നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
സെപ്റ്റംബർ 29നാണ് ലോക ഹൃദയ ദിനം. ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഒന്ന്...
ആപ്പിൾ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് വെറുതേയല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദിവസവും ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
ബ്രൊക്കോളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ബ്രൊക്കോളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്...
ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
നാല്...
തക്കാളി ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
അഞ്ച്...
സ്ട്രോബെറി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബെറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറിയുടെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ആറ്...
ബീറ്റ്‌റൂട്ട് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ധരും പറയുന്നു.
ഏഴ്...
മാതളനാരങ്ങ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാതളനാരങ്ങ ജ്യൂസിൽ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങയ്ക്ക് കഴിവുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും അതിലൂടെ ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കും.
എട്ട്...
ക്യാരറ്റ് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കാം.
ഒമ്പത്...
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും. അതിനാല്‍ അവക്കാഡോ ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.