വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ പി പി തങ്കച്ചന്‍ (88) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറായിരുന്നു. എട്ടാം നിയമസഭയില്‍ സ്പീക്കറായി. രണ്ടാം എ കെ.ആന്റണി മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലിയില്‍ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തില്‍ ഡിപ്ലോമ ബിരുദവും നേടി. 1968ല്‍ പെരുമ്പാവൂര്‍ കോര്‍പറേഷന്‍ ചെയര്‍മാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.  

കോട്ടയം

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിലുണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിച്ച് 1500 പുതിയ ഗാർഹിക കണക്ഷനുകൾ നൽകും. കൂടാതെ നിലവിലുള്ള 100 കണക്ഷനുകൾ പുതുക്കി നൽകുകയും ചെയ്യും. ഇതിലൂടെ നഗരസഭാ അതിർത്തിയിലെ പഴയ ക്രമപ്രകാരമുള്ള ഒന്ന്, 3 മുതൽ 17 വരെയും, കൂടാതെ 19 മുതൽ 25 വരെയും ഉള്ള വാർഡുകളിൽ ആണ് പുതുതായി ജലവിതരണ സംവിധാനം ഒരുക്കുന്നത്. മറ്റു വാർഡുകളിൽ നിലവിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉൾപ്പെടെ ശുദ്ധജലവിതരണ സംവിധാനങ്ങൾ ഉള്ളതിനാൽ ആ വാർഡുകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് രണ്ടാം ഘട്ടത്തിൽ കൂടുതൽ കണക്ഷനുകൾ നൽകാവുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കും. , അതിനായി കൂടുതൽ ഫണ്ട് അനുവദിക്കും. തേവരു പാറയിലെ ഉപരിതല ടാങ്കിലേക്ക് മലങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന 90 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജലശുദ്ധീകരണശാലയിൽ നിന്നും ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റിയ ജലം, പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വെട്ടിപ്പറമ്പിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് സ്ഥാപിച്ചിട്ടുള്ള പമ്പിങ് മെയിൻ പൈപ്പിൽ നിന്നും 300 mm വ്യാസമുള്ള 200 മീറ്റർ പൈപ്പ് സ്ഥാപിച്ച് ഗ്രാവിറ്റി ഫ്ലോയിൽ ജലം എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുങ്ങുകയാണ്. പദ്ധതി പൂർത്തീകരിച്ച ശേഷം കൂടുതലായി ജലവിതരണം ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വിതരണ പൈപ്പുകൾ മാത്രം സ്ഥാപിച്ച കണക്ഷൻ നൽകാൻ കഴിയും. അടുത്ത മാസത്തോടുകൂടി നിർമ്മാണ പ്രവർത്തനം ആരംഭിക്കും. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടുകൂടി 24 മണിക്കൂറും ജലവിതരണം നടത്താൻ കഴിയുന്ന പ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതി കാര്യമായി നിലവിലില്ലാത്ത സംസ്ഥാനത്തെ അപൂർവ്വം ചില നഗരസഭകളിൽ ഒന്ന് എന്ന അവസ്ഥയിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് മോചനമാകും.

കേരളം

കർശന വ്യവസ്ഥകളോടെ ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കർശനമായ നിയന്ത്രണങ്ങളോടെയും നിർദേശങ്ങളോടെയും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകി. ശബരിമലയുടെ പവിത്രതയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടതെന്നും, പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകരുതെന്നും കോടതി വ്യക്തമാക്കി. സാധാരണ തീർത്ഥാടകർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ മാത്രമേ സംഗമത്തിൽ പങ്കെടുക്കുന്നവർക്കും നൽകാവൂ. ശബരിമലയുടെ പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഒരു പ്രവർത്തനവും ഉണ്ടാകരുത് എന്നും കോടതി നിർദേശിച്ചു.       സാമ്പത്തിക സുതാര്യത ഉറപ്പാക്കണം സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. നേരത്തെ, സംഗമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ, പരിപാടിയിൽ സർക്കാരിന്റെ പങ്ക്, സംഭാവനയായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കും, കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകും തുടങ്ങിയ കാര്യങ്ങളിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.            സർക്കാരിന്റെ മറുപടി കുംഭമേളയുടെ മാതൃകയിലാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മത സ്ഥാപനങ്ങൾക്കായി സർക്കാരിന് പണം ചെലവഴിക്കാം. ശബരിമല മാസ്റ്റർ പ്ലാൻ 2050 ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കായും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കി.    സംഗമം 20-ന് പമ്പയിൽ ഈ മാസം 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേരളത്തിലെ കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

