സൗഹൃദവും, സഹിഷ്ണുതയും വീണ്ടെടുക്കാൻ യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; അഡ്വ.മോൻസ് ജോസഫ് എം എൽ എ
കോട്ടയം: രാജ്യം സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 75 വർഷങ്ങൾ പിന്നിടുമ്പോൾ ഭരണ ഘടനയെ അട്ടിമറിക്കുവാനും ജനങ്ങളെ വർഗീയമായി വേർതിരിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അതിന്നായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളെയും ഫാസിസ്റ്റ് ശക്തികൾ കയ്യടക്കി വെച്ചിരിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതിനാൽ കരുതലോടെ മുന്നേറണമെന്നും പോയ കാലത്തെ സൗഹൃദവും സഹിഷ്ണുതയും വീണ്ടെടുക്കാൻ കൂട്ടായി യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അഡ്വ.മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു. "സൗഹൃദം വീണ്ടെടുക്കാൻ" എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ ഹൈദ്രൂസ് ഉസ്താദ് നയിക്കുന്ന ദക്ഷിണ കേരള യാത്രയ്ക്ക് തലയോലപ്പറമ്പിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചി സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പിഎം അനസ് മദനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജാഥാ നായകൻ ഹൈദ്രൂസ് മുസ്‌ലിയാർ മറുപടി പ്രഭാഷണം നടത്തി. എസ് എസ് എഫ് ദേശീയ അധ്യക്ഷൻ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. വിഭജനത്തിന്റെ നീറുന്ന വേദനകൾക്കിടയിലും സൗഹാർദത്തിന്റെ വിലപ്പെട്ട സന്ദേശം നൽകി കലാപം കെട്ടടങ്ങാൻ അതിർത്തി ഗ്രാമങ്ങളിൽ പ്രയത്നിച്ച ഗാന്ധിജിയെയും മൗലാനാ അബുൽ കലാം ആസാദിനെപ്പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ അവമതിക്കുകയും, ബ്രിട്ടീഷ് ഗവൺമെന്റിന് മാപ്പെഴുതിക്കൊടുത്തവർ രാജ്യസ്നേഹികളാവുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് അരങ്ങേറുന്നത്. ദീർഘ വീക്ഷണത്തോടെ രാഷ്ട്ര ശിൽപികൾ എഴുതി തയ്യാറാക്കിയ ഭരണഘടനയെപ്പോലും ലംഖിക്കുകയും,സമ്പത്‌ഘടനയേ താറുമാറാക്കി രാജ്യത്തെ തീരാക്കടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത ഭരണകുടങ്ങൾ സ്വീകരിക്കുന്നു. ഇതിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ക്രിയാത്മകമായി പ്രതിപക്ഷം പ്രതികരിക്കുകയും, യുവാക്കൾ ഉന്നത വിദ്യാഭ്യസിക്കുകയും ടെക്‌നോളജിയിൽ യുവത മുന്നേറുകയും ചെയ്യേണ്ടതുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. വി എച്ച് അലിദാരിമി,പി ടി നാസർ ഹാജി,കെ എം മുഹമ്മദ് എന്നിവർ ഹൈദ്രൂസ് ഉസ്താദിന് ആദരവ് നൽകി,എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി ആമുഖ പ്രഭാഷണം നിർവഹിച്ചു.ടിഎം റഷീദ് കരിപ്പാടം,വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,നൗഷാദ് ഹാജി,ലിയാഖത്ത് സഖാഫി,സിയാദ് അഹ്‌സനി,നിസാർ തിരുവാതുക്കൽ,ആരിഫ് ഇൻസാഫ്,സുലൈമാൻ ജൗഹരി,അഷ്‌റഫ് കുഴിപ്പള്ളി,ശിഹാബ് കാട്ടിക്കുന്നു,ഷാജഹാൻ സഖാഫി,സിഎം ഷമീർ,നവാസ് ജൗഹരി,അൻവർ മദനി സംസാരിച്ചു.