വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പൂഞ്ഞാർ മലയിഞ്ചിപ്പാറ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

പൂഞ്ഞാർ: പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികൾക്ക് ഇന്നലെ സ്‌കൂളിൽ വിര ഗുളിക നൽകിയിരുന്നതായി അധ്യാപകർ പറഞ്ഞു. അതാണോ അസ്വസ്ഥതക്ക് കാരണമെന്നും പരിശോധിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് പയറും മോരുമാണ് ചോറിനൊപ്പം നൽകിയിരുന്നത്. ഇതിൽ ഏതെങ്കിലും ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണോ കുട്ടികളിൽ അസ്വസ്ഥത ഉണ്ടാക്കിയതെന്ന് കാര്യം പരിശോധിക്കുന്നുണ്ട്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സ്ഥിരീകരണം നൽകുന്നില്ല. കൂടുതൽ പരിശോധനക്ക് ശേഷമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ.

കോട്ടയം

അത്‌ലറ്റിക്‌സിൽ ഇരട്ടനേട്ടങ്ങൾ സ്വന്തമാക്കി പൂഞ്ഞാർ സ്വദേശിനി ചിന്നമ്മ ജോസഫ് വട്ടോത്ത് .

പൂഞ്ഞാർ :അത്‌ലറ്റിക്‌സിൽ ഇരട്ടനേട്ടങ്ങൾ സ്വന്തമാക്കി പൂഞ്ഞാർ സ്വദേശിനി ചിന്നമ്മ ജോസഫ് വട്ടോത്ത് .വെറ്ററൻസ് അത്‌ലറ്റിക്‌സ് രംഗത്ത് 70+ വിഭാഗത്തിൽ ശ്രദ്ധേയമായ ഇരട്ടനേട്ടങ്ങൾ സ്വന്തമാക്കി പൂഞ്ഞാർ പയ്യാനിത്തോട്ടം സ്വദേശി ചിന്നമ്മ ജോസഫ് വട്ടോത്ത്. വെറ്ററൻസ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ (VAF) സംഘടിപ്പിച്ച ആദ്യ കേരള സ്റ്റേറ്റ് വെറ്ററൻസ് അത്‌ലറ്റിക്‌സ് മെഗാ ചാമ്പ്യൻഷിപ്പ് 2025 കുന്നംകുളം ജി.എം.ബി.എച്ച്.എസ്.എസ് സിന്തറ്റിക് സ്റ്റേഡിയത്തിൽ ഡിസംബർ 20, 21 തീയതികളിൽ നടന്ന മത്സരങ്ങളിലാണ് 1 കിലോമീറ്റർ വാക്ക്, 100, 200, 400 മീറ്റർ ഓട്ടങ്ങൾ, 4×100, മീറ്റർ റിലേ എന്നീ ഇനങ്ങളിലൊക്കെയും ഒന്നാം സ്ഥാനം നേടി. ഇതിന് പിന്നാലെ മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 44-ാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് ഇടുക്കി, നെടുംകണ്ടത്തിൽ, 2026 ജനുവരി 3, 4 തീയതികളിൽ നടന്നപ്പോൾ 70+ വിഭാഗത്തിൽ പങ്കെടുത്ത ചിന്നമ്മ ജോസഫ് വട്ടോത്ത് 200 മീറ്റർ, 400 മീറ്റർ ഓട്ടങ്ങളിൽ ഒന്നാം സ്ഥാനം, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം, 4×100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം എന്നിവയും നേടി തുടർച്ചയായ മികവ് തെളിയിച്ചു.

കോട്ടയം

പൂഞ്ഞാര്‍ തെക്കേക്കര ടൗണിലൂടെ അലഞ്ഞുതിരിയുന്ന ആടുകള്‍ വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു.

