വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

'സൗജന്യമായി ജനങ്ങൾക്ക് വിദ്യാഭ്യാസവും വൈദ്യസഹായവും കൊടുക്കു... ദാരിദ്ര്യം പൂർണമായും തുടച്ചുമാറ്റാൻ കഴിയും’: അരവിന്ദ് കെജ്രിവാൾ

ഡൽഹി: ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും ദാരിദ്ര്യം പൂർണമായും തുടച്ചു മാറ്റാനുള്ള കഴിവുണ്ടെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തലസ്ഥാന നഗരിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾക്കു മുമ്പ്, വോട്ടുകൾ സംഭരിക്കാനായി ജനങ്ങൾക്ക് സൗജന്യമായി പലതും നൽകുന്നവർ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ‘രേവഡി സമ്പ്രദായം’ എന്നാണ് ഒരു മധുരപലഹാരത്തിന്റെ പേരിനോടുപമിച്ച് അദ്ദേഹം ഈ രീതിയെ വിശേഷിപ്പിച്ചത്. ഇത്തരം നടപടികൾ രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണ് കെജ്രിവാളിന്റെ പ്രസ്താവന. സൗജന്യമായി വൈദ്യസഹായവും വിദ്യാഭ്യാസവും നൽകിയാൽ, ഒരൊറ്റ തലമുറ കൊണ്ട് തന്നെ ദാരിദ്ര്യം തുടച്ചു മാറ്റാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരുമിച്ചു നമ്മൾ ബ്രിട്ടീഷുകാരെ തുരത്തി. അതുപോലെ, ഒരുമിച്ച് നിന്ന് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും നമ്മൾക്ക് സാധിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു

ജനറൽ

എത്ര ശ്രമിച്ചാലും കൊതുക് നിങ്ങളെ തിരഞ്ഞ് പിടിച്ച് കടിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? കാരണമിതാണ്

അപകടകാരിയായ ജീവിയാണ് കൊതുക്. അവപരത്തുന്ന രോഗങ്ങളും ചില്ലറയല്ല. കൊതുക് കടിച്ചാലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ വേറേയും. അത് കൊണ്ട് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും കൊതുകിന്റെ കടിയേൽക്കാതിരിക്കാനുമാണ് ശ്രമിക്കേണ്ടത്. എന്നാൽ എത്ര ശ്രമിച്ചാലും കൊതുക് നിങ്ങളെ തിരഞ്ഞ് പിടിച്ച് കടിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ആൾക്കൂട്ടത്തിലായാലും നിങ്ങൾക്ക് മാത്രം കൊതുക് കടിയേൽക്കുന്നുണ്ടെന്ന് തോന്നലുണ്ടോ? എന്നാലിത് നിങ്ങളുടെ മാത്രം തോന്നലല്ല. സത്യമാണ്. അതിന് പല ശാസ്ത്രീയ വിശദീകരണങ്ങളും നൽകുന്നുണ്ട്. വസ്ത്രത്തിന്റെ നിറം ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ കൊതുകുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഗന്ധം കാഴ്ച കഴിഞ്ഞാൽ പിന്നെ ഗന്ധമായിരിക്കും കൊതുകുകൾ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്. ശരീരത്തിന്റെ താപനില ശരീരത്തിന്റെ താപനില കൂടുന്നതിന് അനുസരിച്ച് കൊതുകുകൾ ശരീരത്തിലേക്കെത്തും. ഗർഭിണിയായിരിക്കുമ്പോൾ മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു. രക്തഗ്രൂപ്പ് നിങ്ങളുടെ രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത ‘എ’, ‘എബി’ അല്ലെങ്കിൽ ‘ബി’ ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നു. ചർമ്മത്തിലെ ബാക്ടീരിയ ചർമ്മത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ പുറപ്പെടുവിപ്പിക്കുന്ന ഗന്ധം കൊതുകുകളെ ആകർഷിച്ചേക്കാമെന്ന് നെതർലാൻഡിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളും കൊതുകുകൾ ആകർഷിക്കപ്പെടുന്നതും തമ്മിൽ ബന്ധമുള്ളതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജനറൽ

50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് 'സീതാരാമൻ' ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി ദുൽഖർ സൽമാൻ ചിത്രം സീതാരാമൻ. 50 കോടി കളക്ഷൻ ലഭിച്ച വിവരം പുറത്ത് വിട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ്. 30 കോടിക്ക് മുകളിലാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു. യുഎസിൽ, മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ ചത്രമാണ് നിലവിൽ സീതാരാമൻ. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. 1960 കളിലെ കശ്മീർ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ മൃണാൾ താക്കൂർ , സുമന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 25 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 50 കോടി ക്ലബ്ബിൽ ഇടം നേടിയത് ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാനും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.  ദുൽഖർ സൽമാൻ പങ്കുവെച്ച കുറിപ്പ്... തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ‘ഓകെ ബംഗാരം’ ആണ്. ആ ചിത്രത്തിൽ അവസരം നൽകിയതിന് മണി സാറിന് നന്ദി, നിങ്ങൾ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നൽകി, അതിലൂടെ എനിക്ക് മറ്റൊരു ഭാഷയിൽ നിന്ന് അളവറ്റ സ്നേഹവും ലഭിച്ചു. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യിൽ ജെമിനിയായി അഭിനയിക്കാൻ. ഗ്രേ ഷേഡുകൾ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങൾ എനിക്ക് സ്നേഹവും ബഹുമാനവും നൽകി. സിനിമ ഞാൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്ന വിളികൾ സ്ഥിരമായി. കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ് എന്നീ ചിത്രങ്ങൾ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. സീതാരാമന് ലഭിക്കുന്ന പ്രതികരണങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.  

