വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നദീ ദിനാചരണം.

അരുവിത്തുറ: ലോക നദീ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കാലാവസ്ഥാ വ്യതിയാനം ജല മേഖലയിൽ വരുത്തിയ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . സെമിനാറിന്റെ ഉദ്ഘാടനം തൃശൂർ നദീ ഗവേഷണ കേന്ദ്രം ഡയറക്ടറും കേരള നദീസംരക്ഷണസമതി സംസ്ഥാന പ്രസിഡന്റുമായ എസ്സ്.പി രവി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം പ്രകൃതിയുടെ നിലനിൽപിനെ  ഗുരുതരമായി ബാധിച്ചു കഴിഞ്ഞു പരിസ്ഥിക്കനുകൂലമായ തിരുത്തലുകളിലേക്ക് സമൂഹത്തെ നയിക്കാൻ പുതു തലമുറക്കാവണമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് മനേജർ വെരി.റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , മീനച്ചിൽ നദീസംരക്ഷണസമതി പ്രസിഡന്റ് ഡോ എസ്സ് രാമചന്ദ്രൻ , ഐക്യൂ ഏ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ മിഥുൻ ജോൺ , ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനു ശേഷം മീനച്ചിലാറിലെ കോളേജ് കടവിൽ നദീവന്ദനം പരിപാടിയും സംഘടിപ്പിച്ചു.

കേരളം

അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. മരട് പൊലീസ് സ്റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിർമാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെടും. രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങൾ നടൻ ഉന്നയിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.

മരണം

പ്രമുഖ പണ്ഡിതൻ യുസുഫ് അല്‍ഖറദാവി അന്തരിച്ചു

ദോഹ: ഇന്റര്‍നാഷണല്‍ യുനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ യുസുഫ് അല്‍ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. ഏറെ കാലമായി ചികിത്സയിലായിരുന്നു. 1926 സെപ്റ്റംബര്‍ ഒമ്പതിന് ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തിലാണ് യൂസുഫ് അബ്ദുല്ല അല്‍ ഖറദാവിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടി ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന അദ്ദേഹം  1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്."

കേരളം

പള്ളി നിർമാണത്തിൽ അഴിമതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി അടക്കം മൂന്ന് പേർ അറസ്റ്റിൽ. മട്ടന്നൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷൻ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിട്ടയച്ചു. അബ്ദുൾ റഹ്മാൻ കല്ലായിക്കൊപ്പം കോൺഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്ക് എതിരെയായിരുന്നു പരാതി. വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമാണ പ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ പരാതി. 3 കോടി ചെലവായ നിർമ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചിരുന്ന പ്രതികൾ മൂന്നു പേരും മട്ടന്നൂർ സിഐ എം.കൃഷ്ണന് മുമ്പാകെയാണ് രാവിലെ ഹാജരായത്. ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി.ശമീറാണ് പരാതിക്കാരൻ.  എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അബ്ദുൾ റഹ്മാൻ കല്ലായി അടക്കമുള്ളവർ പറയുന്നത്. നേരത്തെ തന്നെ കണക്കുകൾ കമ്മറ്റിക്ക് മുന്നിൽ ഹാജരാക്കിയതാണെന്നും ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും പ്രതികൾ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ചോദ്യം ചെയ്ത് ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇത് പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്. അതേസമയം രേഖകളുമായി നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ജനറൽ

കപ്പ മത്തി പുഴുക്ക് ഇഷ്ടമുള്ളവര്‍ ഇതിലേ…

കപ്പ കൊണ്ടുള്ള പുഴുക്ക് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. മഴക്കാല സന്ധ്യകളെ മനോഹരമാക്കുന്നതില്‍ മികച്ച കപ്പ പുഴുക്കില്‍ ഇത്തിരി മത്തി കൂടിയായലോ. കപ്പയും മത്തിയും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ്. തയ്യാറാക്കുന്ന വിധം ആദ്യം കപ്പ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ചു മാറ്റിവെക്കണം. തുടര്‍ന്ന് മത്തിയില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, തക്കാളി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചെടുക്കണം. ചൂടാറുമ്പോള്‍ മത്തിയുടെ മുള്ള് പതിയെ കുടഞ്ഞ് മാറ്റണം. തേങ്ങയില്‍ പച്ചമുളക്, ഉള്ളി, വെളുത്തുള്ളി ഇവ ചേര്‍ത്ത് അരച്ചുവെക്കുക (അധികം അരയരുത്) വേവിച്ചു വെച്ച കപ്പയില്‍ മത്തിയുടെ കൂട്ട്, തേങ്ങ അരച്ചത് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റ് ചെറുതീയില്‍ വെക്കുക. ഇത് വെന്തിറങ്ങുമ്പോള്‍ കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് അടച്ചു വെക്കണം. രുചിയേറിയ നാടന്‍ കപ്പ മത്തി പുഴുക്ക് തയ്യാര്‍.

