അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കയ്യടിനേടി മമ്മൂട്ടി; കാതലിന് വൻ വരവേൽപ്പ്
മ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത് തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫെറർ ഫിലിംസാണ് വിതരണത്തിച്ചത്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ തുടങ്ങിയ ചിത്രങ്ങളും ഇന്നലെ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. മയാൻ റിപ്പ് സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ദ അതർ വിഡോ, വ്രെഗാസ് ഭനുതേജ സംവിധാനം ചെയ്ത അന്ത്രഗോജി എന്നീ ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ മറ്റ് ചിത്രങ്ങൾ.രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഇന്ന് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.