വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു

തിരുവനന്തപുരം : തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. ഇനി സാധാരണ തപാലും സ്പീഡ്പോസ്റ്റ് മാത്രമാണ് ഉണ്ടാവുക. രജിസ്ട്രേഡ് തപ്പാൽ സ്പീഡ് പോസ്റ്റിലായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദുഷ്യന്ത് മൃദ്ഗൽ പറഞ്ഞു. തപാൽ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും ഇതിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി ഡയറക്ടർ പറഞ്ഞു. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. രജിസ്ട്രേഡ്പോസ്റ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തുകയാണ് ഇനി മുതൽ വേണ്ടത് എന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിർദ്ദേശിച്ചു.

കേരളം

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം:  സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിൽ ഒന്നായ ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്‌സിനേഷൻ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. 9 മുതൽ 14 വയസുവരെ എച്ച്പിവി വാക്‌സിൻ ഏറ്റവും ഫലപ്രദമാണെങ്കിലും, 26 വയസുവരെ ഇത് നൽകാവുന്നതാണ്. വാക്‌സിനേഷൻ മുഖേന ഗർഭാശയഗള കാൻസർ തടയാൻ സാധിക്കുമെന്നതിനാൽ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനം സുപ്രധാന തീരുമാനത്തിലെത്തിയതായി മന്ത്രി വ്യക്തമാക്കി. ‘കാൻസർ മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കാൻ ആരോഗ്യ വകുപ്പ് വൻതോതിൽ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എച്ച്പിവി വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിപുലമായ അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് അവബോധ സന്ദേശങ്ങൾ തയ്യാറാക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധ പരിപാടികൾ നടത്തും. രക്ഷിതാക്കൾക്കും ഇതിന്റെ ഭാഗമായി ബോധവൽക്കരണം നൽകും.

കേരളം

മുണ്ടക്കൈ-ചൂരൽമല ഉരുപൊട്ടൽ; പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’

മുണ്ടക്കൈ-ചൂരൽമല ഉരുപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും. മേപ്പാടി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മറ്റന്നാൾ ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് ഇന്ന് യോഗം ചേർന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള 64 സെന്റെ് ഭൂമിയിലാണ് മരിച്ചവർക്കായി അന്ത്യവിശ്രമം ഒരുക്കിയത്. പ്രദേശവാസികളുടെ വൈകാരിക ആവശ്യം പരിഗണിച്ച് ഹാരിസൺ മലയാളം 64 സെന്റ് സ്ഥലം ശവസംസ്‌കാരത്തിനായി വിട്ടുനൽകുകയായിരുന്നു. സർവമത പ്രാർഥനയോടെയായിരുന്നു മൃതദേഹങ്ങൾ‌ സംസ്കരിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞവർഷം ജൂലൈ 30നായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾ‌പൊട്ടൽ ഉണ്ടായത്. സർക്കാരിന്റെ ഔദ്യോഗികക്കണക്ക് അനുസരിച്ച് ചൂരൽമലയിൽ നിന്ന് 151 മൃതദേഹങ്ങളും 44 ശരീരഭാഗങ്ങളും ലഭിച്ചു. നിലമ്പൂരിൽ നിന്ന് 80 മൃതദേഹങ്ങളും 177 ശരീരഭാഗങ്ങളും ലഭിച്ചു. മൊത്തം 452 മരണങ്ങളാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.  

പ്രാദേശികം

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ജോലി നേടി സ്വപ്ന നേട്ടം സ്വന്തമാക്കി ഈരാറ്റുപേട്ട സ്വദേശി

ഈരാറ്റുപേട്ട: ബ്രിട്ടനിലെ ലോക പ്രശസ്ത യൂണിവേഴ്സിറ്റിയായ കേംബ്രിഡ്ജിൽ എക്സാമിനേഷൻ പ്രോസസിംഗ് അഡ്മിസ്ട്രേറ്റർ ജോലി നേടി ഈരാറ്റുപേട്ട സ്വദേശി. നടക്കൽ മസ്ജിദുൽ ഹുദാ ഇമാം ഹുദാ മസ്ജിദ് ഇമാം ഉനൈസ് മൗലവിയുടെയും താഹിറയുടെയും മകനായ മുഹമ്മദ് അബാനാണ് കേംബ്രിഡ്ജിൽ ജോലി നേടി നാടിന് അഭിമാനമായത്. കേംബ്രിഡ്ജിലെ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ തസ്തികയിലാണ് മുഹമ്മദ് അബാന് ജോലി ലഭിച്ചത്.ഏറെ കൃത്യതയും സൂഷ്മതയും വേഗതയും അവശ്യമുള്ള ജോലിയാണിത്. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ ശേഷിയും എഴുത്തു ശേഷിയുമുള്ള സംഘാടക ശേഷിയും ടൈം മാനേജ്മെന്റുമുള്ള, ജോലിയുടെ സമ്മർദങ്ങൾ നന്നായി നേരിടാൻ കഴിയുന്നവർക്കാണ് ഈ ജോലി ലഭിക്കുക. ആറാം ക്ലാസ് വരെ അൽമനാർ സ്കൂളിൽ പഠിച്ച അബാൻ ഈരാറ്റുപേട്ട ഫൗസിയയിൽ നിന്ന് ഖുർആൻ മനഃപാഠത്തോടൊപ്പം പ്ലസ് ടു പാസായി. കോഴിക്കോട് ഇർഷാദിയ കോളേജിൽ നിന്ന് ബി.എ സൈക്കോളജി പാസ്സായി. പിന്നീട് കേംബ്രിഡ്ജിനു കീഴിലുള്ള കോളേജിൽ നിന്ന് സൈക്കോളജിയിൽ പി.ജി നേടിയ ശേഷമാണ് ഈ ജോലി ലഭിച്ചത്. കേംബ്രിഡ്ജിൽ ജോലി ലഭിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് മുഹമ്മദ് അബാൻ.സഹോദരിമാരായ സാഹിറ ഉനൈസ് ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളേജിൽ സൈക്കോളജിയിൽ പി.ജി വിദ്യാർത്ഥിനിയും മാഹിറ ഉനൈസ് ഗൈഡൻസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയുമാണ്.

