വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്. അധികംവരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു. ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകള്‍ കുറയ്ക്കുന്നത്.

കോട്ടയം

തീക്കോയി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം നടത്തി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തുവാൻ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.നിലവിൽ 30 ശതമാനം ഡിസ്ട്രിബ്യൂഷൻലൈനിന്റെ ജോലികൾ പൂർത്തിയായിട്ടുണ്ട്. 31 കി.മീ. ദൂരത്തിൽ പൈപ്പ് ലൈനുകൾ ഗ്രാമീണ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ പ്രധാന പമ്പിങ് ലൈൻ 32 കിലോമീറ്ററിൽ 2.5 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ചു. വിവിധ വാർഡുകളിലായി 19 ടാങ്കുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 10 എണ്ണം കോൺക്രീറ്റും 9 എണ്ണം സ്റ്റീൽ ടാങ്കുമാണ്. പ്രധാന ടാങ്ക് കല്ലേക്കുളത്ത് ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയിട്ടുള്ള സ്ഥലത്ത് അഞ്ച് ലക്ഷം ലിറ്റർ കപ്പാസിറ്റിയിൽ അടുത്തമാസം ആദ്യം നിർമ്മാണം ആരംഭിക്കും. നാല് ടാങ്കുകളുടെ നിർമ്മാണത്തിന് പ്ലാൻ അപ്രൂവൽ KWA നൽകിയിട്ടുണ്ട്. ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ചിട്ടുള്ള റോഡുകൾ ഉടൻതന്നെ പുനരുദ്ധാരണ പണികൾ ആരംഭിക്കും.പ്രധാന റോഡായ ആനിയളപ്പ് _വെട്ടിപ്പറമ്പ് -പൂഞ്ഞാർ റോഡ് പത്ത് ദിവസത്തിനുള്ളിൽ ടാറിംഗ് ജോലികൾ ആരംഭിക്കും. ഗ്രാമീണ റോഡുകളിൽ കോൺക്രീറ്റ് പൊളിച്ചതും ഉടൻ തന്നെ റീ കോൺക്രീറ്റ് ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാട്ടർ അതോറിറ്റി A.X. E സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി.എസ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി സിന്ധു മോൾ കെ.കെ, അസിസ്റ്റന്റ് സെക്രട്ടറി സജി പി.ടി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു

കോട്ടയം

വ്യാജ പരസ്യം നൽകി കബളിപ്പിച്ച സ്വർണക്കടയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി കബിളിപ്പിച്ചെന്ന പരാതിയിൽ സ്വർണക്കടയ്ക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.കൂരോപ്പട സ്വദേശി ലിൻസി ജോസഫിന്റെ  പരാതിയിൽ ഇടപ്പള്ളി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെയാണ് നടപടി ' സോഷ്യൽ മീഡിയയിലെ പരസ്യത്തിൽ വിശ്വസിച്ച് 2024 ജൂൺ 25ന് പഴയ സ്വർണം നൽകി പാദസരം വാങ്ങി. ഇത് ഒരു മാസത്തിനുള്ളിൽ പൊട്ടിപ്പോയി. ജ്വല്ലറിയെ സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് ലിൻസി കമ്മീഷനിൽ പരാതി നൽകിയത്.പാദസരം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തിൽ പൊട്ടിയതല്ലെന്നും നിർമാണത്തിലെ പാകപ്പിഴയാണെന്നുംകമ്മീഷന് അപ്രൈസർ റിപ്പോർട്ടു നൽകി. പാദസരത്തിന് ചെലവായ 36200 രൂപയും ഒൻപതു ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായി പതിനായിരം രൂപയും കോടതി ചെലവിനത്തിൽ 2000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ആഭരണം പൊട്ടിപോകില്ലെന്ന് ഉറപ്പു നൽകിയ സോഷ്യൽ മീഡിയ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണമെന്നും  അഡ്വ.എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു,കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശം നൽകി.

കേരളം

കെഎസ്ആർടിസി പുതിയ ഗാനമേള ട്രൂപ്പ് ആംരംഭിക്കുന്നു; ഒരുക്കങ്ങൾ പൂർത്തിയായി

കെഎസ്ആർടിസിക്ക് ഇത് മാറ്റങ്ങളുടെ കാലം. റെക്കോഡ് കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച കെഎസ്ആർടിസി പുതിയ ഗാനമേള ട്രൂപ്പ് ആംരംഭിക്കാൻ ഒരുങ്ങുന്നു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ഇതിനായി ജീവനക്കാരിൽ നിന്ന് എൻട്രി ക്ഷണിച്ചിരിക്കുകയാണ് കെഎസ്ആർടിസി കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും ട്രൂപ്പിൽ അംഗമാകാൻ അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 3 മിനിറ്റിൽ കുറയാത്തതും 5 മിനിറ്റിൽ കൂടാത്തതുമായ വീഡിയോയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത് വീഡിയോയുടെ തുടക്കത്തിൽ പേര്, തസ്തിക, കുടുംബാംഗമാണെങ്കിൽ ജീവനക്കാരൻ/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തണം. പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സമർപ്പിക്കണം. അവസാന തീയതി 25 ഉച്ചയ്ക്ക് 2 മണി. എൻട്രികൾ യൂണിറ്റ് ഓഫീസർ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നൽകേണ്ടത്. ksrtcexpo@gmail.com എന്ന ഇമെയിലിലും 9497001474 എന്ന വാട്‌സാപ്പ് നമ്പറിലും നൽകാവുന്നതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബജറ്റ് ടൂറിസം യാത്രകളിൽ പങ്കാളികളായ ചില ജീവനക്കാരുടെ പാട്ടുകൾ സാമൂഹികമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നതു പരിഗണിച്ചത്. അടുത്തിടെ കെഎസ്ആർടിസി ക്രിക്കറ്റ് ടീം ആരംഭിച്ചിരുന്നു

പ്രാദേശികം

അരുവിത്തുറ കോളേജിന് സംസ്ഥാന സർക്കാർ പുരസ്കാരം.

അരുവിത്തുറ :ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ നിറവിന് അരുവിത്തുറ സെൻറ് ജോർജ് കോളേജ് സംസ്ഥാന സർക്കാർ പുരസ്കാരം നേടി.നാക് റീ അക്രഡിറ്റേഷൻ്റെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്  ജില്ലയിൽ ആദ്യമായി ഏഴുവർഷം കലാവധിയോടെ എ പ്ലസ് പ്ലസ് അംഗീകാരം നേടിയതും അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസും പഠന സൗകര്യങ്ങളും നാക് നിർദ്ധേശിക്കുന്ന ഏഴ് ഇന യോഗ്യതകളും പരിപൂർണമായും നടപ്പിലാക്കിയതും പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് കോളേജ് നേടിയത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്നും കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,കോളേജ് ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, ഐ.ക്യു. എ .സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ്,നാക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ അനധ്യാപക പ്രതിനിധി ബെഞ്ജിത്ത് സേവ്യർ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.പുരസ്കാരത്തിന് അർഹമായ കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിനേയും അധ്യാപകരെയുംഅനധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് മാനേജർ വെരി .റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഭിനന്ദിച്ചു.

പ്രാദേശികം

DAPL സെക്രട്ടേറിയറ്റ് മാർച്ച് സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത്

കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി സംഘടനയായ ഡി.എ.പി.എൽ (DAPL) സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ സമരത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും സജീവമായി പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.  ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദീർഘകാലമായി സർക്കാരിന്റെ പരിഗണനയിലുള്ള വിവിധ വിഷയങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ഡി.എ.പി.എൽ ഈ സമരം നടത്തുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിക്കും. മാർച്ച് വിജയിപ്പിക്കുന്നതിനായി കോട്ടയം ജില്ലാ കമ്മിറ്റി വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുന്നുംപുറത്ത്, സെക്രട്ടറി സാദിഖ് കാട്ടാമല, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഷറഫ് കുന്നംപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. അനസ് മുണ്ടക്കപറമ്പിൽ, സക്കീർ എസ്.ആർ.കെ., നൗഷാദ് ഇടക്കുന്നം, ഷരീഫ് കാടാപുരം, കരുണൻ തീക്കോയി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ഈ സമരം ഭിന്നശേഷി സമൂഹത്തിന്റെ അവകാശപ്പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്ന് ഡി.എ.പി.എൽ ഭാരവാഹികൾ വ്യക്തമാക്കി.

