വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പെട്രോള്‍ പമ്പിലെ ശൗചാലയം പ്രവൃത്തിസമയം മാത്രം തുറന്നുനല്‍കിയാല്‍ മതി: ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളില്‍ മാത്രം തുറന്നുനല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് തിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പമ്പിലെ സേവനങ്ങള്‍ വാങ്ങാത്തവര്‍ ശൗചാലയം ഉപയോഗിക്കുന്നതിനെ പമ്പ് ഉടമകള്‍ എതിര്‍ത്തു. എന്നാല്‍ ശൗചാലയം ഉപയോഗിക്കാന്‍ പൊതുജനങ്ങളെയും അനുവദിക്കണമെന്നാണ് സിംഗിള്‍ബെഞ്ച് വിധിച്ചത്. ശൗചാലയങ്ങള്‍ 24 മണിക്കൂറും അനുവദിക്കണമെന്ന നിര്‍ദേശവും ഉത്തരവില്‍ ഉണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ടത്. പമ്പുകളുടെ പ്രവൃത്തി സമയത്തിനനുസരിച്ച് മാത്രം ശൗചാലയം അനുവദിച്ചാല്‍ മതി എന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

വിദ്യാഭ്യാസം

കുടുംബശ്രീയുടെ മാ കെയർ പദ്ധതി ജില്ലയിൽ എട്ട് സ്‌കൂളുകളിലേക്ക് കൂടി

കോട്ടയം: കുടുംബശ്രീയുടെ മാ കെയർ പദ്ധതി ജില്ലയിൽ എട്ടു സ്‌കൂളുകളിൽകൂടി ആരംഭിക്കുന്നു. ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട ബ്ലോക്കുകൾക്ക് കീഴിലെ സ്‌കൂളുകളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുകയെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അറിയിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതാണ് മാ കെയർ പദ്ധതി. തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ജില്ലയിൽ ഓഗസ്റ്റ് മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. നിലവിലുള്ള 16 സ്‌കൂളുകളിൽ പദ്ധതി വിജയകരമായതിനെത്തുടർന്നാണ് കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്.ഒരു സ്‌കൂളിൽ പ്രതിമാസം 45,000 രൂപവരെ വിറ്റുവരവ് കുടുംബശ്രീക്ക് ലഭിക്കുന്നുണ്ട്.സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിനാൽ സ്‌കൂൾ സമയത്ത് കുട്ടികൾ ഇവ വാങ്ങുന്നതിന് പുറത്തുപോകുന്നത് ഒഴിവാക്കാനാകും. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഇവിടെനിന്ന് ലഘുഭക്ഷണങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാം. ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കാനും ഇതുവഴി സാധിക്കും.

കോട്ടയം

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം

കോട്ടയം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ ) രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു .തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. മഞ്ഞപ്പിത്തരോഗ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ഐസിന്റെ ഉപയോഗം. ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽകം ഡ്രിങ്കുകൾ നൽകുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നത് എന്നിവയും രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് രോഗബാധ പടർന്ന് പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവ ഉറപ്പാക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ജില്ലയിൽ ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച 195 ഹെപ്പറ്റൈറ്റിസ് എ കേസുകളും സംശയാസ്പദമായ 388   കേസുകളും  ഉൾപ്പെടെ ആകെ 583 കേസുകളും സ്ഥിരീകരിച്ച 5 മരണങ്ങളും സംശയാസ്പദമായ ഒരു മരണവും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ,ഇ രോഗബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം പകരാം. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗലക്ഷണങ്ങൾ കണ്ടാലുടനേ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ചികിത്സ തേടുകയും വേണം. പ്രതിരോധ മാർഗങ്ങൾ   തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുകതിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂട്ടിക്കലർത്തി ഉപയോഗിക്കരുത്പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതുക ആഹാരം പാകം ചെയ്യുന്നതിനും  കഴിക്കുന്നതിനും മുമ്പും ശൗചാലയം  ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്ന ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക  കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക  കൃത്യമായ ഇടവേളകളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ച് കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക @ മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ളോറിനേറ്റ് ചെയ്യുക വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതള പാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക  ആഹാരസാധനങ്ങളും കുടിവെള്ളവും  അടച്ച് സൂക്ഷിക്കുക രോഗബാധയുള്ള പ്രദേശങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും മറ്റും ഭക്ഷണവും വെള്ളവും പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.  ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതള പാനീയങ്ങളിൽ ഉപയോഗിക്കുക. രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെക്കരുത്

പ്രാദേശികം

അരുവിത്തുറ കോളേജിന് മുഖ്യമന്ത്രിയുടെ മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്

അരുവിത്തുറ :ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ പച്ചതുരുത്ത് തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസിനുള്ളിൽ മാനേജ്മെന്റ് അനുവദിച്ചു നൽകിയ 25 സെന്റ് സ്ഥലത്ത് ആണ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയ്യാറാക്കിയത്.  ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നോറ സാന്നിദ്ധ്യമായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെ 50ൽ പരം ഇനങ്ങളിലായി നൂറോളം സസ്യ ങ്ങളാണ് ഈ പച്ചത്തുരുത്ത് വനത്തിൽ ഉള്ളത്. ബോട്ടണി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ വനത്തിന്റെ സംരക്ഷണവും പരിപാലനവും നടപ്പിലാക്കുന്നത്.തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ഡെന്നി തോമസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ഹരിതാഭയും കാർഷിക സംസ്കാരവും പാഠപുസ്തകങ്ങളോട് ചേർത്തുവച്ചിട്ടുള്ള അരുവിത്തുറ കോളേജിന്റെ ജൈവ പരിസരം മുൻപും അംഗീകാരങ്ങൾക്ക് അർഹത നേടിയിട്ടുണ്ട്.പുരസ്കാരം ലഭിക്കാൻ അർഹരായ അധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.

