ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കാനുണ്ട്.മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കാതെ ഇടവേളകളെടുക്കുക- സ്ക്രീൻ സമയം ക്രമീകരിച്ച്, കണ്ണുകള്‍ക്ക് ഇടയ്ക്ക് വിശ്രമം നല്‍കുക- ശരീരത്തിന്‍റെ ഘടന (പോസ്ചര്‍) ശ്രദ്ധിക്കുക, ആരോഗ്യകരമായ ഭക്ഷണരീതി, ഉറക്കത്തിന് സമയക്രമം, നിര്‍ബന്ധമായ വ്യായാമം എന്നിങ്ങനെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തായാലും ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പിടികൂടാൻ സാധ്യതയുള്ളൊരു രോഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഡീപ് വെയിൻ ത്രോംബോസിസ് അഥവാ ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയെ കുറിച്ചാണ് പറയുന്നത്. ഒരുപാട് സമയം ശരീരം അനക്കമില്ലാതെ ഇരിക്കുമ്പോഴാണ് ഇതിന് സാധ്യതയേറുന്നത്. ദീര്‍ഘനേരം ഇരുന്ന് പതിവായി യാത്ര ചെയ്യുന്നവരിലും (നാല് മണിക്കൂറോ അതിലധികമോ) ഇതേ സാധ്യത കാണാം.
ഡീപ് വെയിൻ ത്രോംബോസിസ് അഥവാ ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥ അത്ര നിസാരമല്ല കെട്ടോ. ഇങ്ങനെ കട്ട പിടിച്ചുകിടക്കുന്ന രക്തം ഞരമ്പിലൂടെ നീങ്ങി ശ്വാസകോശത്തിലെത്തിയാല്‍ അത് ജീവന് തന്നെ ആപത്താണ്. മരണം സംഭവിക്കാവുന്ന അവസ്ഥ എന്നും പറയാം. ഇക്കാരണം കൊണ്ടാണ് ഡീപ് വെയിൻ ത്രോംബോസിസിന്‍റെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് നിര്‍ദേശിക്കുന്നത്.
'റിസ്ക്' കൂട്ടുന്ന ഘടകങ്ങള്‍...
ചില ഘടകങ്ങള്‍ ഡീപ് വെയിൻ ത്രോംബോസിസിന് സാധ്യത ഒന്നുകൂടി ഉയര്‍ത്തും. അമിതവണ്ണം, പ്രായാധിക്യം, ശസ്ത്രക്രിയകള്‍, പരുക്കുകള്‍, ചില ഗര്‍ഭനിരോധന മരുന്നുകള്‍, ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പി, ഗര്‍ഭാവസ്ഥയും പ്രസവത്തിന് ശേഷമുള്ള സമയവും, ക്യാൻസര്‍, ക്യാൻസര്‍ ചികിത്സാഘട്ടം, വെരിക്കോസ് വെയിൻ, വീട്ടിലാര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുള്ളതിന്‍റെ പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും ഡീപ് വെയിൻ ത്രോംബോസിസ് സാധ്യത കൂട്ടുന്നത്. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാത്തതിനാല്‍ തന്നെ ബാധിച്ച അമ്പത് ശതമാനത്തോളം പേരും ഇതെക്കുറിച്ച് തിരിച്ചറിയാറില്ല. എങ്കിലും ചിലരില്‍ ചില ലക്ഷണങ്ങള്‍ കാണാം. കൈകാലുകളില്‍ നീര്, കൈകാലുകളില്‍ വേദന, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പ്രതിരോധമാര്‍ഗങ്ങള്‍...
ഡീപ് വെയിൻ ത്രോംബോസിസ് പിടിപെടാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കാതിരിക്കുക എന്നത് തന്നെയാണ്. ജോലിയിലായാലും യാത്രയിലായാലും ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക, സ്ട്രെച്ചിംഗ് ചെയ്യുക, പടികള്‍ കയറിയിറങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കഴിവതും ചെയ്യണം. അതുപോലെ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ വ്യായാമം പതിവാക്കുകയും വേണം. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് ചെയ്യുന്നതും രോഗത്തിന്‍റെ വരവ് നേരത്തേക്കൂട്ടി അറിയാനും അല്ലെങ്കില്‍ സാധ്യതകള്‍ മനസിലാക്കാനും പ്രതിരോധിക്കാനുമെല്ലാം സഹായിക്കും