കേരളം

സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 106.31 രൂപയും ഡീസലിനു 94.28 രൂപയുമാണ് വില. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിനു 106.03 രൂപയും ഡീസലിനു 92.76 രൂപയുമാണ് വില. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

കേരളം

മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍‍ർജി കോടതി ഇന്ന് പരി​ഗണിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി ഇന്ന്‌ പരിഗണിക്കും. മണ്ണാർക്കാട് എസ്.സി എസ്.ടി വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. ഇന്ന് വിസ്താരം ഉണ്ടെങ്കിൽ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ് , ഇരുപത്തി ആറാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കും. ഇരുപത്തി ഏഴാം സാക്ഷി സെയ്ദതലവി, ഇരുപത്തി എട്ടാം സാക്ഷി മണികണ്ഠൻ, ഇരുപത്തി ഒമ്പതാം  സാക്ഷി സുനിൽ കുമാർ,മുപ്പതാം സാക്ഷി താജുദ്ദീൻ, മുപ്പത്തി ഒന്നാം സാക്ഷി ദീപു എന്നിവരെ ആണ് വിസ്തരിക്കുക. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്.

കേരളം

ഷാജഹാൻ കൊലപാതകം ; ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ പിടിയിൽ, ബിജെപി സഹായത്തോടെയാണ് കൊല നടത്തിയതെന്ന ആരോപണവുമായി ഷാജഹാന്റെ കുടുംബം

പാലക്കാട്: കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ പിടിയിൽ. രണ്ടു പ്രതികളാണ് പിടിയിലായത് എന്നാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും, സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.അതേസമയം ഷാജഹാന്റെ കൊലപാതക കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവർത്തനം ആരംഭിക്കും. പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തിൽ 19 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം വ്യക്തമാകാൻ കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ശബരി എന്ന ആളാണ് ഷാജഹാനെ ആദ്യം വെട്ടിയത് എന്നും അനീഷ് എന്നയാൾ രണ്ടാമതാണ് വെട്ടിയതെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. വെട്ടിയ രണ്ടുപേരും പാർട്ടി മെമ്പർമാരാണ്.ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആയിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ഷാജഹാന്റെത് രാഷ്‌ട്രീയകൊലപാതകമാണെന്നായിരുന്നു സിപിഎം വാദം.കഴിഞ്ഞ ദിവസമാണ് മലമ്പുഴ കുന്നംങ്കാട് വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികൾ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘാമാണ് ഇയാളെ വെട്ടിയത്. ഷാജഹാന്റെ കാലിലും, ശരീരത്തിലും മാരകമായി വെട്ടേറ്റിരുന്നു. അതേസമയം ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസം മുമ്പ് നവീൻ വെട്ടിക്കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി. കൊലപാതകം ആസൂത്രിതമാണ്. ഈ ആസൂത്രിതമായ കൊലയ്ക്ക് പിന്നിൽ ബി ജെ പി ആണെന്നും കുടുംബം ആരോപിക്കുന്നു. ബി ജെ പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഷാജഹാൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തർക്കം തുടങ്ങിയത്. പ്രതികൾ ഒരു വർഷം മുമ്പ് വരെ സി പി എം പ്രവർത്തകർ ആയിരുന്നുവെന്നും കുടുംബം

ഇൻഡ്യ

ആസാദി കാ അമൃത് മഹോത്സവ്; ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും

സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം രാജ്യം ത്രിവര്‍ണ്ണമണിയും. വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രചാരണം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കം കുറിക്കും. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രി  ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം ഏറ്റെടുത്തുണ്ട്. ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയര്‍ത്തുന്നത്. 20 കോടി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഫ്‌ളാഗ് കോഡിലെ ഭേദഗതി പ്രകാരം ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്തുന്ന പതാക രാത്രിയില്‍ താഴ്‌ത്തേണ്ടതില്ല. സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലെഫ്. ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. ഹര്‍ ഘര്‍ തിരംഗ പ്രചാരണ ഭാഗമായി തപാല്‍ വകുപ്പ് ഒരു കോടിയിലേറെ പതാകകള്‍ ഇതിനകം വിറ്റഴിച്ചു. ഡല്‍ഹി സര്‍ക്കാരും വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.