ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ചു; സിഐയെ സ്ഥലം മാറ്റി
തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച സിഐയെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനാണ് സ്ഥലംമാറ്റം. ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറിയെന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. നടപടിക്ക് ആസ്പദമായ സംഭവം ഇങ്ങനെയാണ്: കരകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന്, പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാല്‍, മൊഴി നല്‍കാനുള്‍പ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താന്‍ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.