പൂഞ്ഞാർ :പൂഞ്ഞാര്‍ തെക്കേക്കര ടൗണിലൂടെ അലഞ്ഞുതിരിയുന്ന ആടുകള്‍ വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. മുപ്പതിലധികം ആടുകളാണ് ദിവസവും ടൗണിലേയ്‌ക്കെത്തുന്നത്. ടൗണിനോട് ചേര്‍ന്നു താമസിക്കുന്ന വിദേശ വനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആടുകള്‍. നഗരത്തില്‍ അലയുന്ന ഇവ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ തിന്നുനശിപ്പിക്കുന്നതായും റോഡരികുകളിലെ പുരയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്നതായും വ്യാപക പരാതിയാണ് ഉയരുന്നത്.  ആടുകള്‍ കൂട്ടത്തോടെ പൂഞ്ഞാര്‍ ടൗണ്‍ കീഴടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വാഴക്കുലയോ പച്ചക്കറികളോ കടയ്ക്ക് പുറത്ത് വയ്ക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍. കാല്‍നടയാത്രികര്‍ക്കും എല്ലാവിധ വാഹനയാത്രികര്‍ക്കും ഇവ ഒരുപോലെ ശല്യമായി മാറിക്കഴിഞ്ഞു. ഉടമസ്ഥയോട് പലതവണ പരാതികള്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.  വ്യാപാരികളും വ്യക്തികളും പഞ്ചായത്തില്‍ പരാതി നല്കിയിട്ടും കാര്യമായ നടപടികളുണ്ടായില്ല. സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്തോഫീസിന് മുന്നില്‍ മാസങ്ങള്‍ക്ക് മുന്‍പ് സമരവും നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ക്ക് വരെ പരാതി പോയിരുന്നു. വിഷയത്തില്‍ റവന്യൂ അധികാരികളോട് അടക്കം ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

കോട്ടയം

റിപോര്‍ട്ടര്‍ ടിവി ചാനലിലെ റിപോര്‍ട്ടറെ തീവ്രവാദിയെന്ന് വിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: റിപോര്‍ട്ടര്‍ ടിവി ചാനലിലെ റിപോര്‍ട്ടറെ തീവ്രവാദിയെന്ന് വിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയോട് ചോദ്യം ഉന്നയിച്ച റഹീസ് റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. '' വന്ന ആള്‍ ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫാണ്. അവന്‍ തീവ്രവാദിയാണ്. മുസ്‌ലിംകളുടെ വലിയ വക്താവാണ്. അവനെ ആരോ പറഞ്ഞ് അയച്ചതാണ്....''-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നോട് മര്യാദയില്ലാതെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ടതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഞാന്‍ ഇത്രയും പ്രായമുള്ള ആളാണ്. സംസാരിക്കുമ്പോള്‍ മര്യാദ കാണിക്കണ്ടേ, പ്രതിനിധികളോട് അവര്‍ മര്യാദ കാണിക്കണ്ടേ, മൈക്ക് തട്ടി മാറ്റി എന്നത് സത്യമാണ്. ഈ ചാനല്‍ എന്റെ ചോരകുടിക്കുന്നു, അവര്‍ ആത്മപരിശോധന നടത്തട്ടെ....ചില സത്യങ്ങള്‍ പറഞ്ഞാല്‍ മതവിദ്വേഷം ഉണ്ടാക്കാനണ് ശ്രമം.''-വെള്ളാപ്പള്ളി പറഞ്ഞു. തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചപ്പോള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വെള്ളാപ്പള്ളി മറുപടി പറഞ്ഞു. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞതില്‍ എന്താണ് ഇത്രയും വലിയ പ്രശ്‌നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. '' ഞാന്‍ കണക്കുവച്ചാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് സ്ഥാപനം ഉണ്ടെന്ന് കാന്തപുരം പറഞ്ഞു. അതേ, ഒരു അണ്‍ എയ്ഡഡ് കോളജ് ഉണ്ട്. ലീഗുകാര്‍ക്ക് 48 അണ്‍ എയ്ഡഡ് കോളജുകളുണ്ട്. പതിനേഴ് എയ്ഡഡ് കോളജുകളുണ്ട്. ഞാന്‍ അവരെയും വെല്ലുവിളിക്കുന്നു. ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം. പകരം എന്നെ മതവിദ്വേഷിയാക്കി.....മുസ്‌ലിം സമൂഹത്തെ മുഴുവന്‍ ഈഴവ സമുദായത്തിന് എതിരാക്കാന്‍ ശ്രമം നടക്കുകയാണ്.''-വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു.

