വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന

കൊച്ചി ; ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

പ്രാദേശികം

ഹജ്ജ് 2026-പരിശീലന ക്ലാസ് നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നാളെ ഉച്ചകഴിഞ്ഞ് 1:30 മണി മുതൽ 5 മണിവരെ ഈരാറ്റുപേട്ട ബറക്കാത്ത് സ്ക്വയറിൽ വച്ച് നടക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ  മുഹമ്മദ് സക്കീർ  അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോട്  സാങ്കേതിക പഠന ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിക്കും.   പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി മെമ്പർമാരായ അനസ് മനാറ, നൂർ മുഹമ്മദ് നൂർഷാ കള്ളിയത്ത്, ഹജ്ജ് കമ്മറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ഈരാറ്റുപേട്ട മുഹിയുദ്ദീൻ പള്ളി ഇമാം ഹാജി സുബൈർ മൗലവി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഹാജി മുഹമ്മദ് നദീർ മൗലവി തുടങ്ങിയവർ ആശംസകള്‍ നേർന്നു സംസാരിക്കും.സംസ്ഥാന ഹജ്ജ് കമ്മറ്റി  ഫാക്കൽറ്റിമാരായ  എൻ പി ഷാജഹാൻ, അസീം, അബ്ദുറഹ്മാൻ പുഴക്കര തുടങ്ങിയവർ പരിശീലന ക്ലാസിന് നേതൃത്വം നൽകുംഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 6000 വരെ ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ  അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ  ബന്ധപ്പെടണം

കോട്ടയം

ഫലസ്തീൻ ജനതയുടെ കണ്ണുനീർ ലോകരാജ്യങ്ങൾ മൗനം വെടിയണം എസ് ജെഎം

ഈരാറ്റുപേട്ട: ഫലസ്തീൻ ജനതയയെ ഉന്മൂലനം ചെയ്യാൻ ലോകത്തിന്റെ എല്ലാ നിയമങ്ങളുംകാറ്റിൽ പറത്തി പിഞ്ചുകുട്ടികൾ ഉൾപ്പെടെ കൊന്നൊടുക്കപ്പെടുമ്പോൾ ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളുടെ മൗനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മൗനം വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് ജെ എം ആവശ്യപ്പെട്ടു അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ തിട്ടൂരത്തിന് മുന്നിൽ  ചായ കുടിച്ചു പിരിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് പൊറുക്കപ്പെടാത്ത അപരാധമാണ് അറബ് രാജ്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്  ഫലസ്തീൻ ജനത ഒരുനാൾ വിജയിക്കും  അവരുടെ വിശ്വാസത്തെ പിടിച്ചു കെട്ടാൻ  ലോകത്ത് ഒരു രാജ്യങ്ങൾക്കും കഴിയില്ല എന്ന്  ഇതിനോടകം തെളിയിച്ചു കഴിഞ്ഞു  ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കലും പ്രാർത്ഥിക്കലും  ഓരോ ജനതയുടെയും കർത്തവ്യമാണെന്നും വിശ്വാസി സമൂഹം അതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തിരുവസന്തം 1500 എന്ന പ്രമേയത്തിൽ ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ യുടെ കീഴിലുള്ള  മദ്രസകളിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന മീലാദ് ആഘോഷങ്ങൾക്കും നാട്ട് മൗലിദിനും സമാപനം കുറിച്ച്  ഈരാറ്റുപേട്ട സുന്നി ജുമാ മസ്ജിദിൽ നടന്ന മീലാദ് ജൽസയിലും പ്രാർത്ഥന സമ്മേളനത്തിലുമാണ് എസ് ജെ എം ഈകാര്യങ്ങൾ അറിയിച്ചത്   ഭാരതത്തിന്റെ ഐക്യം തകർക്കുന്നതിന് വേണ്ടി കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ കോടതി ഇടപെട്ട് പ്രധാന കാര്യങ്ങൾ സ്റ്റേ ചെയ്തതിൽ പരമോന്നത നീതിപീഠത്തെ പ്രശംസിക്കുന്നതായും ഈ ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഈ യോഗം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി ഈരാററുപേട്ട കടുവാമുഴി മസ്ജിദ് ചീഫ് ഇമാം ഇബ്രാഹീം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു ഐ സി എഫ് ഒമാൻ സ്റ്റേറ്റ് ഉപാധ്യക്ഷൻ നാസറുദ്ദീൻ സഖാഫി കോട്ടയം മുഖ്യപ്രഭാഷണം നടത്തി സമസ്ത സെക്രട്ടറി പി എം അനസ്മദനി, എസ് ജെ എം ജില്ലാ സെക്രട്ടറി അജ്നാസ് സഖാഫി, അർഷദ് ബദരി, നിസാർ മൗലവി, ഹാശിം മന്നാനി, അഷറഫ് മൗലവി, അബ്ദുറഹ്മാൻ സഖാഫി,  സഅദ് അൽ ഖാസിമി, സുലൈമാൻ സഅദി, എന്നിവർ സംസാരിച്ചു യോഗത്തിൽ 2025ലെ കർഷക അവാർഡ് കരസ്ഥമാക്കിയ ഡി കെ എൽ എം മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി തലനാടിനെ ആദരിച്ചു

