വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ബി.എസ്.എന്‍.എല്‍. തകരാറുകള്‍; അന്വേഷണം പ്രഖ്യാപിക്കണം: ആന്റി കറപ്ഷന്‍ മിഷന്‍

ഉപയോക്താക്കളെ നിത്യദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലധികമായി തുടരുന്ന ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ സംബന്ധിച്ച വിഷയത്തില്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.     ബി.എസ്.എന്‍.എല്‍. ടവര്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ വൈദ്യുതിബന്ധം നിലച്ചാല്‍ നെറ്റ്‌വര്‍ക്ക് സംവിധാനവും പൂര്‍ണ്ണമായും നിലയ്ക്കുകയാണ്. ഇക്കാര്യത്തില്‍ ഏറ്റവും ഉദാഹരണമാണ് പൂഞ്ഞാര്‍ കുന്നോന്നിയിലെ ടവര്‍. ഇതിന് വ്യക്തമായ മറുപടി മാധ്യമങ്ങളിലൂടെയോ, എസ്.എം.എസ്. സംവിധാനത്തിലൂടെയോ നല്‍കാന്‍ ബി.എസ്.എന്‍.എല്‍. തയ്യാറാകണം. കാലങ്ങളായി ഉപയോക്താക്കള്‍ അനുഭവിക്കുന്ന ദുരിതത്തിന് പൊതുമേഖലാ സംരംഭമായ ബി.എസ്.എന്‍.എല്‍. നഷ്ടപരിഹാരം നല്കണം.     ഫോണ്‍ സംഭാഷണം മുറിഞ്ഞുപോയാല്‍ പോലും നഷ്ടപരിഹാരം നല്‍കണമെന്ന പരമോന്നത കോടതിവിധി നിലനില്‍ക്കേ വൈദ്യുതി നിലച്ചാല്‍ നിശ്ചലമാകുന്ന സംവിധാനത്തിന്റെ നടത്തിപ്പുകളെക്കുറിച്ച് അടിമുടി അന്വേഷണം വേണം. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടേണ്ട വിഭാഗങ്ങള്‍ നിഷ്‌ക്രിയരാണ്.     തകരാറുകള്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുണ്ട്. കുന്നോന്നിയിലെ നെറ്റ്‌വര്‍ക്ക് 'കോമാ' സ്റ്റേജിലാണ്. വെന്റിലേറ്റര്‍ മാറ്റിയാല്‍ നിശ്ചലമാകും ബി.എസ്.എന്‍.എല്‍. മഴ തുടങ്ങിയാല്‍ വൈദ്യുതി നിലയ്ക്കുന്നത് നിത്യസംഭവുമാണ്. എന്നാലങ്ങോട്ട് പോര്‍ട്ട് ചെയ്തുകൂടെയെന്നു പറയുന്നവരോട് 'സൗകര്യമില്ലായെന്ന നിലപാടിലാണ്' ഉപയോക്താക്കള്‍.     പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ജോസ് ഫ്രാന്‍സീസ്, കെ.ജി. ബാബു, ബീവി ഫാത്തിമ, തോമസുകുട്ടി മണക്കുന്നേല്‍, ജോയി മേനേച്ചേരില്‍, അബു മാത്യു, ആന്റണി മാത്യു, ജോസ് പൂണ്ടിയാനി, ആനിയമ്മ സണ്ണി, ഈപ്പന്‍ ഡൊമിനിക്, സജീവ് തലയോലപ്പറമ്പ്, സന്തോഷ് കുമാര്‍ റ്റി., റ്റി.എന്‍. സത്യദേവ് എന്നിവര്‍ പ്രസംഗിച്ചു. 

