ആലോചനകൾ നടക്കുന്നത്.   നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ മനോഹരമാക്കും. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കും. ജില്ലയിലേക്കു പ്രവേശിക്കുന്ന നാലിടങ്ങളും ഇതിന്റെ ഭാഗമായി മനോഹരമാക്കും. പദ്ധതിക്ക് പേരിടുന്നതിനായി ഹയർ സെക്കൻഡറി തലം വരെയുള്ള സ്‌കൂൾ വിദ്യാർഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികളും സ്വീകരിക്കും.കലാലയങ്ങളുടെ അഭിമുഖമായുള്ള റോഡുകൾ മാലിന്യമുക്തമാക്കി പാതയോരങ്ങളിൽ ചെടികളും മറ്റും വച്ചുപിടിപ്പിച്ചു മനോഹരമാക്കണമെന്ന നിർദേശത്തിന് യോഗത്തിൽ പിന്തുണ ലഭിച്ചു. വിദ്യാർഥികളുടേയും എൻ.എസ്.എസ്. യൂണിറ്റുകളുടേയും പിന്തുണയോടെ പാതയോരങ്ങൾ നവീകരിക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത വിദ്യാഭ്യാസ്ഥാപനങ്ങളുടെ പ്രതിനിധികൾ അറിയിച്ചു.യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, ജില്ലാ കോഡിനേറ്റർ നോബിൾ മാത്യൂ, കോട്ടയം ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ, *അരവിത്തുറ സെന്റ് ജോർജ്സ്* കോളജ് പ്രിൻസിപ്പൽ  ഡോ. സിബി ജോസഫ്, ഈരാറ്റുപേട്ട സീപാസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. റോസ്‌ലിറ്റ് മൈക്കിൾ, വൈക്കം സിപാസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. എ. മഞ്ജു, എം.ജി. സർവകാലാശാല സ്്കൂൾ ഓഫ് ലീഗൽ തോട്ട്, നാട്ടകം ഗവ. കോളജ്, ഏറ്റുമാനൂർ ഗവ. ടി.ടി.ഐ, ചങ്ങനാശേരി എസ്.ബി. കോളജ്, ചങ്ങനാശേരി എൻ.എസ്.എസ്. കോളജ്, വൈക്കം ശ്രീമഹാദേവ കോളജ്, പാലാ ഗവ. പോളിടെക്‌നിക് കോളജ്,  കോട്ടയം സി.എം.എസ്. കോളജ്, കോട്ടയം ബി.സി.എം. കോളജ്, കോട്ടയം ബസേലിയോസ് കോളജ്, പള്ളം ബിഷപ് സ്പീച്ച്‌ലി കോളജ്, പുലരിക്കുന്ന് എം.ജി. സർവകാലാശാല സ്റ്റാസ്, ചങ്ങനാശേരി സെന്റ് ജോസഫ് കോളജ്, സെന്റ് തോമസ് കോളജ് പാല എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

കോട്ടയം

പാലായിൽ ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മാതാവും മരുമകനും മരിച്ചു

പാലായിൽ ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മാതാവും മരുമകനും മരിച്ചു. പാലാ അന്ത്യാളം സ്വദേശിനി നിർമ്മല, കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇരുവരും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

കോട്ടയം

തട്ടുകടയിലെ സംഘർഷം; അക്രമിയുടെ ചവിട്ടേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു

കോട്ടയം :കോട്ടയത്  പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് കൊല്ലപ്പെട്ടത്..സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിനെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ജിബിൻ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തട്ടുകടയിൽ പ്രതി ജിബിൻ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ഇടപെടുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ടുപേർ ചേർന്ന് പൊലീസ് ഉദ്യോ?ഗസ്ഥനെ മർദിക്കുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ആണ് ആശുപത്രിയിൽ എത്തിച്ചത്. .ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.

കോട്ടയം

മേലുകാവ് സ്വദേശി സാജൻ സാമുവലിന്റെ മൃതദേഹം പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജനുവരി മുപ്പതാം തീയതിയാണ് മേലുകാവ് സ്വദേശി സാജനെ കാണാതായത്.മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.   ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈലര്‍ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ സാജന്റെ മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലമറ്റം സ്വദേശിയായ ഷാരോണ്‍ ബേബിയാണ് ആദ്യം പിടിയിലാകുന്നത്. ശേഷം കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാവുകയായിരുന്നു. സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവര്‍ പറഞ്ഞു.നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകുമെന്നും സാജന്‍ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോള്‍ പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മലുള്ള വൈരാ​ഗ്യത്തിന്റെ ഭാ​ഗമാണോ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കോട്ടയം

പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി

മേലുകാവ് : മേലുകാവ് ഗ്രാമപ്പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർമാർ ടി. ജെ.ബെഞ്ചമിൻ, ഷൈനി ബേബി,അലക്സ് ടി ജോസഫ്,ബിൻസി ടോമി,പ്രസന്ന സോമൻ,ഷീബാ മോൾ,പാലിയേറ്റീവ് കെയർ നഴ്‌സ് ബിന്ദു സജി,ഡോ.മുഹമ്മദ് ജിജി,ഡോ. ജോസ്ന ബഷീർ,ഡോ. കെ.എസ്.അമേഷ്,ഡോ.റിയ എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. കെ.എസ്. അമേഷ്,ഡോ. ജോസ്ന ബഷീർ,ഡോ.റിയ,ബിന്ദു സജി എന്നിവരെ മേമൻ്റോ നൽകി ആദരിച്ചു. പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾക്ക് വേൾഡ് മലയാളി  കൗൺസിൽ ഉപഹാരങ്ങൾ നൽകി

കോട്ടയം

ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു -മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധി വരെ ചെറുക്കുന്നതിന് സാധാരണ പൗരന്് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. നിയമം നല്ലരീതിയിൽ നടപ്പാക്കണമെങ്കിൽ ഉദ്യോഗസ്ഥർക്കു ഇതു സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാകണമെന്നും ഇത്തരം ശിൽപശാലകൾ അതുലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണത്തിനും അഴിമതി കുറയ്ക്കാനും വിവരാവകാശ നിയമം സഹായിച്ചുവെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമം നടപ്പിൽവന്ന് 20 വർഷം പിന്നിടുമ്പോൾ ജനങ്ങൾ ഈ നിയമത്തെപ്പറ്റി ബോധവാന്മാരായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ വിപുലീകരിക്കുന്നതിനും നിയമം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വിവരാവകാശ കമ്മിഷൻ ഡോ. സോണിച്ചൻ പി. ജോസഫ്, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി എന്നിവർ പ്രസംഗിച്ചു. തുടർന്നു വിഷയാവരണവും ജീവനക്കാരുമായുള്ള സംവേദനവും നടന്നു.  വിവരാവകാശ നിയമത്തെപ്പറ്റി അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ ഏറ്റുമാനൂർ നിയോകജകമണ്ഡലത്തിലെ വിവിധ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.