വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

തീക്കോയിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തീക്കോയിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയീട്ടി കുട്ടിയാനിക്കൽ സോണിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്.. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പറയുന്നു. സമീപത്തെ ഹോട്ടലിൽ ജീവനക്കാരൻ ആയിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

കോട്ടയം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ചേതൻകുമാർ മീണ കോട്ടയം കളക്ടർ.

തിരുവനന്തപുരം: ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ.തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി.

പ്രാദേശികം

കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരന് നേരെ പ്രതി കത്തി വീശി.

ഈരാറ്റുപേട്ട :കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരന് നേരെ പ്രതി കത്തി വീശി. കത്തികൊണ്ട് പോലീസുകാരന് പരിക്കേറ്റു. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് ഈരാറ്റുപേട്ട സ്റ്റേഷനിലെ സി പി ഒ ശ്രീജേഷിനെയാണ് ആക്രമിച്ചത് ഈ മാസം കാപ്പ ചുമത്തിയ പ്രതി വീട്ടിലുണ്ട് എന്നറിഞ്ഞ് എത്തിയ പോലീസിന് നേരെ കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റ സിപിഓ ശ്രീജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. ജില്ലയിൽ നിന്നും നാടുകടത്തിയ ഇയാൾ, വിലക്ക് ലംഘിച്ചാണ് വീട്ടിലെത്തിയത്.

പ്രാദേശികം

എം. ഇ. എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്എസ് 2024-2025 ബാച്ചിലെ വോളന്റീർസ്‌ന് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു

ഈരാറ്റുപേട്ട ; എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഐഷാ സാലി.എസ് ന്റെ നേതൃത്വത്തിൽ ചേർന്ന പരുപാടി പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്‌.വി.എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോമേഴ്‌സ് വിഭാഗം മേധാവി രജിത. പി. യു, കമ്പ്യൂട്ടർ സയൻസ് മേധാവി ഷഫന സക്കീർ, എൻ. എസ്. എസ് പ്രോഗ്രാം അസിസ്റ്റന്റ് ഓഫീസർ ഫാത്തിമ ഷുക്കൂർ, വോളന്റീർ സെക്രട്ടറി റൈഹാൻ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സെക്രട്ടറി അസിസ്റ്റന്റ് ഫാത്തിമ റഷീദ് നന്ദി പറഞ്ഞു.

പ്രാദേശികം

തിരഞ്ഞെടുപ്പ് സർവ്വേ : കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററും അരുവിത്തുറ കോളേജും തമ്മിൽ ധാരണ പത്രം ഒപ്പിട്ടു.

അരുവിത്തുറ: കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററുമായി അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കേരളത്തിൽ ഈ വർഷം നടക്കുന്ന പഞ്ചായത്ത്‌, നിയമസഭ ഉൾപ്പടെയുള്ള ഭാവി തിരഞ്ഞെടുപ്പുകൾ അടിസ്ഥാനമാക്കിയുള്ള പ്രീ പോൾ/ എക്‌സിറ്റ് പോൾ സർവ്വേകൾ സംഘടിപ്പിക്കാൻ  അരുവിത്തുറ കോളേജിന് സാധിക്കും. അതോടൊപ്പം വിദ്യാർത്ഥികൾക്ക് വിവിധ രാഷ്ട്രീയ-സാമൂഹിക ആഘാത പഠനങ്ങൾ സംഘടിപ്പിക്കാനുള്ള പരിശീലനവും കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർവ്വേ റിസർച്ച് സെന്റർ നൽകും.  നാല് വർഷം കാലാവധിയുള്ള ഈ ധാരണാപത്രത്തിലൂടെ രാഷ്ട്രീയ വിശകലനങ്ങളും, ഗവേഷണ അഭിരുചികളും പരിപോഷിപ്പിക്കുന്നതിനുള്ള ഇന്റേൺഷിപ്പുകൾ, സെമിനാറുകൾ എന്നിവ ഇരു സ്ഥാപനങ്ങളും പരസ്പര സഹകരണത്തോടെ സാധ്യമാക്കും. അരുവിത്തുറ സെന്റ് ജോർജസ് കോളേജിന്റെ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫും കേരള സർവകലാശാലയുടെ സർവ്വേ റിസർച്ച് സെന്റർ ഡയറക്ടറും, പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയുമായ പ്രൊഫ. ഡോ. ജോസുകുട്ടി സി എയും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്. അരുവിത്തുറ കോളേജിന് വേണ്ടി ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം എന്നിവർ ധാരണാപത്രം സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകി.

കോട്ടയം

പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേയ്ക്കു ഇടിച്ചു കയറി;

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറി. ഡ്രൈവർ ചുഴലി ബാധിച്ച് കുഴഞ്ഞ് വീണതിനെ തുടർന്നാണ് സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാൻഡിലേയ്ക്കു പാഞ്ഞു കയറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന മൈബസ് ആണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഇറങ്ങിയ ബസ് അതിവേഗം നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷാ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിന്നും ഓട്ടോഡ്രൈവർമാർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. പാമ്പാടി പൊലീസ് സ്ഥലത്ത് എത്തി.