കോട്ടയം

പാലാ സന്മനസ്സ് കൂട്ടായ്മ നഗരസഭാ ജീവനക്കാരൻ ബിജോയി മണർകാടിനെ ആദരിച്ചു

പാലാ.വിശുദ്ധ യൗസേപ്പ് പിതാവിന്റെ ജന്മദിനമായ മെയ് ഒന്നാം തീയതി, ലോക തൊഴിലാളി ദിനത്തിൽ പാലായിലെ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സന്മനസ്സ് കൂട്ടായ്മ പാലാ നാഗരസഭയിൽ നിന്നും വിരമിച്ച  ബിജോയി ജോസഫ് മണർകാടിനു സമുചിതമായ യാത്രായപ്പും അനുമോദനവും നൽകി. സമ്മേളനം സന്മനസ്സ് പാലാ ഓഫീസിൽ വച്ച്  രാവിലെ  കൂട്ടായ്മ പ്രസിഡന്റ് സന്മനസ്സ് ജോർജ്  ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിച്ചു. സാധുക്കളോടുള്ള അനുകമ്പയും പൊതു ജന സേവന താൽപരതയും  ബിജോയിയുടെ മുഖമുദ്രകൾ ആയിരുന്നു എന്നും തന്റെ ഏതാനും അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്  ജോർജ്  അറിയിച്ചു. നഗരസഭയുടെ ആമുഖവും പര്യായവും ആയിരുന്ന  ബിജോയ് മണർകാടിന്റെ വിരമിക്കൽ നഗരസഭയ്ക്കും പാലാ നഗരസഭ പ്രദേശ നിവാസികൾക്കും വലിയ ഒരു നഷ്ടം തന്നെയായിരിക്കും എന്ന്  ജോജോ ചക്കാമ്പുഴ, വിനോദ് കുന്നപ്പിള്ളി, മാഗി മഞ്ഞാമറ്റം. എന്നിവർ ആശംസാ പ്രസംഗത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്മനസ് കൂട്ടായ്മ പോലുള്ള സംഘടനകളുമായി ഒത്തുചേർന്നു തുടർന്നുള്ള കാലം പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ  ബിജോയ് അറിയിച്ചു.

