വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

തമിഴില്‍ ബിഗ് ബോസ് 6 തുടങ്ങുന്നു; ആശങ്കള്‍ ഇല്ലാതാക്കി വരവറിയിച്ച് ഉലകനായകൻ

രാജ്യത്തെ ടെലിവിഷൻ ഷോകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ് ബിഗ് ബോസ്. തമിഴകത്ത് ബിഗ് ബോസ് പ്രേക്ഷകപ്രീതി നേടാനുള്ള കാരണങ്ങളില്‍ ഒന്ന് ഉലഗനായകൻ കമല്‍ഹാസൻ ആണ് അവതാരകൻ എന്നതാണ്. ഇത്തവണ കമല്‍ഹാസന് പകരം മറ്റാരെങ്കിലും ബിഗ് ബോസ് അവതരിപ്പിക്കാൻ എത്തിയേക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആശങ്കളെല്ലാം ഇല്ലാതാക്കി കമല്‍ഹാസൻ തന്നെ പ്രത്യക്ഷപ്പെടുന്ന ബിഗ് ബോസ് പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസ് തമിഴ് സീസണ്‍ ആറ് വിജയ് ടെലിവിഷനില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ സംപ്രേഷണം ചെയ്യും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും ഷോ സ്‍ട്രീം ചെയ്യും. സ്റ്റൈലിഷ് ലുക്കിലാണ് കമല്‍ഹാസൻ ബിഗ് ബോസ് പ്രൊമോയിലുള്ളത് എസ് ഷങ്കറിന്റെ 'ഇന്ത്യൻ 2' എന്ന ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് കമല്‍ഹാസൻ ബിഗ് ബോസിനായും സമയം കണ്ടെത്തുക. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ് ഇത്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍. തടസ്സങ്ങളെല്ലാം നീക്കി 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം പുനരാരംഭിക്കുകയും അടുത്തിടെ കമല്‍ഹാസൻ ജോയിൻ ചെയ്യുകയും ചെയ്‍തത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 'ഇന്ത്യൻ 2'വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

കേരളം

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതോടെ സംസ്ഥാനത്തെ സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലീസിന് ലഭിച്ചു. നിരോധനം നിലവില്‍ വന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാവും തുടര്‍ന്നുളള നീക്കങ്ങള്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സഹായിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ജനറൽ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്

റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷൻ അരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന ശേഷം നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരൻ വെക്കാം. ഒരു 10 മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ അരി മിക്സിയുടെ ജാറിൽ നിന്ന് ഒരു ബൗളിലേക്ക് മാറ്റാം. പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്ക് തേങ്ങ ചിരവിയതും ഒരു സ്പൂൺ നെയ്യും കൂടി ഇട്ട് നന്നായി ഇളക്കി എടുക്കാം. നെയ്യ് ഉപയോഗിക്കുമ്പോൾ പുട്ടിന് ടേസ്റ്റ് കൂടും. നെയ്യ് ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം. പ്രെഷർ കുക്കറിലോ പുട്ടുപാത്രത്തിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇട്ടതിന് ശേഷം പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക. ശേഷം പുട്ടുകുറ്റി മൂടി വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. പുട്ടുകുറ്റിയുടെ മൂടിയിലെ സുഷിരത്തിലൂടെ ആവി നന്നായി വരുന്നുണ്ടങ്കിൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം. ഏകദേശം 15-25 മിനുട്ട് വരെ വേവിക്കണം. നല്ല സോഫ്റ്റായ പുട്ട് റെഡി.

ജനറൽ

തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…?; കോഴിക്കോട് മാളിൽ വെച്ച് ജനക്കൂട്ടത്തിനിടെയിൽ വെച്ച് യുവനടിക്ക് നേരെ അതിക്രമം

കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ജനക്കൂട്ടത്തിൽ നിന്നും ചിലർ അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ മറ്റൊരു നടിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. തന്നെ അതിക്രമിച്ചയാളെ നടി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.  യുവനടിയുടെ കുറിപ്പ് : ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം…?  