കോട്ടയം

വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; റിസോർട്ട് ജീവനക്കാരൻ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

കോട്ടയം: വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പള്ളിക്കാനത്തെ റിസോർട്ടിൽ ജോലി ചെയ്യുന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാറാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശി മൈക്കിൾ ദാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനിൽകുമാർ തലക്ഷണം മരിച്ചു. പരിക്കേറ്റ മൈക്കിൾ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ജനറൽ

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. ഗ്രാമിന് 10,320 രൂപയും പവന് 82,560 രൂപയുമായി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും വീണ്ടും വില ഉയരുന്ന പ്രവണതയാണുള്ളത്. ജ്വല്ലറിയിൽ നിന്ന് ആഭരണം വാങ്ങുമ്പോൾ പവന് 90,000 രൂപയാകും. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില.സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80000 രൂപ കടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയാകുകയും ചെയ്തു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി - മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് - തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ - മംഗലം, വെള്ളികുളം - കാരികാട്, കല്ലില്ലാക്കവല - അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം - മൂന്നാംമൈൽ, വേലത്തുശ്ശേരി - കല്ലം, വേലത്തുശ്ശേരി - മുപ്പതേക്കർ, കല്ലം - വേലത്തുശ്ശേരി, തീക്കോയി- വാഗമറ്റം- കല്ലേക്കുളം, പഞ്ചായത്ത്പടി -കല്ലേക്കുളം, തീക്കോയി - മ്ലാക്കുഴി, മ്ലാക്കുഴി കോളനി, പള്ളിവാതിൽ - ഡി സി എം ആർ,അറമത്ത്പടി - ആനിയിളപ്പ് , ഞണ്ട്കല്ല് - മക്കൊള്ളി, ഞണ്ടുകല്ല്- ശാന്തിഗിരി- ചേരിപ്പാട്, തീക്കോയി പള്ളിവാതിൽ - നാഗപ്പാറ, വരകുപാറ - ആലാ നിക്കൽ ജംഗ്ഷൻ, തീക്കോയി - അങ്കണവാടി, തീക്കോയി - പള്ളിവാതിൽ- കൊട്ടാരത്തിൻപാറ, വഴിക്കടവ് -നാട്നോക്കി- മലമേൽ, മാവടി -നെടുങ്ങഴി- ഒറ്റയീട്ടി, വെട്ടിപ്പറമ്പ് - അങ്കണവാടി, വെട്ടിപ്പറമ്പ് - കോന്തനാനി, തീക്കോയി- ചേരിമല, പള്ളിവാതിൽ - കോ ഓപ്പറേറ്റീവ്, ചേരിമല- കൂറ്റിലപ്പാറ എന്നീ 32 ഗ്രാമീണ റോഡുകളാണ് ടെൻഡർ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ മാസത്തിൽ തന്നെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തിൽ റോഡുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.സി ജയിംസ് അറിയിച്ചു.

കേരളം

GST പരിഷ്കാരം പ്രാബല്യത്തിൽ; ഇനി മുതൽ രണ്ട് സ്ലാബുകൾ, അവശ്യ വസ്തുക്കൾക്ക് വില കുറയും

രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജിഎസ്ടി ഉണ്ടാകില്ല എന്നത് സന്തോഷം നൽകുന്ന വിവരമാണ്. നെയ് മുതൽ പനീർ വരെ 700 ഉത്പന്നങ്ങൾക്ക് വില കുറച്ചെന്ന് അമുൽ അറിയിച്ചു. തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. ബിസ്ക്കറ്റിനും ഐസ്ക്രീമിനും ചോക്ലേറ്റിനും കോൺഫ്ലേക്സിനും മറ്റ് ബേക്കറി ഉത്പന്നങ്ങൾക്കും വില കുറയും. 18 ശതമാനം സ്ലാബിൽ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉൾപ്പെടെയുള്ള കമ്പനികൾ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവർക്ക് ആശ്വാസമാകും. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ ഇൻഷുറൻസിനും മെഡിക്കൽ ഉപകരണങ്ങൾക്കും ചെലവ് കുറയും. സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങൾക്കുമാണ് പുതുക്കിയ ജിഎസ്ടി പ്രകാരം വില വർദ്ധിക്കുക. 40 ശതമാനം സിൻ ടാക്സ് ആണ് ലഹരി വസ്തുക്കൾക്കു മുകളിൽ ചുമത്തുക. ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമായാണ് ജിഎസ്ടി ഇളവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

കേരളം

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി ( ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരളകോൺഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു. മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലോ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്. പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുളള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.  ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നൽകണം. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാത്തതുമായ ചിഹ്നമാണ് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.