മരണം

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തു കുരുങ്ങി വിദ്യാർത്ഥി മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ മഞ്ഞപ്പള്ളിയിൽ സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരങ്ങി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മഞ്ഞപ്പള്ളി വേലിത്താനത്തു കുന്നാൽ സുനീഷ് - റോഷ്നി ദമ്പദികളുടെ മകൻ വിഎസ് കിരൺ (14 )ആണ് മരിച്ചത് . അമ്മ റോഷിനിയോടൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു കുട്ടികൾ. തുണിയിടുന്ന അയലിൽ തോർത്ത് കെട്ടിയാടുന്നതിനിടക്ക് തോർത്ത് കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ഭരണങ്ങാനം സെൻ്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കിരൺ.കൃഷ്ണപ്രിയ യാണ് സഹോദരി . കിരണിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.  

കേരളം

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍

സന: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിപ്പ്. വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ് അറിയിച്ചു. മോചനത്തിനായി ചര്‍ച്ചകള്‍ തുടരും. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ ഓഫിസ് അറിയിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.  

പ്രാദേശികം

വയർമാൻ അസോസിയേഷൻ ജനറൽബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

ഈരാറ്റുപേട്ട: കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ ജനറൽബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ് മുഹമ്മദ് നിസ്സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻറ് റഫീഖ് അമ്പഴ ത്തിനാൽ ഉദ്ഘാടനം ചെയ്തു. മാഹിൻ മുരിക്കോലി സ്വാഗതം പറഞ്ഞു.  സിറാജ് പുളിക്കിൽ, ഉനൈസ് എന്നിവർ സംസാരിച്ചു.  പുതിയ ഭാരവാഹികളായി മുഹമ്മദ് നിസാർ (മുഖ്യരക്ഷാധികാരി), അജിത്ത് കുമാർ കെ.എം (പ്രസിഡന്റ്), വിജയ് എസ് (ജനറൽ സെക്രട്ടറി), താഹ  കുന്നറാംകുന്നേൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ബിനോയി മേലുകാവ് മറ്റം (വൈസ്. പ്രസി), സനീഷ് അമ്പാറ (ജോ. സെക്ര), എക്സിക്യൂട്ടീവ് അംഗങ്ങളായി സുരേഷ്, യദു ശ്രീജിത്ത്, അനുരാഗ് ജോബി, മാഹിൻ, സരീഷ്, റമീസ്, അഖിൽ, അനസ്, അനൂബ് എന്നിവരെയും തെരഞ്ഞെടുത്തു.  മാഹിൻ പി.എസ് നന്ദി പറഞ്ഞു.

ജനറൽ

കാത്തിരിപ്പില്ല, ക്യൂ നിൽക്കേണ്ട, 800 ആരോഗ്യകേന്ദ്രങ്ങൾ ഇനി ഓൺലൈൻ

തിരുവനന്തപുരം ; സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ- ഹെൽത്ത് സംവിധാനം സജ്ജമായി. മെഡിക്കൽ കോളേജുകളും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള 18 ഇടങ്ങൾ, 33 ജില്ലാ, ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മൂന്ന് പബ്ലിക് ഹെൽത്ത് ലാബുകൾ, അഞ്ച് മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ- ഹെൽത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം, ഓൺലൈൻ ഒ.പി ടിക്കറ്റ്, എം ഇ- ഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങൾ എന്നിവ അടുത്തിടെ സജ്ജമാക്കിയിരുന്നു. ഇതുവരെ 2.62 കോടിയിലധികം പേർ ഇ- ഹെൽത്തിലൂടെ സ്ഥിരം യു.എച്ച്.ഐ.ഡി രജിസ്‌ട്രേഷനെടുത്തു. താത്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികം പേരും 15.27 ലക്ഷം പേർ അഡ്മിറ്റായും ചികിത്സ തേടി.ഇ- ഹെൽത്തിലൂടെ ക്യൂ നിൽക്കാതെ നേരത്തെ ഒ.പി ടിക്കറ്റ് എടുക്കാം. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നുതന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനാകും. ഇ- ഹെൽത്ത് പോർട്ടൽ, എം.ഇ ഹെൽത്ത് ആപ്പ് എന്നിവയിലൂടെയും അഡ്വാൻസ് ടോക്കണെടുക്കാം. കാത്തിരിപ്പ് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. രോഗിയുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ പോർട്ടലിൽ ലഭിക്കും.ഓൺലൈനാകാം ഇങ്ങനെ https://ehealth.kerala.gov.in രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം ആധാർ നമ്പർ നൽകി, ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി നൽകുക>തുടർന്ന് ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും> ആദ്യം ലോഗിൻ ചെയ്യുമ്പോൾ, 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും മൊബൈലിൽ മെസേജായി ലഭിക്കും> ഈ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാം