വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലായിൽ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേല്പിച്ചു; ഇടമറ്റം സ്വദേശികൾക്കായി തിരച്ചിൽ

പാലായിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയെ നാലു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടമറ്റം മുകളേൽപീടിക ഈഴവർ മറ്റത്തിൽ ജിബിനാണ്(18) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 നായിരുന്നു സംഭവം. ഇടമറ്റം സ്വദേശികളും കണ്ടാൽ അറിയുന്നവരുമാണ് തന്നെ ആക്രമിച്ചതെന്ന് ജിബിൻ പറയുന്നു.പാലായിലെ ട്രോണിക്‌സ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ജിബിൻ പഠിക്കുന്നത്. സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം. സ്ഥാപനത്തിലെ അധ്യാപകർ ചേർന്നാണ് ജിബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൽമുട്ടിനും തലക്കും പരിക്കേറ്റിട്ടുണ്ട് .പാലാ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

കോട്ടയം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവതി മരണപ്പെട്ടു; ആരോപണവുമായി കുടുംബം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ ഒരു യുവതി മരിച്ചതായി ബന്ധുക്കൾ പരാതി നൽകി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിലെ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്.ശാലിനി കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് ഗൈനകോളജി വിഭാഗത്തിൽ D & C പരിശോധനക്ക് എത്തി. B.P, ഷുഗർ അല്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച ശാലിനിക്ക് ഗുളിക നൽകിയതിന് 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് പെട്ടെന്ന് അബോധാവസ്ഥയിൽ കിടക്കുകയും ചെയ്തു.ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും, പുലർച്ചെ 5 മണിയോടെ ആശുപത്രി അധികൃതർ മരിച്ചു എന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ പരാതിയിൽ, ശാലിനി മരണം ആശുപത്രിയിലെ ചികിത്സാ പിഴവ് സംഭവിച്ചതായി കാണിച്ച് ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കോട്ടയം

ആരോഗ്യവകുപ്പിൻ്റെ അറിയിപ്പ്

സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. അണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ അസുഖം മൂര്‍ച്ഛിക്കുകയും ലക്ഷണങ്ങള്‍ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുകയും ചെയ്യും. മൂക്കില്‍ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികള്‍ വഴിയാണ് അമീബ തലച്ചോറില്‍ എത്തുന്നത്. തലച്ചോറിലെ ചില രാസവസ്തുക്കള്‍ വളരെ വേഗം ഭക്ഷണമാക്കുന്നതിനാല്‍ തലച്ചോര്‍തീനി അമീബകള്‍ എന്നും ഇവ അറിയപ്പെടുന്നു.  പ്രാഥമിക ലക്ഷണങ്ങള്‍   പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.  ഗുരുതര ലക്ഷണങ്ങള്‍   അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്ന് കഴിച്ചിട്ടും   മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവര്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ   വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. സ്വയംചികിത്സ പാടില്ല  പ്രതിരോധിക്കാം   വൃത്തിയില്ലാത്ത കുളങ്ങള്‍/ജലാശയങ്ങള്‍, പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷന്‍ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ മുഖം   കഴുകുകയോ ചെയ്യരുത്. നീന്തുമ്പോള്‍ വെള്ളം മുക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. നോസ് പ്ലഗുകള്‍ ഉപയോഗിക്കുകയോ മൂക്കിലൂടെ വെള്ളം   കടക്കാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക. മൂക്കിലോ ചെവിയിലോ ഓപ്പറേഷന്‍ കഴിഞ്ഞവരും ചെവിയില്‍ പഴുപ്പുള്ളവരും മലിനമായ വെള്ളത്തില്‍ ഇറങ്ങരുത്, കിണര്‍ വെള്ളം   നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ടാങ്കുകള്‍ കഴുകിവെള്ളം ക്ലോറിനേറ്റ്   ചെയ്ത് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കോട്ടയം

പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

പൊൻകുന്നം ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്.രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ച സ്കൂട്ടർ  ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തെ തുടർന്ന് അനൂപിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു അപകടം