പ്രാദേശികം

എസ്.ഡി.പി.ഐ. ജനകീയ മാർച്ച് നാളെ ഈരാറ്റുപേട്ട നഗരസഭയിലേക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനും എതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) ജനകീയ മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫീസിലേക്കാണ് മാർച്ച്. ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി.പി. അജ്മൽ മാർച്ച് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സഫീർ കുരുവനാൽ, സെക്രട്ടറി സുബൈർ വെള്ളാപ്പള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം തുടങ്ങിയവർ മാർച്ചിൽ സംസാരിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം 13-ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം ഈ മാസം 13-ന് മാതാക്കലിൽ നടക്കും. ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫലാണ് ഈ വിവരം അറിയിച്ചത്. നാടൻ കലകളും കായിക മത്സരങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കും. പരിപാടിയുടെ വിജയത്തിനായി ജലാൽ മാതാക്കൽ രക്ഷാധികാരിയായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ സമിതിയിൽ അംഗങ്ങളാണ്.

ലോകം

ലോകത്തെ അതിസമ്പന്നരിൽ ഒന്നാമനായി ലാറി എലിസൺ; ഇലോൺ മസ്‌കിനെ മറികടന്നു.

ന്യൂയോർക്ക്:അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം നേടി ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ. സ്പേസ് എക്‌സ്, ടെസ്‌ല എന്നീ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌കിനെ പിന്നിലാക്കിയാണ് എലിസൺ ഈ നേട്ടം കൈവരിച്ചത്. ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് എലിസണിന്റെ ആസ്തി 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറിലെത്തി. നിലവിൽ മസ്‌കിന്റെ ആസ്തി 385 ബില്യൺ ഡോളറാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നേട്ടമാണിത്. ബ്ലൂംബെർഗിന്റെ കണക്കുകളനുസരിച്ച് എലിസൺ തന്നെയാണ് ഒറാക്കിളിന്റെ ഏറ്റവും വലിയ ഓഹരിയുടമ. 2021 മുതൽ അതിസമ്പന്നരുടെ പട്ടികയിൽ മസ്‌ക് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹത്തിന് ഈ സ്ഥാനം നഷ്ടമായെങ്കിലും തിരികെ പിടിച്ചിരുന്നു.

പ്രാദേശികം

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാലാ: പാലായിലെ സെൻ്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയുണ്ടായ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. പരിക്കേറ്റത് രണ്ടാം വർഷ ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർത്ഥിക്കാണ്. ഓണാഘോഷത്തിനിടെ കോളേജ് നിയമങ്ങൾ ലംഘിച്ചതിനാൽ ഇയാളെ വിളിച്ചുവരുത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ടി സി നൽകി. ഇതിൽ മനംനൊന്ത് വിദ്യാർത്ഥി കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ വിദ്യാർത്ഥിയുടെ ഇരുകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻതന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

ഉഴവൂർ: കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ജ്യോതിയുടെ മകൻ ആദിത്യ ജ്യോതിയാണ് (17) അപകടത്തിൽ മരണമടഞ്ഞത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ ഉഴവൂർ – കുര്യനാട് റോഡിൽ പൂവത്തുങ്കലിനു സമീപം നിയന്ത്രണം വിട്ട് റോഡരികിലെ ഗയിറ്റിലും മതിലിലും ഇടിച്ച പൾസർ ബൈക്കിൽ നിന്നും തെറിച്ചു വീണായിരുന്നു അപകടം.  നാട്ടുകാരുടെ സഹായത്താൽ മോനിപ്പള്ളിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ  ദയ ജ്യോതി,സഹോദരൻ കൈലാസ് ജ്യോതി (ഒന്നാം ക്ലാസ് വിദ്യാർത്ഥി)