കേരളത്തിലേക്ക് വിമാന മാർഗത്തിലൂടെ ലഹരിമരുന്ന് കടത്ത്; തൃശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
തൃശൂർ: കേരളത്തിലേക്ക് വിമാനമാർഗത്തിലൂടെ ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കളെ തൃശുർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശികളായ ദയാൽ,അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊറിയർ മാർഗം ഇവർ അയച്ചു കൊടുത്ത അരക്കിലോ എംഡിഎംഎ പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച മെത്താഫെറ്റമിൻ എന്ന മാരക മയക്കുമരുന്നുമായി ഇവർ പിടിയിലായിരുന്നു. ഓഗസ്റ്റ് 11 ന് തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ 100 ഗ്രാം മെത്താഫെറ്റമിൻ കൈമാറാനുള്ള നീക്കത്തിനിടെ ദയാലും അഖിലും തൃശ്ശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് അറിഞ്ഞത്. വിമാനമാർഗം ദില്ലിയിലെത്തുന്ന ഇവർ നൈജീരിയൻ പൗരനിൽ നിന്നാണ് സിന്തറ്റിക് വിഭാഗത്തിലുള്ള മയക്കുമരുന്ന് വാങ്ങുന്നത്. വിമാന മാർഗം തന്നെയാണ് ഇത് സംസ്ഥാനത്തേക്ക് കടത്തുന്നത് എന്നും വ്യക്തമായി. വീട്ടുകാരുടെ ആഭരണങ്ങൾ പണയപ്പെടുത്തി 4 ലക്ഷം രൂപയാണ് നൈജീരിയൻ പൗരന് ഇതിനായി നൽകിയത്. കൊറിയർ മാർഗവും മയക്കുമരുന്ന് അയക്കുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരക്കിലോ എംഡിഎംഎ പിടികൂടിയത്. കൊച്ചിയിലെ ഏജൻസി വഴിയാണ് ഇവർ എംഡിഎംഎ അയച്ചത്. ഈ കേസിൽ ഇവരുടെ അറസ്റ്റ് ഈസ്റ്റ് സിഐ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.