കോട്ടയം

മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ

പാലാ :മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ.വൃത്തിഹീനമെന്ന് പൊതുസമൂഹം കരുതിയിരുന്ന ജയിലുകൾ കയറി കണ്ടപ്പോൾ വാർഡ് മെമ്പറും ,പാലാ നഗരസഭാ മുൻ ചെയർപേഴ്‌സനുമായ  ബിജി ജോജോയ്ക്കും ,വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനും  അതിശയം.ഇത്രയും വൃത്തിയും  പരിസര ശുചീകരണവുമുള്ള ജയിൽ കാണുന്നത് തന്നെ ആദ്യം. പാലാ സബ്ബ് ജയിലിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസ് ഉദ്‌ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു കൗൺസിലർമാരായ  ബിജി ജോജോയും ,സാവിയോ കാവുകാട്ടും.തുടർന്ന് പരിസരമെല്ലാം ചുറ്റി നടന്നു കണ്ടപ്പോഴാണ് ജയിലിലെ മാലിന്യങ്ങൾ നാട്ടുകാർക്ക് ശല്യമാകുന്നു എന്ന് വാർത്ത വന്നതിന്റെ അർത്ഥ ശൂന്യത കൗണ്സിലര്മാര്ക്ക് നേരിൽ ബോധ്യപ്പെട്ടത്. ജയിൽ കോംബൗണ്ടിൽ പെയ്യുന്ന മഴവെള്ളമെല്ലാം നിർഗമനത്തിനായി വൃത്തിയുള്ള ഓടകൾ സ്ഥാപിച്ചിരിക്കുന്നു.തടസ്സമേതുമില്ലാതെ മഴവെള്ളം ഒഴുകി പോകുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.എന്നാൽ ജയിലിനു പുറത്തെത്തുന്ന മഴവെള്ളം പുറത്തുള്ള  ഓടകൾ അടഞ്ഞതുമൂലം  ഒഴുകി പോകുവാൻ മാർഗമില്ലാതെ റോഡിലേക്ക് ഒഴുകുന്നുണ്ട്.ഇതിനു ഉടൻ തന്നെ പരിഹാരമുണ്ടാക്കുമെന്ന് കൗൺസിലേഴ്‌സ് ഉറപ്പു നൽകി. കൂടാതെ ജയിൽ വളപ്പിനുള്ളിൽ നിന്നും സെപ്റ്റിക് ടാങ്കിനായി  പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച്  മലിന ജലം സംഭരിക്കാനും ടാങ്കുകൾ പണിതത് കൗൺസിലർമാരെ ജയിൽ സൂപ്രണ്ട് ഷാജിസാർ കാണിച്ചു കൊടുത്തു.പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച് ജയിലിലെ അന്തേവാസികളെയും സഹകരിപ്പിച്ച് ജയിൽ വളപ്പിൽ തന്നെയുള്ള കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി തെളിച്ച് സൈഡുകൾ കെട്ടി ബലവത്താക്കുകയും ചെയ്തിട്ടുണ്ട്. അവിടെ മാലിന്യ സംസ്‌ക്കരണ കുഴികൾ കരിങ്കൽ പാകി മനോഹരമാക്കിയിരിക്കുന്നു.ജൈവ അജൈവ മാലിന്യങ്ങൾ തരം  തിരിച്ചാണ് സംഭരിക്കുന്നത്.ഉടനെ മേലധികാരികളെ അറിയിച്ചു അവരുടെ അനുവാദത്തോടെ  തന്നെ ഇവിടെ കൃഷിചെയ്യാൻ  ഒരുക്കത്തിലാണ് ഷാജിസാർ.കൂടാതെ മൂന്ന് കോടി രൂപാ മുടക്കി പുതിയ കെട്ടിടം വരുമ്പോൾ തടവുകാർ ഉണ്ടാക്കുന്ന ചപ്പാത്തിയും ,കറികളും ജനങ്ങൾക്കും ആദായ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.അതിനായി മുൻസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിന്റെ ഭാഗത്തുള്ള ജയിലിന്റെ മൂന്നര സെന്റ് സ്ഥലം ഉപയോഗിക്കുന്നതാണ്.അതുകൊണ്ടു തന്നെ ആഭാഗം വൃത്തിയുള്ളതും ,സജീവമായി തീരുകയും ചെയ്യുമെന്ന് ഷാജിസാർ,കൗൺസിലർമാരോടൊപ്പം   പറഞ്ഞു.

കോട്ടയം

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തുവാനുള്ള തീരുമാനം പുനപരിശോധിക്കണം:

കോട്ടയം : ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വിവിധ സ്കോളർഷിപ്പുകൾ നിർത്തുവാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്   സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി )കോട്ടയം ജില്ല ജനറൽബോഡി ആവശ്യപ്പെട്ടു. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷങ്ങൾക്കായുള്ള ഫണ്ട് വിനിയോഗത്തിലെ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ പ്രസിഡൻറ് പി.പി.എം നൗഷാദ് അധ്യക്ഷതവഹിച്ചു. എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് , പി.എ .ഇർഷാദ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സിജി ഇൻറർനാഷണൽ മുൻ ചെയർമാൻ പി.കെ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.  യോഗത്തിൽ വച്ച് 2023- 25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.  ജില്ലാ പ്രസിഡണ്ടായി എം എഫ് അബ്ദുൽ ഖാദർ ( ഈരാറ്റുപേട്ട ), ജനറൽ സെക്രട്ടറിയായി നിഷ സാജിദ് ( കങ്ങഴ), ട്രഷററായി ശുഹൈബ് മുഹമ്മദ് ( കൂട്ടിക്കൽ) ജില്ലാ കോർഡിനേറ്റർ പി.പി.എം നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു. സിജി വിമൻസ് കളക്ടീവ് (CWC ) പ്രസിഡന്റ . ആൻസിമോൾ പി.എ സെക്രട്ടറി നെഷിനാ ഇസ്മായിൽ ട്രഷറർ നിഷാ സാജിദ് എന്നിവരേയും വിവിധ വകുപ്പുകളുടെ ഡയറക്ടർമാരായി അൻഷാദ് അതിരമ്പുഴ സാജിദ് കരിം, റാഷിദ് ഖാൻ DM വി.എം സിറാജ്, ഷിനാജ് സത്യം , അമീൻ മുഹമ്മദ്, ഹുസൈൻ അമ്പഴത്തിനാൽ, റബീസ് കാസിം . മുഹമ്മദ് ഷബീബ് ഖാൻ , ആരിഫ് കൂട്ടിക്കൽ ,സിയാദ് എരുമേലി , മാഹീൻ തലനാട് എന്നിവരേയും തിരഞ്ഞെടുത്തു