കോട്ടയം

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖില്‍ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്.

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖില്‍ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്. നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖില്‍ കൈകാര്യം ചെയ്തിരുന്ന ഫയലുകള്‍ മേലുദ്യോഗസ്ഥർ പരിശോധിച്ച ശേഷവും അതില്‍ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍. രണ്ടര കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. തട്ടിയെടുത്ത പണം കൊണ്ട് അഖില്‍ ആഡംബര ജീവിതം നയിച്ചു. വില കൂടിയ വാഹനങ്ങളും ഭൂമിയും വാങ്ങി. ഓണ്‍ലൈൻ വഴിയാണ് അഖില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നതെന്നും വിജിലൻസ് പറഞ്ഞു. അഖിലിന്‍റെ വാഹനങ്ങള്‍ വിജിലൻസ് കസ്റ്റഡിയില്‍ എടുക്കും. ഓണ്‍ലൈൻ വഴി അഖില്‍ വാങ്ങിയ സാധനങ്ങളുടെ പർച്ചേസ് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. ഇത്രയധികം പണമിടപാട് എങ്ങനെ നടത്തി എന്നതില്‍ അഖിലിന്‍റെ മൊഴിയില്‍ വ്യക്തത ഇല്ല. ഒളിവില്‍ കഴിയുമ്ബോള്‍ അഖില്‍ യുപിഐ ഇടപാട് നടത്തിയിരുന്നില്ല. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഒരു വർഷത്തിന് ശേഷമാണ് അഖിലിനെ കണ്ടെത്താൻ തന്നെ പൊലീസിന് കഴിഞ്ഞത്.പിടികൂടിയത് കൊല്ലത്തെ ലോഡ്ജില്‍ നിന്നും...വ്യാജ രേഖകള്‍ ഉണ്ടാക്കി പെൻഷൻ തട്ടിയെടുത്തു എന്നാണ് കൊല്ലം സ്വദേശിയായ അഖിലിനെതിരായ കേസ്. അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് അഖില്‍ ഏറ്റവും ഒടുവിലായി ജോലി ചെയ്തിരുന്നത്.നഗരസഭ ധനകാര്യ വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അഖില്‍ സി വർഗീസ് ഒളിവില്‍ പോയി. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോള്‍ വലിയ അപാകത ശ്രദ്ധയില്‍ പെടുകയായിരുന്നു. കോട്ടയം നഗരസഭയില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തില്‍ പണം അയച്ചതായി കണ്ടെത്തി. അഖിലിന്‍റെ അമ്മയാണ് അതെന്ന് വ്യക്തമായി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴി‍ഞ്ഞില്ല. ഒടുവില്‍ വിജിലൻസും അന്വേഷണം തുടങ്ങി ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

പ്രാദേശികം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും അപകടം: കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു.രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലില്‍ ആണ് വീണത്. കുമരകം ചീപ്പുങ്കല്‍ സ്വദേശി കൊച്ചുമോള്‍ ഷിബുവിന്റെ കാലില്‍ ആണ് വീണത്.ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടക്കുമ്പോള്‍ ആണ് മുകളില്‍ നിന്ന് ഒരു കഷ്ണം അടര്‍ന്നു വീണത്.

പ്രാദേശികം

മണ്ഡലതല യോഗവും,പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി.

ഈരാറ്റുപേട്ട : സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലതല യോഗവും,പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും നടത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സ:അഡ്വക്കേറ്റ് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സ. അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹൻ ചേന്നംകുളം,ബാബു കെ ജോർജ്,ഇ കെ മുജീബ്, ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി കെ ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു തുടങ്ങിയ സഖാക്കൾ അഭിവാദ്യം ചെയ്തു. പി രാധാകൃഷ്ണൻ, പി ആർ മനോജ്, കെ എസ് നൗഷാദ്, എം എം മനാഫ്, സി എസ് സജി, വിനോദ് ജോസഫ്, കെ കെ സഞ്ജു, എം ആർ സോമൻ, പി കെ മോഹനൻ, റോബിൻ ജോസഫ്,ആർ രതീഷ്, എന്നിവർ പങ്കെടുത്തു.

കോട്ടയം

*തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ*

കോട്ടയം :വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു.  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മപരിപാടിക്ക് രൂപം നൽകി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശമുണ്ടെങ്കിൽ, അവ നൽകുന്നതിന് ഒക്ടോബർ 10 വരെ അവസരമുണ്ടാകും. തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, ക്ളീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പ് വരുത്തും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.    തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങൾ, ഓഫീസുകൾ, തിരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്ളീൻകേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും.   സ്ഥാനാർത്ഥികൾ, രാഷ്ട്രീയപാർട്ടികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ നൽകും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും.  തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10 ന് മുമ്പ് cru.sec@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ, ജനഹിതം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം.  തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.