കോട്ടയം

പറഞ്ഞ സമയത്ത് കാർ നൽകിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കോട്ടയം: വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു നൽകാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപഭോക്താവിനു നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം കുടമാളൂർ സ്വദേശിയായ ഋഷികേശ് നൽകിയ പരാതിയിലാണ് നടപടി.2022 ജൂൺ ഒന്നിന് തെള്ളകത്തു പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൽ 10000 രൂപ അഡ്വാൻസ് നൽകി കറുപ്പു നിറത്തിലുള്ള വെർണ ഡീസൽ കാർ ബുക്കു ചെയ്തിരുന്നു. എന്നാൽ ഡെലിവറി തീയതിയിൽ വാഹനം നൽകിയില്ല. ഇതുമൂലം പരാതിക്കാരന് വിവാഹാവശ്യത്തിനായി കാർ വാടകയ്ക്കെടുക്കേണ്ടിവന്നു.  2023 ആദ്യം കമ്പനി ഈ മോഡൽ കാറുകളുടെ വിൽപന നിർത്തലാക്കിയെങ്കിലും പരാതിക്കാരനെ അറിയിക്കുകയോ അഡ്വാൻസ് തുക തിരിച്ചുനൽകുകയോ ചെയ്തില്ല. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. ഡെലിവറി തീയതി താത്കാലികമായി മാത്രമേ നൽകിയിട്ടുള്ളൂവെന്നും ബുക്ക് ചെയ്ത വേരിയന്റ് നിർത്തലാക്കിയ കാര്യം പരാതിക്കാരനെ കൃത്യമായി അറിയിച്ചിരുന്നുവെന്നുമുള്ള എതിർകക്ഷികളുടെ വാദം തെളിവുകളില്ലാത്തതിനാൽ കമ്മിഷൻ അംഗീകരിച്ചില്ല. വാഹനത്തിന്റെ നിർമാണം നിർത്തുന്ന വിവരം ഡീലറെ മുൻകൂട്ടി അറിയിക്കുകയും ബുക്കിംഗ് സ്വീകരിക്കരുതെന്നു നിർദ്ദേശിക്കുകയും ചെയ്യേണ്ടിയിരുന്നെന്നും ഡീലറുടെ വീഴ്ചകൾക്ക് വാഹന നിർമാതാവായ ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് പൂർണമായും ബാധ്യസ്ഥരാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. പരാതിക്കാരന്റെ സമ്മതമോ മുൻകൂർ അറിയിപ്പോ ഇല്ലാതെ ഏകപക്ഷീയമായി ഓർഡർ റദ്ദാക്കിയത് സേവനം നൽകുന്നതിലെ പോരായ്മയും അനുചിത വ്യാപാര നയമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഡീലറായ പോപ്പുലർ ഹ്യൂണ്ടായ് അഡ്വാൻസ് തുകയായ 10000 രൂപ പണം നൽകിയ തീയതി മുതൽ 12 ശതമാനം നിരക്കിൽ തിരികെ നൽകണമെന്നും പരാതിക്കാരനുണ്ടായ മാനസിക വേദനയ്ക്കും അസൗകര്യത്തിനും നഷ്ടപരിഹാരമായി ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ നൽകണമെന്നുമാണ് അഡ്വ. വി.എസ്. മനുലാൽ പ്രഡിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

കോട്ടയം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്: മതേതര ഇന്ത്യക്ക് അപമാനം - പി.ഡി.പി

കോട്ടയം: മനുഷ്യകടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യ മതേതര ഇന്ത്യക്ക് അപമാനമാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ്. നൗഷാദ് പറഞ്ഞു. ആരോഗ്യപരമായും വിദ്യാഭ്യസപരമായും വളരെ പിന്നോക്കാവസ്ഥയും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ദുരിതത്തിൽ കഴിയുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മനുഷ്യത്വത്തിന്റെ പേരിൽ വീടും നാടും മറന്ന് പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെ വർഗ്ഗീയതയുടെയും മത വിദ്വേഷത്തിന്റെയും അധികാര ഭ്രാന്തിന്റെയും പേരിൽ അപമാനിക്കുന്നതും ആക്ഷേപിക്കുന്നതും കള്ളകേസുകൾ സൃഷ്ടിച്ച് അറസ്റ്റു ചെയ്യുന്നതും അംഗീകരിക്കാൻ ആവില്ല. ഇതിനെതിരെ രാജ്യവ്യാപകമായി പൊതു സമൂഹം പ്രതിഷേധം തീർക്കണമെന്നും നൗഷാദ് അഭ്യർഥിച്ചു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റ മാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നൗഷാദ് ചൂണ്ടിക്കാട്ടി. പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നിഷാദ് നടക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.എ. സക്കരിയാ, എം.എ. അക്ബർ, പി.കെ. അസിം, സക്കീർ കളത്തിൽ, അൻസർഷാ കുമ്മനം എന്നിവർ പ്രസംഗിച്ചു.