കാലവര്‍ഷം നാല് ദിവസത്തിനുള്ളില്‍; തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി
വേനല്‍ മഴ കനക്കുന്നതിനിടെ സംസ്ഥാനത്ത് കാലവര്‍ഷം നാല് ദിവസത്തിനുള്ളില്‍ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാത ചുഴിയുണ്ട്. ഇതിനാല്‍ അടുത്ത 6 ദിവസം കൂടി വേനല്‍ മഴ തുടരും. ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി 4 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയില്‍ എറണാകുളം ജില്ലയില്‍ വിവിധ പ്രദേശങ്ങളും മുങ്ങിയിരുന്നു. ഇന്നും ജില്ലയില്‍ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ കളമശ്ശേരിയില്‍ 400ലധികം വീടുകളില്‍ വെള്ളം കയറിയിരുന്നു. കളമശ്ശേരി, കാക്കനാട്, തൃക്കാക്കര, തൃപ്പുണിത്തുറ തുടങ്ങിയ പ്രദേശങ്ങളെയാണ് മഴ കാര്യമായി ബാധിച്ചത്. ഇന്നും മഴ ശക്തമായി തുടര്‍ന്നാല്‍ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ മുങ്ങും. കളമശ്ശേരിയില്‍ മാത്രം ആറു മണിക്കൂറിനിടെ പെയ്തത് 157 മില്ലിമീറ്റര്‍ മഴയാണ്. മേഘവിസ്‌ഫോടനമാണ് കനത്ത മഴക്ക് കാരണമെന്ന് കുസാറ്റ് അധികൃതര്‍ അഭിപ്രായപ്പെട്ടു. മഴകെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളകെട്ടും മണ്ണിടിച്ചില്‍ ഭീതിയും ഒഴിഞ്ഞില്ല. ഇന്നലെ വൈകീട്ട് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് ഒഴുകിയെത്തിയ വെള്ളം വെള്ളക്കെട്ട് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.