50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് 'സീതാരാമൻ' ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി ദുൽഖർ സൽമാൻ ചിത്രം സീതാരാമൻ. 50 കോടി കളക്ഷൻ ലഭിച്ച വിവരം പുറത്ത് വിട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ്. 30 കോടിക്ക് മുകളിലാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യുഎസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു. യുഎസിൽ, മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന മൂന്നാമത്തെ ചത്രമാണ് നിലവിൽ സീതാരാമൻ. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. 1960 കളിലെ കശ്മീർ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ മൃണാൾ താക്കൂർ , സുമന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 25 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 50 കോടി ക്ലബ്ബിൽ ഇടം നേടിയത് ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാനും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചത്. ദുൽഖർ സൽമാൻ പങ്കുവെച്ച കുറിപ്പ്... തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ‘ഓകെ ബംഗാരം’ ആണ്. ആ ചിത്രത്തിൽ അവസരം നൽകിയതിന് മണി സാറിന് നന്ദി, നിങ്ങൾ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നൽകി, അതിലൂടെ എനിക്ക് മറ്റൊരു ഭാഷയിൽ നിന്ന് അളവറ്റ സ്നേഹവും ലഭിച്ചു. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യിൽ ജെമിനിയായി അഭിനയിക്കാൻ. ഗ്രേ ഷേഡുകൾ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങൾ എനിക്ക് സ്നേഹവും ബഹുമാനവും നൽകി. സിനിമ ഞാൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്ന വിളികൾ സ്ഥിരമായി. കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ് എന്നീ ചിത്രങ്ങൾ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. സീതാരാമന് ലഭിക്കുന്ന പ്രതികരണങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.