കോട്ടയം

ഇടമറുക് വനിത ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25, 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസിന്റെ നിർദേശപ്രകാരം പണിപൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന വനിത ഫിറ്റ്നസ് സെന്ററിൽ പ്രമേഹം, പ്രഷർ, പക്ഷാഘാതം, തുടങ്ങിയ ജിവിതശൈലി രോഗങ്ങൾ മൂലം ഉണ്ടാകുന്ന ശാരീരിക ബലക്ഷയങ്ങൾ പരിഹരിക്കുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് ആവശ്യമുള്ള ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൈലാസം പ്രോഗ്രസ്സീവ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൈനി ജോസ്, ജെറ്റോ ജോസ് (ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ), സാജൻ എ (സെക്രട്ടറി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, അനൂപ് കെ കുമാർ (സി.പി.എം ലോക്കൽ സെക്രട്ടറി), ടി.ജെ ബഞ്ചമിൻ (കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്), ഷാജി ജോസഫ് (സി.പി.ഐ ലോക്കൽ സെക്രട്ടറി), ടിറ്റോ ടി മാത്യു (കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ്), അരുൺദേവ്, മാത്യു ജോസഫ്, വിജയകുമാർ, റോയി ജോൺ പിണക്കാട്ട് (പ്രോഗ്രസ്സീവ് ലൈബ്രറി സെക്രട്ടറി) തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പ്രോഗ്രസ്സീവ് ലൈബ്രറി മ്യൂസിക് ക്ലബ്ബ് അംഗങ്ങളുടെ ഗാനമേളയും ഉണ്ടായിരുന്നു.

കോട്ടയം

കോട്ടയം കുറവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം കുറവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ 18ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

കോട്ടയം

പാലാ കൊച്ചിടപ്പാടിയിൽ റോഡ് കുറുകെ കടക്കവേ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരണമടഞ്ഞു

പാലാ കൊച്ചിടപ്പാടിയിൽ റോഡ് കുറുകെ കടക്കവേ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരണമടഞ്ഞു... മൂന്നാനി ഉള്ളാട്ടിൽ ജോസ് ജോസഫ് (ജോണി 72) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കൊച്ചിപ്പാടി ഐഎംഎ ജംങ്ഷനിൽ ഇന്നലെ 1.45നായിരുന്നു അപകടം. ജോസ് ജോസഫിനെ ഇടിച്ചിട്ട ശേഷം നിർത്താതെ ഓടിച്ചു പോയ ബൈക്ക് പിന്നീട് കോടതി ജംഗ്ഷനിലും അപകടത്തിൽപ്പെട്ടു. പാലാ പൊലിസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം

ഈരാറ്റുപേട്ട നഗരസഭയിൽ ഡയപ്പർ മാലിന്യം സംസ്കരിക്കാൻ സംവിധാനം

ഈരാറ്റുപേട്ട: ആക്രി ആപ്പുമായി നഗരസഭ കൈകോർത്ത്, സാനിറ്ററി പാഡുകൾ, ബേബി ഡയപ്പറുകൾ, യൂറിൻ ബാഗുകൾ, ട്യൂബുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, മരുന്നുകൾ, ഗ്ലൗസുകൾ, മാസ്കുകൾ തുടങ്ങിയ മാലിന്യം സംസ്കരിക്കാൻ നഗരസഭയിൽ സംവിധാനമായി. ഇതിനായി സംസ്ഥാന മാലിന്യ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിരമായി പ്രവർത്തിക്കുന്ന അക്രി ആപ്പുമായി നഗരസഭ കൈകോർക്കുന്നു. ശുചിത്വ മിഷൻ അംഗീകൃത ഗാർഹിക സാനിറ്ററി മാലിന്യം ശേഖരിക്കുന്ന സ്ഥാപനമാണ് ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ്. അടുത്ത ദിവസം മുതൽ നഗരസഭ പ്രദേശത്ത് ഇത്തരത്തിലുള്ള മാലിന്യ ശേഖരങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏജൻസി ആരംഭിക്കുമെന്ന്, ക്ലിൻ സിറ്റി മാനേജർ ടി. രാജൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിശ്വൻ പി.എസ് എന്നിവർ അറിയിച്ചു. ടോൾ ഫ്രീ നമ്പറായ 0803140504 ലോ വാട്സപ്പ് നമ്പറായ 7591911110 ലോ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിൽ എത്തി ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കും. തുടർന്ന് അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും. ഡയപ്പർ മാലിന്യ ശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിർവ്വഹിക്കും, ചടങ്ങിന് വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ അധ്യക്ഷത വഹിക്കും, ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ സ്വാഗതമാശംസിക്കും. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗസിലർമാർ എന്നിവർ സംബന്ധിക്കും.