വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഭൂമിയിലെ മരങ്ങൾ ലേലം ചെയ്യുന്നു

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് അക്വയർ ചെയ്ത ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു. മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ബ്ലോക്ക് 48 ൽ റീസർവ്വെ നമ്പർ 49/13 ൽ പ്പെട്ട സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന പുളിമരം (3), മഴ മരം (2), മാവ് (2), പന (2), പാഴ് മരം (16), പ്ലാവ് (4), ആഞ്ഞിലി (1), മഞ്ചാടി (1) പേര (2), ആത്ത (1), എടന (1), മുരിങ്ങ (1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ഇവയുടെ മതിപ്പു വില 26,167/- രൂപയായി (ഇരുപത്തിയാറായിരത്തി ഒരുന്നൂറ്റി അറുപത്തിയേഴ് രൂപ മാത്രം) നിശ്ചയിച്ചു. മരങ്ങളുടെ പരസ്യ ലേലം 2025 സെപ്റ്റംബ 29 രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൽ വെച്ച് നടക്കും.ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2,620/- രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും, സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും, അംഗികാരം ലഭിച്ച ശേഷം മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്. മരങ്ങൾ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്.ലേലം കൊണ്ടയാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും, ലേല തുകയുടെ 18% ചരക്ക് സേവന നികുതിയും ചരക്ക് സേവന നികുതിയുടെ 1% സെസ്സും, ലേല തുകയും ചരക്ക് സേവന നികുതിയും, സെസ്സും ഉൾപ്പെടുന്ന തുകയുടെ 5.25% ഫോറസ്റ്റ് ഡെവലപ്മെന്റ് ടാക്സും. ലേല തുകയും, ചരക്ക് സേവന നികുതിയും, സെസ്സും, ഫോറസ്റ്റ് ഡെവലപ്മെൻ്റ് ടാക്സും ഉൾപ്പെടുന്ന തുകയുടെ 2.5% ആദായ നികുതിയും അടക്കണം.

കോട്ടയം

ഇടക്കാല ഉത്തരവ് ഭരണഘടനയുടെ പരമാധികാരത്തിന് അടിവരയിട്ടു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ.

കോട്ടയം: പാർലമെൻറ് പാസ്സാക്കിയ വക്കഫ് നിയമ ഭേദഗതി ബില്ലിൻറെ ഭരണഘടനാ വിരദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൻമേൽ ഇന്ന് പ്രസ്താവിച്ച ഇടക്കാല ഉത്തരവ് , മതനിരപേക്ഷ ജനാധിപത്യ ഭാരതത്തിന്റെ ആത്മാഭിമാനം സംരക്ഷിച്ച വിധിയാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട പ്രസ്താവിച്ചു. സംഘടനയുടെ കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഭരണഘടന നൽകിയ സമ്പൂർണ്ണമായ നിയമ പരിരക്ഷയെ നിരാകരിക്കുന്നതും വ്യക്തിപരമായ മൗലിക അവകാശങ്ങളെ കവർന്നെടുക്കുന്നതുമായ നിയമമാണ്, വക്കഫ് നിയമ ഭേദഗതി ബില്ലായി പാർലമെൻറിൽ അവതരിപ്പിച്ചു പാസ്സാക്കിയത്.പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്,സ്ഥാപിത താൽപര്യ സംരക്ഷണത്തിനായി പാർലമെൻറിനെ ദുരുപയോഗം ചെയ്ത ഫാസിസ്റ്റ് ഭരണ സംവിധാനത്തെ തിരുത്തിയ പരമാധികാര നീതിപീഠം, അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻറെ അന്തസ്സും മഹിതമായ പാരമ്പര്യവും കാത്തു സംരക്ഷിച്ചിരിക്കുന്നു. ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, ജില്ലാ പ്രസിഡൻറ് അബ്ദുൽ നാസർ മൗലവി, ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറിമാരായ പി.എ. ഇർഷാദ്, സലീം കിണറ്റിൻമൂട്ടിൽ, ജില്ലാ ഭാരവാഹികളായ ഹബീബ് മൗലവി, നാസർ പനച്ചി(എരുമേലി ജമാഅത്ത് പ്രസിഡൻറ്), മിഥുലാജ് പുത്തൻ വീട്ടിൽ, അഡ്വ പി.എച്ച്. ഷാജഹാൻ, അബ്ദുൽ മജീദ്,ആർ.കെ.ഫിറോസ്, പി.റ്റി.ഷാജി, വി.പി.മജീദ്, കെ.എ.മാഹീൻ, ജലാൽ പൂതക്കുഴി,അബ്ദുൽ സമദ് മൗലവി,നസീർ ചക്കാലക്കൽ,അബ്ദുൽ കരീം,സാബിർ മൗലവി തുടങ്ങിയവർ സംസാരിച്ചു.ജില്ലാ വർക്കിംഗ് പ്രസിഡൻറ് അബ്ദുൽ സലാം (കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു.

പ്രാദേശികം

ദേശീയ തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സുവർണ്ണ നേട്ടവുമായി അരുവിത്തുറ കോളേജിലെ അംജദ് ഹനീഫ .

അരുവിത്തുറ : ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സ്വർണ്ണ മെഡൽ നേട്ടവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ എൻ.സി.സി കെഡറ്റ് അംജദ് ഹനീഫ മികവു തെളിയിച്ചു.നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്. എസ്സ് ,ഹെൽത്ത് ആൻഡ് ഹൈജീൻ ,മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഈ ക്യാമ്പ് പൂർത്തീകരിക്കുക ഏറെ ശ്രമകരമായ ദൗത്യമാണ്. ഫയറിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ ഒമ്പതംഗ സംഘത്തിലെ മുന്നണി പോരാളിയായിരുന്നു അംജദ് ഹനീഫ .സൈനിക് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുകയും  ഫയറിങ്ങിൽ സ്വർണ മെഡൽ നേടുകയും ചെയ്ത അംജദ് ഹനീഫയെയും കോളേജ് എൻ.സി.സി  ഓഫീസർ ക്യാപ്റ്റൻ ഡോ ലൈജു വർഗീസിനെയും കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു

കേരളം

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്‍റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.   

കോട്ടയം

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും.

ഈരാറ്റുപേട്ട :പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, ,മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ പ്രക്ഷോഭ ജാഥ നടത്താൻ ഈരാറ്റുപേട്ടയിൽ ചേർന്ന ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.. കൺവീനർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെറ്റ്കൊ ചെയർമാൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. കെ.എ. സന്തോഷ് കുമാർ,കെ.കെ. കൊച്ചു മുഹമ്മദ്, മുഹമ്മദ് യാസീൻ, തൗഫീഖ് ബഷീർ എന്നിവർ പ്രസംഗിച്ചു

കോട്ടയം

പാലാ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് മരിച്ച യുവാക്കളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും

പാലാ: മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ പോസ്റ്റ് മോർട്ട നടപടികൾ ഇന്ന് രാവിലെ 9.30 നു ആരംഭിക്കും .ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ സാബുവിന്റെ മകൻ ജിസ് സാബു(31), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.ഇരുവരും പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു . ഇതിനുമുമ്പും പല അപകടങ്ങൾ സംഭവിച്ചിട്ടുള്ള കടവാണ് ഇത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാന്‍ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ഇവര്‍ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  ബിബിന്റെ അമ്മ. ബിന്ദു സഹോദരൻ: ബിനീഷ് (ബോബൻ).ജിസിന്റെ അമ്മ അജി. സഹോദരി ജീന

മരണം

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് മരിച്ചത്. അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാർ അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു  അപകടം

കോട്ടയം

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി കണ്ടത്തിൻകരയിൽ ജിസ് സാബു,ചെമ്മലമറ്റം സ്വദേശി വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവർ. ഉച്ചകഴിഞ്ഞ് 2.30 ഓടെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.