ഈരാറ്റുപേട്ട : ഹരിത സഭയുടെ നടത്തിപ്പ് പൂർണമായും വിദ്യാർത്ഥികൾ ഏറ്റെടുത്തതോടെ ഈരാറ്റുപേട്ട നഗരസഭയിലെ കുട്ടികളുടെ ഹരിത സഭ അർത്ഥപൂർണമായി. കഴിഞ്ഞ വർഷം നടന്ന ഹരിത സഭയിൽ ഞങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം അരുവിത്തുറ പാലത്തിലെ മീനച്ചിലാറിന്റെ തീരത്തുള്ള പൊന്തക്കാടുകൾ നീക്കി മറവിലെ മാലിന്യ കേന്ദ്രം നീക്കം ചെയ്ത നഗരസഭ നടപടിയെ പ്രശംസിച്ച കുട്ടികൾ അവിടെ ഇനിയും മാലിന്യങ്ങൾ എത്താതിരിക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് ചോദിച്ചു. അവിടെ സുന്ദരമായ പാർക്കും ഉദ്യാനവും നിർമിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന പരിഹാര നിർദേശം ഉന്നയിച്ച കുട്ടികൾ നഗര പരിധിയിൽ മാലിന്യം തള്ളപ്പെടുന്ന ഇത്തരം പ്രദേശങ്ങൾ ഏറെയുണ്ടെന്ന് ചിത്രങ്ങൾ സഹിതം ചൂണ്ടിക്കാട്ടി.
വൃത്തിയാക്കി ഇവയെല്ലാം സൗന്ദര്യവൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട കുട്ടികൾ അതിന് സേവനം നൽകാൻ തങ്ങൾ ഒരുക്കമാണെന്ന് പറഞ്ഞു. സ്‌കൂളിലെയും നഗരത്തിലെയും മാലിന്യ സംസ്ക്കരണ പ്രശ്നങ്ങളും അതിനുള്ള പരിഹാരത്തിന് വിവിധ ആവശ്യങ്ങളും സഹിതം ഓരോ സ്‌കൂളിനെയും പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചതോടെ ചോദ്യങ്ങളും മറുപടികളുമായി സഭാ നടപടികൾ നീണ്ടത് രണ്ട് മണിക്കൂറോളം. മുഴുവൻ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഒടുവിൽ സഭ പിരിയുമ്പോൾ സഭാ നടപടികൾ പൂർണമായും നിയന്ത്രിച്ച് അധ്യക്ഷത വഹിച്ച മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ സാദിയ സജീറിനെ അഭിനന്ദിച്ചത് കവിളിൽ മുത്തം നൽകി. ഏറെ ചിന്തോദീപകമായിരുന്നു ഇത്തവണത്തെ കുട്ടികളുടെ ഹരിത സഭയെന്നും കുട്ടികൾ ഉന്നയിച്ച വിഷയങ്ങൾ അടുത്ത ദിവസം കുട്ടികൾ തന്നെ മിനിട്സ് ആയി നഗരസഭയ്ക്ക് കൈമാറുന്നതോടെ ഇത് അജണ്ടയാക്കി പ്രത്യേകമായി കൗൺസിൽ യോഗം വിളിച്ചു ചേർത്ത് പരിഹാര നടപടികൾ രേഖാമൂലം നൽകുമെന്നും ഉദ്ഘാടനത്തിന് ശേഷം മറുപടി പ്രസംഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു. അരുവിത്തുറ പാലത്തിന് സമീപത്ത് ഉൾപ്പടെ
നഗരപരിധിയിൽ 15 ഇടങ്ങളിൽ പാർക്കുകളും പൂന്തോട്ടങ്ങളുമാക്കി നിർമിക്കാൻ 50 ലക്ഷം രൂപ ഫണ്ട് ആന്റോ ആന്റണി എംപി അനുവദിച്ചിട്ടുണ്ടെന്നും ഇതിനുള്ള പദ്ധതി സമഗ്രമായി തയ്യാറാക്കി വരികയാണെന്നും ചെയർപേഴ്സൺ അറിയിച്ചു. സഭയിൽ വിദ്യാർത്ഥിനി സ്വാലിഹ ഹാഷിം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വർഷത്തെ ഹരിത സഭയിൽ മികച്ച റിപ്പോർട്ട് അവതരിപ്പിച്ച വിദ്യാർത്ഥിനി ഹാജറ സൈനയ്ക്ക് പുരസ്‌കാരം നൽകി. വിദ്യാർത്ഥി പാനൽ പ്രതിനിധികളായ സൈനബ ഖത്തൂൺ, ഖദീജ ബിൻത് റഫീഖ്, കാശി വിശ്വനാഥ്, സഹൽ ഡിലീഫ്, മുഹമ്മദ് ഫർസാൻ, സൈന മോൾ, ആദിൽ വി റഹീം എന്നിവർ സഭാ നടപടികൾക്ക് നേതൃത്വം നൽകി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ സ്വാഗത പ്രസംഗം നടത്തി. ക്ഷേമ കാര്യ സമിതി അധ്യക്ഷൻ പി എം അബ്ദുൽ ഖാദർ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, സുനിത ഇസ്മായിൽ, ലീന ജെയിംസ്, നൗഫിയ ഇസ്മായിൽ, ഫാസില അബ്സാർ, ഷൈമ റസാഖ്, അബ്ദുൽ ലത്തീഫ്, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്വപ്ന ബി നായർ, വി എച്ച് അനീസ, സോണിമോൾ, ശുചിത്വ മിഷൻ പ്രതിനിധികളായ അബ്ദുൽ മുത്തലിബ്, ഹരിശങ്കർ, നഗരസഭ പരിധിയിലെ 15 സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ, ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 400 വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സ്‌കൂളുകൾക്ക് മെമെന്റോയും വിതരണം ചെയ്തു.