പ്രാദേശികം

നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡ് തുറന്നു

പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കമ്പിളിയോലിക്കൽ- തണ്ണിപ്പാറ റോഡിനെയും, തണ്ണിപ്പാറ - നെല്ലിക്കച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആയി  ഉപയോഗിച്ചിരുന്ന  നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡിന്റെ ഏതാനും ഭാഗം കൂട്ടിമുട്ടിക്കാതിരുന്നതിനാൽ   പൂർണ്ണമായി ഉപയോഗക്ഷമമല്ലാതിരുന്നത് എംഎൽഎ ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പൂർണ്ണമായ തോതിൽ റോഡ് ഉപയോഗക്ഷമമാക്കി പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു അജി, പഞ്ചായത്ത് മെമ്പർമാരായ കെ.ആർ മോഹനൻ നായർ , ബിന്ദു അശോകൻ, വിഷ്ണുരാജ്,മുൻ പഞ്ചായത്ത് മെമ്പർമാരായ ടി. എസ് ബിനുക്കുട്ടൻ,  ഷിഹാബ് ഉസ്മാൻ കുടുംബശ്രീ സിഡിഎസ് മെമ്പർ ഷിജിന, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ കെ. പി മധുകുമാർ, ജോഷി മൂഴിയാങ്കൽ, സാബു കമ്പിളിയോലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. റോഡ്  തമ്മിൽ ബന്ധിപ്പിച്ച് പൂർണമായും ഗതാഗതയോഗ്യമായതോടെ പ്രദേശത്തെ യാത്രാസൗകര്യം വളരെയേറെ വർധിച്ചിരിക്കുകയാണ്. റോഡ് പൂർത്തീകരിച്ചതിൽ  ആഹ്ലാദഭരിതരായ നാട്ടുകാർ പടക്കം പൊട്ടിച്ചും, പായസ വിതരണം നടത്തിയും ഉദ്ഘാടനം വൻ വിജയമാക്കി തീർത്തു.

പ്രാദേശികം

വാർഡിന്റെ ഉത്സവമായി നഗരസഭാ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം

ഈരാറ്റുപേട്ട: നാടിന്റെ ഉത്സവമായി ഗ്രാമോത്സവം. ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷനിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിന് പേരാണ് ആവേശത്തോടെ പങ്കാളികളായത്. ഉച്ചക്കു ശേഷം ആരംഭിച്ച പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി നാടൻ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വടംവലി, ബോൾ പാസിംഗ്, കസേര കളി, കുളംകര, ഷൂട്ടൗട്ട്‌ തുടങ്ങി വിവിധ മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.  വൈകുന്നേരം ഏഴിന് ആരംഭിച്ച സമാപന സമ്മേളനത്തിൽ നഗരസഭ മാതാക്കൽ ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. 2020-25 പൂർത്തിയാകുമ്പോൾ 1.5 കോടി രൂപയുടെ വികസനം ഡിവിഷനിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് കൗൺസിലർ പറഞ്ഞു. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. മാതാക്കൽ ഡിവിഷൻ വികസന സപ്ലിമെന്റ് വ്യവസായ വകുപ്പ് റീജനൽ പ്രോജക്ട് ഓഫിസർ സഹിൽ മുഹമ്മദ് പ്രകാശനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിസാമുദ്ദീൻ, മാഹിൻ വെട്ടിയാംപ്ലാക്കൽ, ഹിലാൽ വെള്ളൂപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ഒരേ മേഖലയിൽ നിരവധി വർഷങ്ങളായി ജോലിയെടുക്കുന്നവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസ വിതരണവും സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ വി.എം. ഷഹീർ സ്വാഗതവും പി.എസ്. ഹക്കീം നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു ശേഷം ഗാനമേള, ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ അരങ്ങേറി. ബഷീർ കുന്നുംപുറം, കെ.എ. സാജിദ്, സിയാദ് കെ.യു, ഹക്കീം പി.എസ് തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു.