വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത്: മീനച്ചിലിൽ 166 പരാതികൾക്ക് ഉടനടി പരിഹാരം

കോട്ടയം: മീനച്ചിൽ താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിൽ 166 പരാതികളിൽ ഉടനടി പരിഹാരം. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ട് മുൻപ് ഓൺലൈനായി ലഭിച്ച 76 പരാതികളിൽ 72 എണ്ണത്തിനും പരിഹാരമായി. അദാലത്ത് ദിവസം ലഭിച്ച 259 പരാതികളില 94 എണ്ണത്തിന് ഉടനടി പരിഹാരം കാണാനായി. ​മറ്റു പരാതികളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകരെ അറിയിക്കാൻ വിവിധ വകുപ്പുക​ൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.​ ആകെ 335 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്. പാലായിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ വിവിധ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികളും. ഭരണങ്ങാനം ടൗണിലെ ഗതാഗതം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ അംഗം രാജേഷ് വാളിപ്ലാക്കൽ അദാലത്തിനെ സമീപിച്ചു. കൊച്ചിടപ്പാടി മുതൽ ഇടപ്പാടി വരെ ചെയിൻ റോഡ് സൈഡിൽ നടപ്പാതയില്ലാത്തത് അപകടങ്ങൾ സൃഷ്ടിക്കുന്ന കാര്യവും അദ്ദേഹം പരാതിയായി ഉന്നയിച്ചു. പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ, കൗൺസിലർമാരായ തോമസ് പീറ്റർ, ലീന സണ്ണി തുടങ്ങിയവരും റോഡ് തകർച്ച, വെള്ളക്കെട്ട് തുടങ്ങിയവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അദാലത്തിൽ പരാതി നൽകി. വന്യമൃഗ ശല്യം മൂലം തിടനാട് പഞ്ചായത്തിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക വേദി ഭാരവാഹികൾ അദാലത്തിനെ സമീപിച്ചു. മുള്ളൻപന്നി, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയവയുടെ ശല്യം കാരണം കൃഷി ചെയ്യാനാവുന്നില്ലെന്നായിരുന്നു പരാതി. നടപടികളെടുക്കാൻ പരാതി വനം വകുപ്പിന് കൈമാറി. കൃഷി നാശത്തിനൊപ്പം കോഴി,താറാവ് എന്നിവയെ വളർത്തി ജീവിക്കാനാകുന്നില്ലെന്നും ടാപ്പിങ് തൊഴിലാളികളടക്കമുള്ളവരുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി റോഷി അഗസ്റ്റിൻ വിഷയം ചർച്ച ചെയ്തു. സ്‌കൂളിന് കെട്ടിട നമ്പർ നൽകാൻ നിർദ്ദേശം കോട്ടയം: മൂന്നാം നിലയിലേക്ക് റാംപ് നിർമിച്ചിട്ടില്ലെന്നതിനാൽ സ്‌കൂൾ കെട്ടിടത്തിന് നമ്പർ നൽകുന്നില്ലെന്ന പരാതിയിൽ അനുകൂല നടപടി സ്വീകരിക്കാൻ മീനച്ചിൽ താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. മരങ്ങാട്ടുപിള്ളി സെയിന്റ് തോമസ് ഹൈസ്‌കൂൾ മാനേജർ ഫാ. ജോസഫ് ഞാറക്കാട്ടിലാണ് അദാലത്തിൽ പരാതി നൽകിയത്. ആദ്യ രണ്ടു നിലകളിലേക്കും റാംപ് ഉണ്ടെങ്കിലും മൂന്നാം നിലയിലേക്ക് ഇല്ല. അവിടെ ക്ലാസ് നടക്കുന്നില്ലെന്നതടക്കം കാണിച്ച് പല തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു നിലകളിൽ മാത്രമേ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുള്ളൂവെന്നതു പരിഗണിച്ച് അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.

വിദ്യാഭ്യാസം

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് ഇനി മുതൽ മാറ്റാം; ചട്ടം ഭേദഗതി ചെയ്ത് സർക്കാർ

  തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്നതിന് പരിഹാരം. ഗസറ്റിൽ വിജ്ഞാപനം ചെയ്തുകൊണ്ട് ഇനി മുതൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തു. അപേക്ഷ ലഭിച്ചാൽ പരീക്ഷാ ഭവൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റം വരുത്തി നൽകും. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താം. പേരു മാറ്റിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫിസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം വരുത്താം. നേരത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജനനതീയതി, വിലാസം, പേരിൽ കടന്നുകൂടിയ തെറ്റുകൾ എന്നിവ തിരുത്താൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഗസറ്റിൽ വിജ്ഞാപനം ചെയ്താലും പേര് തിരുത്തുവാൻ കഴിഞ്ഞിരുന്നില്ല. പേരിൽ മാറ്റം വരുത്തിയ മറ്റു രേഖകൾ എസ്എസ്എൽസി സർട്ടിഫിക്കറ്റിൻ്റെ കൂടെ സമർപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്.  എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന 1984 ലെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തത്

പ്രാദേശികം

പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിൽ താൽക്കാലിക ജോലി ഒഴിവ്

ഈരാറ്റുപേട്ട.സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറിൽ അസിസ്റ്റൻറ് ലെക്ചറർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ് തസ്തികയിൽ (ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫാസ്റ്റ്ക്ലാസ്സ് ബിരുദം) 19.12.2024നു രാവിലെ 11 മണിക്കും, ഡെമോൺസ്‌ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ് തസ്തികയിൽ( ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ്   ക്ലാസ്സ്  ഡിപ്ലോമ) അതേ ദിവസം  ഉച്ചയ്ക്ക്  1 മണിക്കും, താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. പ്രസ്തുത റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്ന  യോഗ്യരായ ഉദ്യോഗാർത്ഥികൾ  അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ  പകർപ്പുകളും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447141386, 9188405172

പ്രാദേശികം

ഗൈഡൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു....

