ലഹരിയ്ക്കെതിരെ പോരാടാനൊരുങ്ങി ഈരാറ്റുപേട്ട; ലഹരി വിരുദ്ധ പാർലമെൻറ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഈരാറ്റുപേട്ടയിലെ സംയുക്ത മഹല്ല് ജമാഅത്തിൻ്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ സംഘടിപ്പിച്ച ലഹരി വിരുദ്ധ പാർലമെൻറ് ശ്രദ്ധേയമായി. ഈരാറ്റുപേട്ട നഗരസഭയെ ലഹരി മുക്തമാക്കാൻ ജനകീയ പങ്കാളിത്തത്തോടു കൂടി പ്രദേശത്തെ എണ്ണായിരം വീടുകളിൽ നേരിട്ട് സന്ദർശനം നടത്തുന്നതിൻ്റെ മുന്നൊരുക്കമായിരുന്നു ലഹരി വിരുദ്ധ പാർലമെൻറ്.ഇതിനായി 5 അംഗങ്ങൾ വീതമുള്ള 200 സ്ക്വാഡുകൾ രൂപീകരിക്കാനാണ് തീരുമാനം. 50 വീടുകൾ വീതമുള്ള 160 ക്ളസ്റ്ററുകളിൽ അവബോധ കുടുംബയോഗങ്ങൾ നടത്തും.10 വീടുകൾക്ക് 2 പേർ എന്ന തോതിൽ നിരീക്ഷകരെയും ഏർപ്പെടുത്തും.കൗൺസിലിംഗ്, ഡി അഡിക്ഷൻ ചികിൽസ, ശാക്തീകരണ സദസ്സുകൾ, ഡോക്കുമെൻ്ററി പ്രദർശനങ്ങൾ കൂടാതെ പുനരധിവാസ സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിക്കും. ലഹരി വിരുദ്ധ പാർലമെൻറ് നയപ്രഖ്യാപന സമ്മേളനത്തിൽ നൈനാർ പള്ളി മഹല്ല് പ്രസിഡന്റ് പി. ഇ മുഹമ്മദ് സക്കീർ അദ്ധ്യക്ഷത വഹിച്ചു.റിട്ട: ജില്ലാ ജഡ്ജി ബി.വിജയൻ പാർലമെന്റ് ഉദ്ഘാടനം ചെയ്തു.ഡോ. റോയി അബ്രാഹം കള്ളിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസീഡിയം അംഗങ്ങളായ ഇമാംഅഷറഫ് മൗലവി, ഇമാം സുബൈർ മൗലവി, ഇമാം ഷിഹാബ് മൗലവി, ഹാഷിർ നദ് വി ,നൗഫൽ ബാഖവി, നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇൽയാസ്', കെ.ഇ.പരീത്, അഫ്സർ പുള്ളോലിൽ, അബ്ദുൽ വഹാബ്', മജീദ് വട്ടക്കയം, പി.എസ്.ഷഫീക്ക്, പി.പി.എം.നൗഷാദ് ,ത്വൽഹാ നദ്‌വി, എ.എം.റഷീദ് എന്നിവർ സംസാരിച്ചു.