കോട്ടയം

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്.   കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.  

കോട്ടയം

തൊടുപുഴ ഒളമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് പോസ്റ്റിലിടിച്ച് അപകടം

തൊടുപുഴ: ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ഓടുന്ന ക്യാപ്റ്റൻ എന്ന സ്വകാര്യ ബസ്സാണ് രാവിലെ ആറേമുക്കാലിന് ഒളമറ്റത്ത് വച്ച് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടെങ്കിലും ആളപായം ഇല്ല.

കോട്ടയം

തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം: 50 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട : തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും  50 ലക്ഷം രൂപ അനുവദിച്ചതായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പ്രസ്തുത തുക ഒന്നാം ഘട്ടമായി അനുവദിച്ചതാണെന്നും തുടർന്ന് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പൂർണ്ണമായും ഒരു കെട്ടിടത്തിൽ പ്രത്യേകമായി പ്രവർത്തിക്കുന്നതിന്  സൗകര്യം ഒരുക്കത്തക്ക വിധം കെട്ടിടം വിപുലീകരിക്കുമെന്നും അതിനായി ആവശ്യമായി വരുന്ന അധിക തുക കൂടുതലായി അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ക്ലാസ് റൂമുകൾ കൂടാതെ ലാബ് സൗകര്യവും വർക്ക്ഷെഡും കൂടി ആവശ്യമുണ്ട്. കൂടാതെ നിലവിൽ  ജനറൽ ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളും തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ചിട്ടുണ്ട്.  ഈ കോഴ്സുകൾക്കായി  25 ലക്ഷം രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട് ഈ കോഴ്സുകൾ ഉൾപ്പെടെ ലൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയത്തിൽ നടത്താൻ ഉപകരിക്കും വിധം പുതിയ കെട്ടിടം രൂപകല്പന ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനായി ഉടൻ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

മുൻ കടുത്തുരുത്തി എം.എൽ.എ പി.എം. മാത്യു നിര്യാതനായി

കോട്ടയം: കടുത്തുരുത്തി മുൻ എം.എൽ.എ ആയിരുന്ന പി.എം. മാത്യു (75) നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യംകടുത്തുരുത്തി അരുണാശ്ശേരിയിലെ വീട്ടിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) സംസ്ക്കാരം നടക്കും. 1991 ലാണ് പി.എം. മാത്യു കടുത്തുരുത്തിയിൽ നിന്നും മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത്. തുടർന്ന് ജേക്കബ് ഗ്രൂപ്പിലേക്കും പിന്നീട് കോൺഗ്രസിലെത്തുകയും ചെയ്തു.1996 ൽ നടന്ന തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് പി.സി. തോമസ് എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചപ്പോൾ മോൻസ് ജോസഫ് എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു എം.എൽ.എ ആയി. ഏറെ നാളായി കിഡ്‌നി, കരൾ രോഗ ബാധിതനായിരുന്നു. ഒരു കാലത്ത് കേരളത്തിലെ തന്നെ ഉജ്വല പ്രസംഗികനായിരുന്നു പി.എം. മാത്യു.കഴിഞ്ഞ മേയ് മാസം രൂപീകരിച്ച നാഷണൽ ഫാർമേഴ്‌സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചത്. എക്സ് എം.എൽ.എ ഫോറം സംസ്ഥാന വർക്കിംഗ് ചെയർമാനായിരുന്നു.ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാർ (കടുത്തുരുത്തി). മക്കൾ: അനു പി. മാത്യു (അസോസിയേറ്റ് പ്രഫസർ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ജു മാത്യു, അരുൺ മാത്യു (ഇരുവരും സിംഗപ്പൂർ)