ഇൻഡ്യ

‘ഐ.എസുമായുള്ള ബന്ധം മാത്രമോ’: എന്ത് കൊണ്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു? കാരണങ്ങള്‍

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . യു.പി, കർണാടക, ഗുജറാത്ത് സർക്കാരുകൾ നിരോധനത്തിന് ശുപാർശ നൽകിയിരുന്നു. ‘പിഎഫ്‌ഐയും അതിന്റെ അനുബന്ധ സംഘടനകളും ഒരു സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ സംഘടനയായി പരസ്യമായി പ്രവർത്തിക്കുന്നു. പക്ഷേ, അവർ ജനാധിപത്യ സങ്കൽപ്പത്തിന് തുരങ്കം വയ്ക്കുന്ന പ്രവർത്തികളാണ് ചെയ്തുവരുന്നത്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലമാക്കാനുള്ള രഹസ്യ അജണ്ട പിന്തുടരുകയാണ്. രാജ്യത്തിന്റെ ഭരണഘടനാപരമായ അധികാരത്തോടും ഭരണഘടനാ സജ്ജീകരണത്തോടും തികഞ്ഞ അനാദരവ് കാണിക്കുന്നു’, സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്വേഷണത്തില്‍ ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഫണ്ടുകള്‍ ശേഖരിക്കുന്നത് പിഎഫ്ഐ അംഗങ്ങള്‍ വഴിയാണ്. ഒപ്പം മറ്റ് സംഘനടകളില്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവില്‍ പറയുന്നു. യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനകള്‍ രൂപീകരിച്ചത്. പോപ്പുലര്‍ ഫ്രണ്ടും അതിന്‍റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2006-ൽ രൂപീകൃതമായ പി.എഫ്.ഐ വിവിധ സാമൂഹിക വിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് വർഷങ്ങളായി എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ അതിന്റെ രാഷ്ട്രീയ മുന്നണി- SDPI 2009 ൽ നിലവിൽ വന്നു. PFI യെ നിരോധിക്കാനുള്ള നീക്കത്തിലാണെന്ന് കേന്ദ്രം 2021 ഏപ്രിലിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സെപ്തംബർ 22ന് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ തുടങ്ങി 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളിൽ ഇഡിയും എൻഐഎയും സംസ്ഥാന പോലീസും റെയ്ഡ് നടത്തി. എൻഐഎ രജിസ്റ്റർ ചെയ്ത 5 കേസുകളുമായി ബന്ധപ്പെട്ട് ഉന്നത പിഎഫ്ഐ നേതാക്കളുടെയും അംഗങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. തീവ്രവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നതിനും സായുധ പരിശീലനം നൽകുന്നതിനുള്ള പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും നിരോധിത സംഘടനകളിൽ ചേരുന്നതിന് ആളുകളെ തീവ്രവാദികളാക്കുന്നതിനും PFI നേതാക്കളും കേഡറുകളും ഉൾപ്പെട്ടിരുന്നു എന്നതിന്റെ ഇൻപുട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ, കുറ്റകരമായ രേഖകളും പണവും മൂർച്ചയുള്ള ആയുധങ്ങളും വൻതോതിൽ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. നൂറിലധികം നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താന്‍ പിഎഫ്ഐയും അനുബന്ധ സംഘടനകളും രഹസ്യമായി പ്രവര്‍ത്തനം നടത്തി. ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന വസ്തുത ഇത് തെളിയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. കൂടാതെ, രാജ്യവ്യാപകമായി അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തി, കേരളത്തില്‍ കോളജ് അധ്യാപകന്‍റെ കൈവെട്ടി മാറ്റി, സംഘടനയെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തി, ഭീകരപ്രവര്‍ത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു തുടങ്ങി കാരണങ്ങളും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം

പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ആര്‍എസ്എസിനെയും നിരോധിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.എഫ്.ഐയെ നിരോധിച്ചത് പോലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപ്പുലർ ഫ്രണ്ടിനെ പോലെ തന്നെ ആർ.എസ്.എസിനും ഒരു നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ‘ആർ.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമീപനം തെറ്റാണ്. കോണ്‍ഗ്രസ് എന്നും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരാണ്. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനമുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കും. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ നേരിടുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഏത് തരത്തിലുള്ള വര്‍ഗീയതയെയും ചെറുക്കണമെന്നുള്ള നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്നുമുള്ളത്. എന്നാല്‍, ഏതെങ്കിലും സംഘടനയെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ വേരെ പേരില്‍ വരും. സിമിയെ നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ വന്നു. അങ്ങനത്തെ സാഹചര്യത്തില്‍ വര്‍ഗീയതയെ എതിര്‍ക്കാന്‍ രാജ്യത്തെ എല്ലാ മതേതര ശക്തികളും യോജിച്ച് നിന്ന് കൊണ്ട് പോരാട്ടം നടത്തണം’, ചെന്നിത്തല പറഞ്ഞു.

