വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഹൈടെക് അംഗൻവാടി ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട .നഗരസഭയിലെ 26 ആം വാർഡിലെ  ജില്ലയിലെ ആദ്യ എ സി അംഗനവാടിയുടെ ഉദ്ഘാടനം  ആന്റോ ആന്റണി എംപി നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു അബിൻ വർക്കി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ , കൗൺസിലന്മാരായ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, ഫസിൽ റഷീദ്, അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; രക്തംവാര്‍ന്ന് മൃതദേഹങ്ങള്‍, കൊലപാതകമെന്ന് സംശയം

കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരെയാണ് തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന വിജയകുമാര്‍ വിരമിച്ച ശേഷം നാട്ടില്‍ ഭാര്യക്കൊപ്പം കഴിയുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.

കേരളം

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂം ഉടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്. യൂസ്ഡ് കാര്‍ ഷോറൂം ഉടമകള്‍ ലൈസന്‍സ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഷോറൂമുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോട്ടയം

കണമല- എരുമേലി റോഡ് നവീകരണത്തിന് 10 കോടി.

 എരുമേലി ;ശബരിമല പാതയായ എരുമേലി -കണമല റോഡിൽ  വരുന്ന അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിങ്   കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ തുക ഉപയോഗിച്ച് റോഡിൽ ഉണ്ടാകുന്ന കുഴികൾ അടയ്ക്കൽ, റോഡ് സുരക്ഷിതത്വ ക്രമീകരണങ്ങൾ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ , റോഡ് മാർക്കിംഗ് , സൂചന, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിതെളിക്കൽ , ഓടകൾ ക്ലീൻ ചെയ്ത് വെള്ളമൊഴുക്ക്, പുതിയ ഓടകൾ നിർമ്മാണവും, സൈഡ് കോൺക്രീറ്റിങ്ങും നടത്തുക, ആവശ്യമുള്ളിടത്ത് പുതിയ കലുങ്കുകൾ നിർമ്മിക്കുക തുടങ്ങി റോഡിന്റെ മികച്ച പരിപാലനവും എല്ലാ സമയത്തും മെച്ചപ്പെട്ട ഗതാഗത സാഹചര്യവും ഒരുക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ശബരിമല തീർത്ഥാടകരുടെ പ്രധാന പാത എന്നുള്ള നിലയിൽ റോഡിന്റെ നിലവാരം ഉറപ്പുവരുത്തേണ്ടത് ഉള്ളതിനാൽ  പരിപാലനം പ്രത്യേകമായി അഞ്ചു വർഷത്തേക്കുള്ള പരിപാലനത്തിന് തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

അന്തരിച്ച മുന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.കുഞ്ഞുമോൻ ഫോട്ടോ അനാച്ഛാദനവും, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന് കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ നാമകരണവും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്തരിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.കുഞ്ഞുമോന്‍ അവറുകളുടെ ഫോട്ടോ അനാച്ഛാദനവും, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന് കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ നാമകരണവും ബഹു. പത്തനംതിട്ട എം.പി. ആന്‍റോ ആന്‍റണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം ആശംസിച്ചു. ആശംസകള്‍ അര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ആനന്ദ് ജോസഫ്, ചാര്‍ലി ഐസക്, ജോസുകുട്ടി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റാന്‍, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍ ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഓമന ഗോപാലന്‍, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവർ സംസാരിച്ചു. കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ള ആളുകളും യോഗത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് നന്ദിയും രേഖപ്പെടുത്തി.

പ്രാദേശികം

അധ്യാപക രക്ഷാകർതൃ സംഗമവും നവാഗതർക്ക് വിദ്യാരംഭവും

ഈരാറ്റുപേട്ട: നടക്കൽ മസ്ജിദുൽ അമാന്റെയും ദാറുൽ ഉലൂം മദ്റസയുടെയും ആഭിമുഖ്യത്തിൽ അധ്യാപക രക്ഷകർതൃ സംഗമവും നവാഗതരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാരംഭവും അമാൻ മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മദ്രസ മാനേജർ സൈനുൽ ആബിദീൻ പാറയിൽ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് സി.പി. അബ്ദുൽ ബാസിത് യോഗം ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി റഈസ് മാങ്കുഴക്കൽ ആമുഖ പ്രഭാഷണം നടത്തി. മഹല്ല് ചീഫ് ഇമാം മുഹമ്മദ്‌ ബൽയ ഖാൻ റഷാദി മുഖ്യ പ്രഭാഷണം നടത്തി. സാബിത് അൽ ഖാസിമി, അബ്‌ദുൽ റഹീം മളാഹിരി, നസീബ് ബാഖവി, സിറാജുദ്ധീൻ മൗലവി, ഹാഫിസ് ആഷിഖ് മൗലവി, ഇയാസ് സഖാഫി, മഹല്ല് ഭാരവാഹികൾ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ദാറുൽ ഉലൂം മദ്രസ വിദ്യാർത്ഥികളായ ഉമറുൽ ഫാറൂഖ്, മുഹമ്മദ്‌ സിയാൻ എന്നിവരുടെ മാജിക് ഷോ സംഘടിപ്പിച്ചു. മദ്രസ സദർ മുഅല്ലിം ത്വയ്യിബ് അൽ ഖാസിമി സ്വാഗതവും മദ്രസ കൺവീനർ എം.പി. നൗഷാദ് നന്ദിയും പറഞ്ഞു.

കോട്ടയം

എരുമേലി വിമാനത്താവളം; ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി

എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. 2013 ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നടപടി വേഗത്തിൽ പൂർത്തിയാക്കി, പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ആകെ 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 2,263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും എസ്റ്റേറ്റിന് പുറത്ത് സ്ഥിതിചെയ്യുന്ന 307 ഏക്കറും ഉൾപ്പെടുന്നു. ഭൂമി ഏറ്റെടുക്കലിലാണ് ഭരണാനുമതിയായിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച് ഭൂമിയേറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സാമൂഹിക ആഘാത വിലയിരുത്തൽ റിപ്പോർട്ട്, എസ്‌ഐ‌എ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ, ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന പ്രദേശവാസികളുടെയും എതിർപ്പിനെത്തുടർന്ന് ഭൂമി ഏറ്റെടുക്കലിനും വേണ്ടിയുള്ള മുൻ വിജ്ഞാപനങ്ങൾ സർക്കാർ റദ്ദാക്കിയതിത്. ഇത് രണ്ടാം തവണയാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകുന്നത്.

ലോകം

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.