തൊടുപുഴയില്‍ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായഹസ്‌തവുമായി മമ്മൂട്ടിയും പൃഥ്വിരാജും
ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. നടൻ ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇരുവരും സഹായം പ്രഖ്യാപിച്ചത്.കുട്ടിക്കര്‍ഷകരെ നടന്‍ ജയറാം നേരിട്ട് സന്ദർശിച്ചു. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു ജയറാമിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെയാണ്. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് ധനസഹായമായി നല്‍കി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുതിയ പശുക്കളെ വില കുറവില്‍ വാങ്ങാന്‍ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കര്‍ഷകരായ ജോര്‍ജിനും മാത്യുവിനും വാക്ക് നല്‍കി. വെള്ളിയാമറ്റത്ത് കുട്ടികളായ ജോര്‍ജുകുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്. കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ മില്‍മ 45000 രൂപ നല്‍കും. പശുക്കള്‍ക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികള്‍ക്ക് കൈമാറും.