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാംപസിന് സമീപം പുതുതായി ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം എഴുത്തുകാരൻ കെ.എം. ജാഫർ നിർവ്വഹിച്ചു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു.കെ.എ അൻസാരി,പി.ഇ ഇർഷാദ്,വി.എ നജീബ്, കെ.പി. ഷെഫീഖ്, താജുദ്ദീൻ,സി.ടി മഹേഷ്, ബിലാൽ നൗഷാദ്, സന ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

മരണം

ചെട്ടുപറമ്പിൽ അബ്ദുൽസലാം നിര്യാതനായി.

ഈരാറ്റുപേട്ട : സഫാ നഗർ ചെട്ടുപറമ്പിൽ അബ്ദുൽസലാം നിര്യാതനായി.  ഖബറടക്കം ഇന്ന്‌ ഉച്ചക്ക് ഒരു മണിക്ക് മണിക്ക് ഈരാറ്റുപേട്ട നൈനാര്‍ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രാദേശികം

വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി ധർണ നടത്തി ഈരാറ്റുപേട്ട: വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

ഈരാറ്റുപേട്ട:  വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന ധർണ പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ ഉദ്ഘാടനം ചെയ്തു. മണിയാർ ജല വൈദ്യുത പദ്ധതിയുടെ നടത്തിപ്പ് ചുമതല കാലാവധി സ്വകാര്യ കമ്പനിക്ക് നീട്ടിക്കൊടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് മുഖ്യ പ്രഭാഷണം നടത്തി. കെട്ടിട നികുതിയും മറ്റു നികുതികളും കുത്തനെ കൂട്ടിയതും അവശ്യ  സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്ത കാലത്ത് വൈദ്യുതി നിരക്ക് കൂട്ടിയത് അന്യായവും ജനദ്രോഹകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് സ്വാഗതം പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം 2024 ഡിസംബർ 12-ാം തിയതി 3 PM ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ അവറുകളുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജനി സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ.ബി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഓമനഗോപാലൻ പൂഞ്ഞാർ തെക്കെക്കര വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ശ്രീകല ആർ, ജോസഫ് ജോർജ് ' ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ്, ജോയിൻ്റ് ബി.ഡി.ഒ സാം ഐസക്ക് എന്നിവർ കേരളോത്സവ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു.

വിദ്യാഭ്യാസം

സ്കൂള്‍ പരീക്ഷ മാറുന്നു; ഇനി കടുക്കും

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളില്‍ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കി സമർപ്പിച്ച റിപ്പോർട്ടില്‍ നിർദേശിക്കുന്നു. നിർദേശത്തിന് തത്ത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. ഈ വർഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്ബതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. പഠനത്തില്‍ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നതാണ് നിർദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകളില്‍ ഈ വർഷം മുതല്‍ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദ്യാർഥിയുടെ നിരന്തര മൂല്യനിർണയം (കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടുതല്‍ കാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങള്‍ തയാറാക്കാൻ മന്ത്രിസഭ തീരുമാനപ്രകാരം എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. എസ്.സി.ഇ.ആർ.ടിയുടെ സ്റ്റേറ്റ് അസസ്മെന്‍റ് സെല്ലാണ് പ്രത്യേക ശില്‍പശാല നടത്തി പുതിയ ചോദ്യപേപ്പർ മാതൃകയുടെ കരട് തയാറാക്കി സമർപ്പിച്ചത്. പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങള്‍ ആഴത്തിലുള്ള അറിവ് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ശരി ഉത്തരം തെരഞ്ഞെടുത്ത് എഴുതുന്ന മള്‍ട്ടിപ്ള്‍ ചോയ്സ് ചോദ്യങ്ങള്‍, ചേരുംപേടി ചേർക്കുന്ന രീതിയിലുള്ള മാച്ചിങ് ചോദ്യങ്ങള്‍, ഹ്രസ്വമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍, വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍, തുറന്ന ചോദ്യങ്ങള്‍ എന്നിവ ചോദ്യപേപ്പറിലുണ്ടാകണം. എസ്.സി.ഇ.ആർ.ടി നിർദേശം •⁠  ⁠പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങള്‍ •50 ശതമാനം ശരാശരി നിലവാരത്തില്‍  •30 ശതമാനം ലളിതം  'എ പ്ലസ് പ്രളയം' അവസാനിക്കും പരീക്ഷാ ചോദ്യങ്ങള്‍ക്ക് മൂന്ന് തലം നിശ്ചയിക്കുന്നതോടെ, പൊതുപരീക്ഷകളിലെ 'എ പ്ലസ് പ്രളയം' അവസാനിക്കും. മികവുള്ള വിദ്യാർഥികള്‍ മാത്രം എ പ്ലസിലേക്ക് എത്തുന്ന രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർണയിച്ചിരിക്കുന്നത്.ഇതിനായി 20 ശതമാനം ചോദ്യങ്ങള്‍ പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന തലത്തിലുള്ളതായിരിക്കുംഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്നതിലൂടെ മാത്രമേ 80 ശതമാനത്തിന് മുകളില്‍ മാർക്ക് നേടാനാകൂ. നിലവില്‍ ശരാശരി നിലവാരത്തിലുള്ള കുട്ടികള്‍ പോലും മികവിന്‍റെ തലമായ എ പ്ലസിലേക്ക് കയറിവരുന്നതാണ് പ്രവണത. 30 ശതമാനം ചോദ്യങ്ങള്‍ ലളിതമാകുന്നതിലൂടെ തോല്‍വി പരമാവധി ഒഴിവാക്കാനുമാകും.