ഇൻഡ്യ

‘ഭീകര പ്രവർത്തനങ്ങളും കൊലപാതകങ്ങളും, രാജ്യസുരക്ഷയ്ക്ക് ഭീഷണി’: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു; ക്യാമ്പസ് ഫ്രണ്ട് ഉൾപ്പടെ 8 അനുബന്ധ സംഘടനകൾക്കും നിരോധനം

ഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന എൻ.ഐ.എ റെയ്ഡിന് പിന്നാലെ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും 5 വർഷത്തേക്ക് നിരോധിച്ചു. ഇവയെ നിയമവിരുദ്ധ അസോസിയേഷനുകളായി പ്രഖ്യാപിച്ചു. പിഎഫ്‌ഐയ്‌ക്കെതിരെ പാൻ-ഇന്ത്യയിൽ നടന്ന വൻ റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് ഇത്. പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനം നടത്തിയെന്നും റിപ്പോർട്ടിൽ ഉണ്ട്. നിരവധി ഭീകര പ്രവർത്തനങ്ങളും കൊലപാതകങ്ങളും സംഘടന നടത്തി. രാജ്യസുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണ്. യു.പി, കർണാടക, ഗുജറാത്ത് സർക്കാരുകൾ നിരോധനത്തിന് ശുപാർശ നൽകിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിന് പി.എഫ്.ഐ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ബഹുജന വ്യാപനവും ഫണ്ടിംഗ് ശേഷിയും ഉപയോഗിക്കുന്നുവെന്നും നിരോധനം ഉറപ്പാക്കി കേന്ദ്രം അറിയിച്ചു.

ജനറൽ

താറാവ് റോസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് ചീത്ത താറാവ് ഇറച്ചി തിരിച്ചറിയുന്നതെങ്ങനെയെന്ന് അറിയാം

ലോകത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചികളിലൊന്നാണ് താറാവ് ഇറച്ചി. ഭക്ഷണത്തിനു മാത്രമല്ല ചില മരുന്നുകളിലും സൗന്ദര്യവർദ്ധകവസ്തുക്കളിലും ചേരുവയായും താറാവ് ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന നെയ്യ് ഉപയോഗിക്കുന്നു. താറാവ് ഇറച്ചി ഇഷ്ടമുള്ള പലരെയും അലട്ടുന്ന ഒന്നാണ് നല്ല താറാവ് ഇറച്ചി കിട്ടാത്ത അവസ്ഥ. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ താറാവ് ഇറച്ചി നമുക്ക് തിരിച്ചറിയാവുന്നതേ ഉള്ളൂ. 1.താറാവ് ഇറച്ചി വാങ്ങിക്കുമ്പോൾ ആദ്യംഅത് മണത്തു നോക്കുക. എന്നിട്ട് വാങ്ങിക്കുക. പുളിച്ച ഒരു ദുർഗന്ധം തോന്നുകയാണെങ്കിൽ വാങ്ങിക്കരുത്.  2-കൈ കൊണ്ട് താറാവ് ഇറച്ചിതൊട്ടു നോക്കുക. വഴുവഴുപ്പ് തോന്നുകയാണെങ്കിൽ ഓർക്കുക അത് പഴക്കമുള്ളതാണ്.3-താറാവ് ഇറച്ചി വാങ്ങിക്കുമ്പോൾ അതിന്റെ നിറം ശ്രദ്ധിക്കുക. താറാവ് ഇറച്ചി ചെറിയ ചുവപ്പോടു കൂടിയ പിങ്ക് നിറത്തിലായിരിക്കും. എന്നാൽ പച്ച നിറവും ചാര നിറവുമുള്ള താറാവ് ഇറച്ചി വിപണിയിൽ കാണാം. അത് വാങ്ങിക്കരുത്. പഴക്കം ചെന്നതാണെന്ന് തിരിച്ചറിയുക. 4-താറാവ് ഇറച്ചി വാങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാകം ചെയ്ത് കഴിക്കുക. അല്ലാതെ ഇത് റഫ്രിജറേറ്ററിൽ വെച്ച് കുറേ നാൾ കഴിക്കാമെന്ന് വിചാരിക്കരുത്.