വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു വരുന്നു. മലപ്പുറം ചാലിയാര്‍, പോത്തുകല്‍ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. പോത്തുകല്ലില്‍ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ചാലിയാറിലും പോത്തുകല്ലിലും യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കി. എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ നിര്‍മ്മിക്കാവൂ. ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഹെല്‍ത്ത് കാര്‍ഡ് പരിശോധന കര്‍ശനമാക്കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയ ചികിത്സ തേടണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് എല്ലായിടത്തേയും കുടിവെള്ള സ്ത്രോതസുകള്‍ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും നിര്‍ദേശം നല്‍കി. ഹെപ്പറ്റൈറ്റിസ്-എ ഏറെ അപകടം രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നത്. ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയില്‍ നിന്നും അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകരാന്‍ സാദ്ധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ മഞ്ഞപ്പിത്തം പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാല്‍ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95% കുട്ടികളിലും, 10-25% മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. 2 മുതല്‍ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തില്‍ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ശ്രദ്ധിക്കേണ്ടത് ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യം വരാറുള്ളു. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളായി മരണം വരെ സംഭവിക്കാം. പ്രതിരോധ മാര്‍ഗങ്ങള്‍ · തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക · തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. · കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക · സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക · ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. · രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. · 6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.

ജനറൽ

മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ജാഗ്രത

തിരുവനന്തപുരം: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നൽകുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.മഞ്ഞപിത്തം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതൽ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികൾ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

വിദ്യാഭ്യാസം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു.

87.98 ആണ് ആകെ വിജയശതമാനം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളില്‍ ഫലം അറിയാം. ഡിജിലോക്കറിലും ഫലം ലഭ്യമാണ്. പത്താംക്ലാസ് പരീക്ഷഫലം വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും  

ജനറൽ

മഞ്ഞുമ്മൽ ബോയ്‌സി’ൽ ചെളിക്ക് പകരം ഉപയോഗിച്ചത് ഓറിയോ ബിസ്കറ്റ്..വെളിപ്പെടുത്തി ചിദംബരം

തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ ക്ലൈമാക്സ് അത്രവേഗമൊന്നും ആരും മറക്കില്ല.അതിൽ ശരീരമാസകലം ചെളി പുരണ്ടു കിടക്കുന്ന സുഭാഷിന്റെ സീനിനെ കുറിച്ച് സംവിധായകൻ ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി കുഴച്ചാണ് ഉണ്ടാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്ക്കറ്റ് ആണ് ഉപയോഗിച്ചത്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികം

കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളന റാലി

ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്. അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടങ്ങൾക്കെതിരേയും റാലിയിൽ മുദ്രാവാക്യമുയർന്നു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ സാഹോദര്യത്തിനായുള്ള മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നു. സമാപന സമ്മേളനം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേയ്ക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം. സമുദായങ്ങള്‍ അംഗങ്ങളെ നന്‍മയില്‍ വളര്‍ത്തണം. കുടിയേറ്റം ഒരിക്കലും കയ്യേറ്റമല്ല. ജനസംഖ്യയിലെ കുറവ് നമ്മുടെ സമുദായത്തിന്റെ ബലഹീനതയാണ്. അന്യരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റവും ബാധിക്കുന്നുണ്ട്. സമുദായത്തിലെ ദളിതരെ സമുദ്ധരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. മദ്യവും മയക്കുമരുന്നും വഴി സമുദായം ബലഹീനമാകുന്നു. സമുദായബോധം പകര്‍ന്നുതന്നവരെ കുറിച്ച് സവിസ്തരം പഠിക്കാന്‍ തയാറാകണം. സമുദായബോധം സഭയുടെ അവിഭക്ത ഘടകമാണ്. സഭാ ചരിത്രവും വിജ്ഞാനവും മാറ്റിനിര്‍ത്തി സമുദായം എന്ന നിലയില്‍ വളരാന്‍ കഴിയില്ല. സഭയും സമുദായവും ഒന്നിച്ചുപോകേണ്ടതാണ്. സുദായബോധവല്കരണം തീവ്രമായ നിലയില്‍ നടത്തണം. അത് കേവലം സംവരണബോധമല്ല. ഉത്തരവാദിത്വങ്ങളും നിറവേറ്റണം. സഭയുടെ അടിസ്ഥാന പരാമ്പര്യങ്ങള്‍ ഉറങ്ങിപോകാറുണ്ട്. അതിനെല്ലാം ഉണര്‍വ് നല്കിയത് കത്തോലിക്കാ കോണ്‍ഗ്രസാണ്. പ്രതിസന്ധികളിലെല്ലാം അവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണ പരിധി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ പരിധി 5 ഏക്കറായും വാര്‍ഷികവരുമാനം 8 ലക്ഷവും ആക്കി ഉയര്‍ത്തണം. അല്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പട്ടികയില്‍ നിന്നും പുറത്താകും. ജെബി കോശി റിപോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണം. നിരവധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം റദ്ദാക്കി. അതിനെല്ലാം എതിരായി ശക്തമായ സ്വരം ഉയരണം. സമുദായബോധത്തിനായി ശരീരവും ആത്മാവും ഒന്നിച്ചുചേരണം. നസ്രാണികളുടെ സമുദായത്തിന്റെ ബലം എന്താണെന്ന് രാജ്യം തിരിച്ചറിയണം. എണ്ണത്തേക്കാള്‍ മഹത്വും സ്വാധീനവും നമുക്കുണ്ട്. വ്യക്തിപരമായി നിലനിന്നാല്‍ പോരാ സഭയായി നിലനില്‍ക്കാന്‍ സാധിക്കണമെന്നും ബിഷപ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

കേരളം

ആശ്വാസമായി വേനൽ മഴ; വൈദ്യുതി ഉപഭോഗം പത്തു കോടി യൂണിറ്റിന് താഴെയെത്തി

സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചതോടെ ഈ മാസം ആദ്യമായി വൈദ്യുതി ഉപഭോഗം പത്തു കോടി യൂണിറ്റിന് താഴെയെത്തി. ഇന്നലത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റാണ്. വൈദ്യുതി ആവശ്യകതയും 5000 MW ന് താഴെ എത്തി. ഇന്നലെ പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആണ് വേണ്ടി വന്നത്. കഴിഞ്ഞ മാസം ആദ്യയാഴ്ച തന്നെ വൈദ്യുതി ഉപയോഗം പത്തു കോടി യൂണിറ്റിലെത്തിയിരുന്നു. 11 കോടി യൂണിറ്റിന് മുകളിൽരേഖപ്പെടുത്തി തുടർച്ചയായി സർവകാല റെക്കോർഡ് ഭേദിക്കുകയും ചെയ്തിരുന്നു.

പ്രാദേശികം

മുഴുവൻ മാർക്ക് നേടി അന്നാ റോയി അഭിമാനമായി

ഈരാറ്റുപേട്ട:ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി അന്നാ റോയി നാടിന് അഭിമാനമായി. പ്ലസ്ടു വിൽ  കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ അന്ന ഗ്രേസ് മാർക്കില്ലാതെയാണ് ഈ സുവർണനേട്ടം സ്വന്തമാക്കിയത്. പൂഞ്ഞാർ തറപ്പേൽ വീട്ടിൽ ജോർജിന്റെയും ഡെയ്‌സി ജോർജിന്റെയും മകളാണ് അന്ന. പത്താം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ റോയിയാണ് സഹോദരി.  സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായ ടി.ടി. വർക്കിസാറിൻറെ കൊച്ചുമകളാണ് ഈ മിടുക്കി .

മരണം

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ(കോന്നച്ചാടത്ത്)ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു.

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ(കോന്നച്ചാടത്ത്)ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ:-ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല  മരുമക്കൽ:- സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ്(മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ്(കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ)