വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

സിക്കിമില്‍ ഭൂകമ്പം

സിക്കിമിലെ യുക്‌സോമില്‍ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ 4:15ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് ഭൂകമ്പത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുക്സോമില്‍ നിന്ന് 70 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലും ഇന്ന് ഭൂകമ്പമുണ്ടായി. തെക്കുകിഴക്കന്‍ ഫൈസാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 6:47 ഓടെയായിരുന്നു സംഭവം.ഫൈസാബാദില്‍ തന്നെ ജനുവരി 22ന് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ അസമില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്തുള്ള നാഗോണ്‍ ജില്ലയിയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച്ച പുലര്‍ച്ചെ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂറത്ത് ജില്ലയിലെ ഹാസിറയ്ക്ക് സമീപം അറബിക്കടലിലാണ് ഭൂകമ്പമുണ്ടായത്. അസമിലും ഗുജറാത്തിലും ഉണ്ടായ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളം

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി എത്തിയ യാത്രക്കാരാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നും എത്തിയ കര്‍ണ്ണാടകയിലെ മടികേരി സ്വദേശി റസീഖ്, ദുബായില്‍ നിന്നും വന്ന വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം എന്നിവരെയാണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്. ഫെബ്രുവരി 10ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വിലവരുന്ന 1270 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. ദുബായില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ കാസര്‍കോട് കുമ്പള സ്വദേശി പജൂര്‍ മൂസ, മുഹമ്മദ് അക്രം എന്നിവരാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ പിടിയിലായത്.

കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപിടിച്ചത്. സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു.കോട്ടയത്ത് നിന്നും നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ചങ്ങനാശ്ശേരിയില്‍ നിന്നടക്കം കൂടുതല്‍ അഗ്‌നിശമന യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായാണ് അഗ്നിരക്ഷാ സേന നല്‍കുന്ന വിവരം. തീപിടിച്ച കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും

ലോകം

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 15000 കടന്നു , ദുരന്തമേഖലകളിലേക്ക് സഹായവുമായി ഇന്ത്യയുടെ 7 വ്യോമസേന വിമാനങ്ങൾ

ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു തുർക്കി : തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി, വമ്പൻ ഭൂചലനത്തിൽ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു . കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ വീണപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ.മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്‍റെ ഭാരം പേറുന്നു. ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്. മൃതദേഹങ്ങള്‍ മൂടാനുള്ള ബാഗുകളുടെ ദൗര്‍ലഭ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.ഇസ്താംബുൾ സ്റ്റോക്ക് എക്സ്ചേഞ്ച് താൽക്കാലികമായി നിർത്തി.രക്ഷാപ്രവര്‍ത്തനം വൈകിയെന്ന കനത്ത വിമര്‍ശനങ്ങള്‍ക്കിടെ തുർക്കി പ്രസിഡന്റ്റജബ് ത്വയ്യിബ് എർദോഗൻദുരന്തമേഖലകള്‍ സന്ദർശിച്ചു.ദുരന്തത്തിന്റെ വ്യാപ്തി അളക്കാൻ ആയിട്ടില്ലെന്ന് എർദോഗൻ പറഞ്ഞു. ഭൂകമ്പം മരണം വിതച്ച തുർക്കിയിൽ നിന്ന്, പുറത്തുവരുന്ന പല ദൃശ്യങ്ങളും ഏറെ വേദനിപ്പിക്കുന്നവയാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും നിരവധി പേരെ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്താനാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകന്പം നാശം വിതച്ച തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ കൈത്താങ്ങ് തുടരുന്നു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി വ്യോമസേനയുടെ 7 വിമാനങ്ങൾ ദുരന്തബാധിത മേഖലകളിലേക്ക് പുറപ്പെട്ടു. 150ലധികം രക്ഷാപ്രവർത്തകരും നൂറിൽ അധികം ആരോഗ്യ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. തുർക്കി ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതൽ സംഘങ്ങളെ അയക്കാൻ തയ്യാറാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ദുരന്തബാധിത മേഖലയിൽ കുടുങ്ങിയ 10 ഇന്ത്യക്കാർ സുരക്ഷിതരാണ്. കാണാതായ ബംഗളൂരു സ്വദേശിയുടെ കുടുംബവുമായി വിദേശകാര്യമന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്

കേരളം

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രി മാറ്റം ഉടനുണ്ടാകില്ല

അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം തിരുവനന്തപുരം : ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്.സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ബന്ധുക്കളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനം. അൽപ്പ സമയത്തിനകം മെഡിക്കൽ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കും. 

ജനറൽ

ബോക്സ് ഓഫീസിലും ചിരിക്കിലുക്കം; കളക്ഷനില്‍ കുതിപ്പുമായി 'രോമാഞ്ചം'

ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ആദ്യ ഹിറ്റ് ആവും ചിത്രമെന്ന് വിലയിരുത്തല്‍ റിലീസിനു മുന്‍പ് വലിയ പ്രേക്ഷകശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തുന്ന ചില സിനിമകളുടെ ജാതകം ആദ്യ ഷോയ്ക്ക് ശേഷം മാറിമറിയാറുണ്ട്. അവയില്‍ ചിലത് വലിയ തോതില്‍ മൌത്ത് പബ്ലിസിറ്റി നേടി ബോക്സ് ഓഫീസ് കണക്കുകളില്‍ അത്ഭുതപ്പെടുത്താറുണ്ട്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ആ നിരയിലേക്ക് നീങ്ങിനില്‍ക്കുകയാണ് നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. ഫെബ്രുവരി 3 ന് കേരളത്തിലെ 146 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. നൂണ്‍ ഷോകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വന്‍ അഭിപ്രായം പുറത്തെത്തിയതോടെ പോയ വാരാന്ത്യത്തില്‍ മികച്ച നേട്ടമുണ്ടാക്കി ചിത്രം. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 4.35 കോടിയാണെന്നും ഇന്നത്തെ കളക്ഷന്‍ കൂടി ചേര്‍ത്താല്‍ ചിത്രം 5 കോടി കടക്കുമെന്നുമാണ് വിവിധ ട്രാക്കര്‍മാരുടെ കണക്ക്. പല മള്‍ട്ടിപ്ലെക്സുകളിളും ചെറിയ സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഡിമാന്‍റ് വര്‍ധിച്ചതോടെ വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ആദ്യ ഹിറ്റ് ആയിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ കനകരാജ് വിലയിരുത്തുന്നു. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്.   

ജനറൽ

തിയേറ്റർ-ഒടിടി റിലീസ് തർക്ക പരിഹാരം; ഫിലിം ചേമ്പർ യോഗം ഇന്ന്

തിയേറ്റർ-ഒടിടി റിലീസ് തർക്കം പരിഹരിക്കുന്നതിനായുള്ള ഫിലിം ചേമ്പർ യോഗം ഇന്ന് നടക്കും. ഒടിടി റിലീസ് 42 ദിവസത്തിന് ശേഷമാക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് തിയേറ്റർ ഉടമകൾ. ഇത് പാലിക്കാത്തവരുടെ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്നുമാണ് ഫിയോക്കിന്റെ നിബന്ധന. ഇക്കാര്യത്തിലാണ് ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടുകുക. വ്യക്തിബന്ധം ഉപയോ​ഗിച്ച് പല നിർമ്മാതാക്കളും നടന്മാരും തിയേറ്റർ റിലീസ് ചെയ്ത ഉ‌ടൻ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം ഒടിടിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ അത് അനുവ​ദിക്കില്ല എന്നും 42 ദിവസത്തെ നിബന്ധന നിർമ്മതാക്കളുടെ ചേംബർ തന്നെ ഒപ്പിട്ട് നൽകിയിരുന്നു. കൂടാതെ റിലീസിനുള്ള അപേക്ഷ ഇനി മുതൽ ചേംബർ പരി​ഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിർമ്മാതാക്കളെ വിലക്കാനുമാണ് തീരുമാനം. തിയേറ്ററിൽ കാണികൾ കുറയാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും മുമ്പ് നടന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകൾക്കും ഇത് ബാധകമാണ്. 56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ സിനിമകൾ പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികൾ കുറയുന്നത് ഉടൻ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് എന്നും ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

ലോകം

കൈകള്‍കൊണ്ട് അനുജന് സംരക്ഷണമൊരുക്കി ഏഴുവയസുകാരി; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ പ്രതീക്ഷയുടെ മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കിയ ഒരു സഹോദരിയുടെ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. 17 മണിക്കൂറോളമാണ് കുട്ടികള്‍ ഇത്തരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ രക്ഷാപ്രവര്‍ത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് സഹോദരങ്ങള്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ നിന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന്റെ ആധികാരികത സംബന്ധിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7800ലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നിരുന്നു. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.