കോട്ടയം

പാലാ ഞൊണ്ടിമാക്കൽ അപകടം ബൈക്ക് യാത്രികരിലൊരാൾ മരിച്ചു

ബൈക്ക് യാത്രികരായ യുവാക്കൾ കുറവിലങ്ങാട് സ്വദേശികളാണ്.ഇന്നോവക്കാർ മലപ്പുറം സ്വദേശികളുടേതാണ്. ഇവരുടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. സംഭവം നടന്നയുടനെ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിൽ എത്തിച്ചത്.തുടർന്ന് ആംബുലൻസ് ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി ആംബുലൻസ് ഡ്രൈവർമാരാണ് പാലാ  എസ് ഐ അഭിലാഷിനെ വിവരം അറിയിച്ചത്.

കോട്ടയം

കോട്ടയം കടപ്ലാമറ്റം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം.,ലക്ഷങ്ങളുടെ നഷ്ട്ടം

കോട്ടയം : കടപ്ലാമറ്റം  വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാ‍ർ ചേർന്ന് രക്ഷാപ്രവ‍ർത്തനം നടത്തിയെങ്കിലും തീ ആളിപ്പടർന്നു..ഏറ്റുമാനൂര്‍ സ്വദേശി ടി.വി ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്നത്. സമീപവാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്ത പുകയും ചൂടും കാരണം തീ കെടുത്താന്‍ വലിയ പ്രയാസം അനുഭവപ്പെട്ടു. സ്ഥാപനം ഏകദേശം പൂ‍ർണമായും കത്തി നശിച്ചു. ഒരു കോടിയിലധികം രൂപായുടെ  നഷ്ടമുണ്ടായതായാണ് സൂചന. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി.

കോട്ടയം

കോട്ടയം മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം: മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. പുലർച്ചെ 12.30നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറയുന്നു.

കോട്ടയം

പാസ്പോർട്ട് സേവാകേന്ദ്രം പാലായിൽ ആരംഭിക്കണം: മാണി സി കാപ്പൻ

പാലാ: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം നിർത്തലാക്കിയ പശ്ചാത്തലത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ പാലായിൽ പാസ്പോർട്ട് കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പ്രവാസകാര്യമന്ത്രി, ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ എന്നിവർക്കു നിവേദനം നൽകിയിരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും നടത്തിയിരുന്നു. എന്നാൽ കോട്ടയം പാർലെമെൻ്റ് നിയോജക മണ്ഡലത്തിൽ ഒരു പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്നതിനാൽ അപേക്ഷ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചിരുന്നു. പാലാ ഹെഡ് പോസ്റ്റോഫീസിൽ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊൻകുന്നം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും ഇടുക്കി ജില്ലയിലെ കുമളി,പീരുമേട്, ഏലപ്പാറ,വാഗമൺ,മൂലമറ്റം,തൊടുപുഴ, മേഖലയിൽ ഉള്ളവർക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മണിമല പ്രദേശങ്ങളിൽ ഉള്ളവർക്കും എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പിറവം ഇലഞ്ഞി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ കേന്ദ്രത്തിൽ എളുപ്പത്തിൽ എത്തിചേരുന്നതിനും സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഇപ്പോൾ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിൽ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ നിർദേശിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലുള്ളവർ തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആളുകൾക്കു ദുരിതമാണ്. അവിടെ തിരക്കു വർദ്ധിക്കുമ്പോൾ സമയം ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.