ജനറൽ

എളുപ്പത്തില്‍ തയ്യാറാക്കാം കാന്താരി ചെമ്മീന്‍; 4 ചേരുവകള്‍ മാത്രം

ചെമ്മീനിന്റെ യഥാര്‍ഥ രുചി അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്ത വിഭവമാണ് കാന്താരിച്ചെമ്മീന്‍ ചെമ്മീന്‍ 20 എണ്ണം(ഇടത്തരം വലുപ്പമുള്ളത്) കാന്താരി 6 എണ്ണം വെളിച്ചെണ്ണ 50 മില്ലീലീറ്റര്‍ തയ്യാറാക്കുന്ന വിധം വൃത്തിയാക്കിയെടുത്ത ചെമ്മീനില്‍ ചുവന്ന കാന്താരി അരച്ചതും ഉപ്പും ചേര്‍ത്ത് അരമണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യരുത്. ചൂടോടെ ഉപയോഗിക്കാം

ജനറൽ

ഓണാട്ടുകര സ്‌പെഷ്യല്‍ രുചിയേറും കൊഞ്ചുംമാങ്ങ

ഓണാട്ടുകരക്കാരുടെ സ്‌പെഷല്‍ വിഭവമാണ് കൊഞ്ചുംമാങ്ങ. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തേടനുബന്ധിച്ച് എല്ലാ വീടുകളിലും കൊഞ്ചുംമാങ്ങ തയാറാക്കാറുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധമുള്ള ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തയ്യാറാക്കുന്ന വിധം കൊഞ്ച് നന്നായി വറുത്ത് എടുക്കുക(എണ്ണ ഉപയോഗിക്കേണ്ടതില്ല). നന്നായി മൊരിഞ്ഞുവന്നശേഷം ചെറുതായി പൊടിച്ച് എടുക്കുക. കൂടുതല്‍ പൊടിഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കല്ലുകൊണ്ടോ ചിരട്ടകൊണ്ടോ പൊടിച്ചെടുക്കാം. ശേഷം തേങ്ങ, ചുവന്നുളളി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ നന്നായി ചതച്ച് അരപ്പാക്കി എടുക്കുക. ഒരു കറിച്ചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് പൊടിച്ചെടുത്ത കൊഞ്ച്, കഷണങ്ങളായി അരിഞ്ഞ മാങ്ങ, അരപ്പ് എന്നിവ ചേര്‍ത്ത് വയ്ക്കുക. മുക്കാല്‍ ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി അടച്ചുവച്ച് നന്നായി വേവിച്ച് എടുക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. 4 5 മിനിറ്റുകൊണ്ട് നന്നായി വെന്ത് പാകമായിക്കിട്ടും. ഇതില്‍ അല്‍പം പച്ചവെളിച്ചെണ്ണ തൂകി ഇളക്കിയെടുത്ത് ചോറിനൊപ്പം വിളമ്പാം.

ജനറൽ

ഉച്ചയൂണിനൊപ്പം രുചിയേറും മുട്ട അവിയലും

എന്നും ഒരേ ഭക്ഷണങ്ങള്‍ തന്നെ കഴിച്ചാല്‍ മടുപ്പുതോന്നുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ വീട്ടിലുള്ള പച്ചക്കറികളും ചേരുവകളും ഉപയോഗിച്ചു തന്നെ അല്‍പ്പം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ നമുക്ക് തയ്യാറാക്കാം.അത്തരം ഒരു വിഭവത്തെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. മുട്ട അവിയല്‍. പച്ചക്കറികളും മുട്ടയും ചേര്‍ത്ത് വളരെ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കാവുന്ന ഒരു സൂപ്പര്‍ ഡിഷ് ആണിത്. മുട്ട പുഴുങ്ങി നീളത്തില്‍ നാലായി മുറിച്ചത് – 8 എണ്ണം ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – ½ കപ്പ് തേങ്ങ ചിരകിയത് – 1 കപ്പ് പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം മുരിങ്ങക്കായ് നീളത്തില്‍ അരിഞ്ഞ് രണ്ടായി കീറിയത് – 2 എണ്ണം ഉരുളകിഴങ്ങ് നീളത്തില്‍ അരിഞ്ഞത് – 2 എണ്ണം പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ് മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ മുളക്‌പൊടി – ½ ടീസ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിരകിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി, ജീരകം, കറിവേപ്പില എന്നിവ അവിയലിനാവശ്യമായ രീതിയില്‍ ചതച്ചെടുക്കുക. ചെറിയ ഉള്ളി, ഉരുളകിഴങ്ങ്, പച്ചമുളക്, മുരിങ്ങക്ക എന്നിവ ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തുവരുമ്പോള്‍ അരപ്പ് ചേര്‍ക്കാം. ഇത് ഒരു അഞ്ച് മിനുട്ട് കൂടി വേവിക്കുക. ഇതിന് ശേഷം പുഴുങ്ങിയ മുട്ട ഉടയാതെ ചേര്‍ത്ത് മുട്ടയ്ക്കു മുകളില്‍ കുറച്ച് കറിവേപ്പില ചേര്‍ത്ത് വേവിക്കുക. നല്ലപോലെ വറ്റി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം. സ്വാദിഷ്ടമായ മുട്ട അവിയല്‍ തയ്യാര്‍.