അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി; നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ വിളവെടുപ്പ് നടത്തി
ഈരാറ്റുപേട്ട: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കൃഷിയിൽ വിളവെടുപ്പ് നടത്തി. നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുത്തൻ വീട്ടിൽ മുഹമ്മദ് ഖാന്റെ സ്ഥലത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തി. കൗൺസിലർ എസ് കെ നൗഫലിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന പദ്ധതിയിൽ നിന്നും രണ്ടാം തവണയാണ് വിളവെടുപ്പ് നടത്തുന്നത്. നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുമാണ് കൃഷിക്കുള്ള തുക അനുവദിച്ചത്. ആദ്യ തവണ പച്ചക്കറി വിഭവങ്ങളായ വെണ്ട, വഴുതന, മത്തൻ, മുളക് , ചീര എന്നിവയാണ് കൃഷി നടത്തി വാർഡിലെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തത് എങ്കിൽ ഇത്തവണ ഏത്തക്കുലയും കപ്പയുമാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. ഒരേക്കർ സ്ഥലത്ത് 600ചുവട് കപ്പയും 150 ഏത്ത വാഴയുമാണ് വിളഞ്ഞത്. ആദ്യഘട്ടത്തിൽ കപ്പയാണ് വിളവെടുപ്പ് നടത്തുന്നത്. മുന്തിയ ഇനം കപ്പയാണ് കൃഷി നടത്തിയത്. ഓരോ ചുവട് കപ്പക്കും ശരാശരി പത്തിനും ഇരുപതിനും ഇടയിൽ തൂക്കമുണ്ട് മൊത്തം 6000 കിലോ കപ്പയാണ് പ്രതീക്ഷിക്കുന്നത്. പറിച്ചെടുക്കുന്ന കപ്പ മിതമായ നിരക്കിൽ വാർഡിലെ ജനങ്ങൾക്ക് തന്നെ വിൽക്കാനാണ് തീരുമാനം. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡിലെ തന്നെ നിർധനരായ രോഗികൾക്ക് നൽകും. ചിങ്ങം ഒന്ന് കാർഷക ദിനത്തിൽ നഗരസഭാ സെക്രട്ടറി സുമയ്യ ബീവിയും , കൃഷി ഓഫീസർ രമ്യയും, അയ്യങ്കാളി ഓവർസിയർ അലീഷയും ചേർന്ന് ആദ്യ ചുവട് കപ്പ പറിച്ചെടുത്ത് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. അയ്യങ്കാളി പദ്ധതികൾ പലതും പേപ്പറുകളിൽ ഒതുങ്ങുമ്പോൾ ആറാം വാർഡ് കൗൺസിലർ നഗരസഭക്ക് തന്നെ മാതൃകയാണന്ന് കൃഷി ഓഫീസർ പറഞ്ഞു. കർഷകൻ സൈതലവിയെ കൃഷി ഓഫീസർ പൊന്നാട അണിയിച്ച് ആദരിച്ചു. കോഡിനേറ്റർ ഷെഹീർ വെള്ളൂപ്പറമ്പിൽ , അൻസാർ മസ്ജിദ് ഇമാം അനസുൽ ഖാസിമി, വെൽഫെയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി യൂസഫ് ഹിബ, വൈസ് പ്രസിഡന്റ് ഫിർദൗസ് റെഷീദ്, മുസ്ലിം ലീഗ് നേതാവ് മാഹിൻ കടുവാമുഴി , സ്ഥലം ഉടമ മുഹമ്മദ് ഖാൻ, സിയാദുൽ ഹഖ്, എൻ എം ഷെരീഫ് ,ഹക്കീം പുത്തൻ പറമ്പിൽ എന്നിവർ പങ്കെടുത്തു.