പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നായിരുന്നു എന്‍ഐഎ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സംസ്ഥാനത്തും നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.