തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ.ചേർപ്പുങ്കൽ ബി വി എം കോളേജിൽ വിജയവീഥി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും സർഗപ്രതിഭയെയും പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിനും അതുവഴി തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുമുള്ള കർമ്മ പരിപാടികളാണ് സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് വിജയവീഥി പദ്ധതി ആവിഷക്കരിച്ച് നടപ്പിലാക്കുന്നത്.
കിടങ്ങൂർ പഞ്ചായത്തിലെ അംഗീകൃത പഠന കേന്ദ്രമായി ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രദേശത്തെ അഭ്യസ്ഥ വിദ്യരായ യുവജനങ്ങൾക്ക് മത്സരപരീക്ഷ കളിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ പ്രാപ്തമായ പഠനപരിശീലന പദ്ധതിയാണ് വിജയവീഥിയിലൂടെ നടപ്പിലാക്കുന്നത്.
പ്രാഥമിക ഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവ അടിസ്ഥാന യോഗ്യതകളായി കണക്കാക്കി, കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷ കളുടെ ശാസ്ത്രീയാടിത്തറയുള്ള പഠനപരിശീലനങ്ങളാണ് വിജയവീഥി പദ്ധതിയിലൂടെ പ്രാവർത്തികമാക്കുക.
ചടങ്ങിൽ കോളേജ് മാനേജർ റവ ഫാ ജോസഫ് പനാമ്പുഴ അധ്യക്ഷനായിരുന്നു. കിടങ്ങൂർ പഞ്ചായത്തു പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, , പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ ഫാ സ്കറിയ മലമാക്കൽ, തുടങ്ങിയവർ സംസാരിച്ചു.
ആറുമാസക്കാലം ദൈർഘ്യമുള്ള പരിശീലന പദ്ധതി ഏവർക്കും താങ്ങാവുന്ന തരത്തിലുള്ള ഫീസ് ഘടനയോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പഠിതാക്കൾക്ക് പരിശീലനം തികച്ചും സൗജന്യമാണ്.
പ്രവേശനം നേടുന്ന മുഴുവൻ പഠിതാക്കൾക്കും, പഠനോപാധികൾ, മാതൃകാ പരീക്ഷകൾ നിരന്തരമായി എഴുതി പരിശീലിക്കുവാനുള്ള സൗകര്യം, വിദഗ്ദ്ധ പരിശീലകരാൽ സജ്ജമാക്കിയിട്ടുള്ള വീഡിയോ ക്ലാസ്സുകൾ, മാതൃകാ ചോദ്യപ്പേപ്പറുകൾ, എന്നിവ സൗജന്യമായി ലഭ്യമാക്കും.