വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

എംടിയുടെ വിയോഗം; സംസ്ഥാനത്ത് ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടി എന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും മുഖ്യമന്ത്രി കുറിച്ചു.  

മരണം

ഈരാറ്റുപേട്ട സ്വദേശി സൗദിയിൽ നിര്യാതനായി*

ഈരാറ്റുപേട്ട: സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈർ സൗദിയിലെ അറാറിൽനിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റഫയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈറിനെ വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു.  30 വർഷത്തോളമായി റഫയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സൗദിയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.   

കേരളം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്‌ കഴിഞ്ഞ  കുറച്ച് ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത്ത ന്നെ എഴുത്തില്‍ സജീവമായിരുന്നു. കോളേജ് കാലത്ത് ജയകേരളം മാസികയിൽ എംടിയുടെ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്‌ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത്‌. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടിയുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യ നോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ട്‌’ ആണ്‌ (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ ആണ്‌. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതിയാണ്‌ ചലച്ചിത്ര എം.ടി ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്‌. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്‌. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനി. കൃഷ്ണവാര്യരുടെ പിൻഗാമിയായി 1968ൽ മുഖ്യപത്രാധിപരായി. 1981നുശേഷം ചെറിയ ഇടവേള. പിന്നീട് 88ൽ മാതൃഭൂമി പിരിയോഡിക്കൽസിന്‍റെ എഡിറ്ററായി ശേഷം 99ലാണ് പിരിഞ്ഞത്. 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടിയുടെ ജനനം. അച്ഛൻ ടി നാരായണന്‍ നായര്‍, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍ സിതാര, അശ്വതി. മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും നേടി. മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു ഫിലിം ഫെയർ, സിനിമാ എക്സ്പ്രസ് അവാർഡുകളും ലഭിച്ചു. മറ്റ്‌ അവാർഡുകൾ: കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്കാരം (’95, ’99), ജ്ഞാനപീഠ പുരസ്കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്കാരം (2000), എം.കെ.കെ. നായർ പുരസ്കാരം (2000), ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).  

പ്രാദേശികം

അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം. ഡോ :ഹഫീസ് റഹ്മാൻ

ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ  ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു. അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു.ഐ. ജി.റ്റി  ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം  പൂർവ്വ വിദ്യാർഥിയും ഇൻഡസ്ട്രിയൽ ഡിപാർട്ട്മെൻ്റ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ സഹിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികളിൽ കഴിവ് തെളിയിച്ചവരെ വേദിയിൽ ആദരിച്ചു.ശനിയാഴ്ച രാവിലെ 9 മണിക്ക്  ഐ.ജി.റ്റി വർക്കിംഗ് ചെയർമാൻ എ.എം അബ്ദുൽ ജലീൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ ഫരീദ്  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ട്രസ്റ്റ് ഭാരവാഹികളായ കെ. കെ മുഹമ്മദ്‌ സാദിഖ്,പി. എം.ആനിഷ്,ഹസീബ് വി.എ, യാസിർ പുള്ളോലി, അഡ്മിനിസ്റ്റർ എച്ച്.അബദു റഹീം,പി.ടി.എ പ്രസിഡൻ്റ് അൻവർ അലിയാർ , ഡിവിഷൻ കൗൺസിലർ എസ്.കെ  നൗഫൽ, അക്കാഡമിക് കൺവീനർ അവിനാഷ് മൂസ ,എം.പി.ടി.എ പ്രസിഡൻ്റ്  റെസിന ജാഫർ, അക്കാഡമിക് കോഡിനേറ്റർ ജുഫിൻ ഹാഷിം, ഹെവൻസ് പ്രിൻസിപ്പൽ സജ്ന ഇസ്മായിൽ, പി. ആർ. ഒ മുഹമ്മദ് ഷെഫീഖ്എന്നിവർ പങ്കെടുത്തു.  ഐ. ജി.റ്റി സെക്രട്ടറി  കെ.എം  സക്കീർ ഹുസൈൻ  സ്വാഗതവും വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദിയും രേഖപ്പെടുത്തി.  

കേരളം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാത്ത ഭിന്നശേഷിക്കാർക്ക് വീണ്ടും അവസരം

  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട  50 വയസ്സ് പൂർത്തിയാകാത്ത (31/12/2024-നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2024 ഡിസംബർ 19 മുതൽ 2025 മാർച്ച് 18 വരെ രജിസ്ട്രേഷന്‍ പുതുക്കാം.    എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ പ്രത്യേക പുതുക്കലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, യുഡി ഐഡി കാര്‍ഡ് /പുതുക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവയും  ഹാജരാക്കണം. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ഔദ്യോ​ഗിക  വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.   

പ്രാദേശികം

*ധാർമ്മിക വിദ്യാഭ്യാസത്തിന് കാലിക പ്രസക്തി വർധിക്കുന്നു: പ്രൊഫ. എ. എം റഷീദ്

ഈരാറ്റുപേട്ട : അനുദിനം വളരുകയും വികസിക്കുകയും ചെയ്യുന്ന ആധുനിക വിദ്യാഭ്യാസ മേഖലയിൽ ധാർമ്മിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം വർധിച്ചു വരികയാണെന്ന് ഈരാറ്റുപേട്ട എം. ഇ. എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ. എം റഷീദ് പറഞ്ഞു. ഈരാറ്റുപേട്ട തൻമിയ ഇസ്‌ലാമിക് സ്കൂളിൻ്റെ പതിനാലാമത് വാർഷികാഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായിക്കൊണ്ടിരിക്കുന്ന ധാർമ്മികച്യുതിയെ മറി കടക്കാൻ എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളും മൂല്യാധിഷ്ഠിതമാവണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും കരിക്കുലത്തിൽ ധാർമ്മിക പാഠങ്ങൾ ഉൾക്കൊള്ളിക്കപ്പെടുന്നത് ഈയൊരു പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. അൽമിനാർ സൈനുദ്ദീൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പി. എസ് അബ്ദുൽ കരീം, ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയ പ്രിൻസിപ്പാൾ റാസിക് റഹീം, പി.റ്റി.എ പ്രസിഡൻ്റ് പി.എസ് മാഹിൻ, തൻമിയ ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഷഹീദ് , സ്കൂൾ ഹെഡ് ബോയ് ഉമറുൽ ഫാറൂഖ്, ഹെഡ് ഗേൾ ഹന്ന മർയം എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ എം.കെ കബീർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

പ്രാദേശികം

ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ: ജെയ്‌സൺ ജോസ് ഇടമുളയിലും സെക്രട്ടറിയായി അഡ്വ: ജോമോൻ ഐക്കരയും തിരഞ്ഞെടുക്കപ്പെട്ടു

ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ: ജെയ്‌സൺ ജോസ് ഇടമുളയിലും സെക്രട്ടറിയായി അഡ്വ: ജോമോൻ ഐക്കരയും തിരഞ്ഞെടുക്കപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും, ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയുമാണ് അഡ്വ. ജോമോൻ ഐക്കര.

പ്രാദേശികം

കെ .എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ സംരക്ഷിക്കുക; രാപ്പകൽ സമരം ഇന്ന്

ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി ഒരു മാസമായി നടത്തിവന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി സംരക്ഷണ കാമ്പയിന്റെ സമാപനമായുള്ള രാപ്പകൽ സമരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണി മുതൽ നാളെ രാവിലെ എട്ട് മണിവരെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ നടക്കുന്ന സമരം എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ടയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.