വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം; സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളനം

ഈരാറ്റുപേട്ട : വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളന പ്രമേയത്തിലൂടെ ആവിശ്യപെട്ടു.  കെആർ ശശിധരൻ നഗറിൽ ( ഭരണങ്ങാനം വെട്ടുകല്ലേൽ ആർകേഡ്) നടക്കുന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഓണത്തിന് മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഓണാക്കിറ്റ് നൽകുന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രതിനിധികൾ അഭിനന്ദിച്ചു.  ഏരിയ പ്രസിഡന്റ്‌ പി എസ് ശശിധരൻ സമ്മേളനത്തിന് ആദ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ടി ആർ ശിവദാസ് സ്വാഗതവും, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ റെജി രക്തസാക്ഷി പ്രമേയവും, എം എച് ഷനീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഏരിയ സെക്രട്ടറി ജോയി ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷർളി മാത്യു, ജില്ലാ കമ്മിറ്റി അംഗം കെ ജെ അനിൽകുമാർ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സിജി നോബിൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - പ്രസിഡന്റ്‌ : ടിഎസ് സ്നേഹധനൻ, വൈസ് പ്രസിഡന്റ്‌ : ടി മുരളി, എം എച് ഷനീർ, മിനി ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി : സിഎം സിറിയക്ക്, ജോയിന്റ് സെക്രട്ടറി : ടി എസ് സിജു, വികെ മോഹനൻ, സിജി നോബിൾ, ട്രെഷറർ : പിഎസ് ശശിധരൻ അടങ്ങുന്ന 30 അംഗ കമ്മിറ്റി.

പ്രാദേശികം

ദിലീപ് കേസുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ഈരാറ്റുപേട്ട: പി.സി.ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. നടന്‍ ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പേരിലുള്ള സ്ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. ഇത് അയച്ചത് ഷോണിന്റെ നമ്പറില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി വാങ്ങിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ദിലീപിന്റെ സഹോദരനുമായി ഷോണ്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു.

കേരളം

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് മുതൽ തുടക്കം കുറിക്കും

തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും അലോട്ട്‌മെന്റ് പൂർത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്. അലോട്ട്മെൻറ് കിട്ടിയിട്ടും അതത് സ്കൂളുകളിൽ എത്താത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.  

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സംരംഭക വർഷം 2022- 23ന്റെ  ഭാഗമായി താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിലിന്റെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഹാളിൽ വച്ച്  ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ  സുഹറ അബ്ദുൾഹാദർ മേള ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ നിഷാമോൾ എ.വി. മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ., ഫെഡറൽ ബാങ്ക്, കേരളാ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക്, ഈരാറ്റുപേട്ട അർബൻ സൊസൈറ്റി എന്നിങ്ങനെ എട്ടോളം ബാങ്കുകളും കുടുംബശ്രീ, എൻ.യു.എൽ. എം., എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫിഷറീസ്, കേരള പിന്നോക്ക വികസന കോർപ്പറേഷൻ, കെ.എഫ്.സി., മുൻസിപ്പാലിറ്റി ഹെൽത്ത് സെക്ഷൻ, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരും എസ്.സി., എസ്.ടി. പ്രമോട്ടഴ്സും പങ്കെടുത്തു. 150 ഓളം പേർ പങ്കെടുത്ത മേളയിൽ വെച്ച് ലോൺ, ലൈസൻസ്, സബ്സിഡി എന്നിവ വിതരണം  ചെയ്യുകയുണ്ടായി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും മറ്റ് അനുബന്ധ ഡിപ്പാർട്ട്മെന്റ്കളുടെ സഹായവും മേളയിൽ വെച്ച് തന്നെ ലഭ്യമാക്കുകയുണ്ടായി. വ്യവസായ വകുപ്പും ഈരാറ്റുപേട്ട  മുൻസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിച്ച  മേള ഒരു വൻ വിജയമായിരുന്നു എന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അറിയിച്ചു.

പ്രാദേശികം

വനിതകളുടെ അഭിമുഖ്യത്തിൽ പായസോത്സവം സംഘടിപ്പിച്ചു

പൂഞ്ഞാർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം ഓഗസ്റ്റ് 28 ഞായറാഴ്ച പൂഞ്ഞാർ തെക്കേക്കരയിൽ നടക്കുന്നതിനോട് അനുബന്ധിച്ചു തെക്കേക്കര മേഖല കമ്മിറ്റി പായസോത്‌സവം സംഘടിപ്പിച്ചു. എ.ഐ.ഡി.ഡബ്ലു  സംസ്ഥാന കമ്മിറ്റിയംഗം  രമാ മോഹൻ പായസോത്സവം ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യധാരയുടെ വക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തന വിജയം തന്നെയായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം ടി.എസ് സ്നേഹാധരൻ , ലോക്കൽ സെക്രട്ടറി ടി.എസ്‌ സിജു , നിഷ സാനു, ബിന്ദു സുരേന്ദ്രൻ , രാജി വിജയൻ, ബീന മധുമോൻ , ജോസ്ന ജോസ് , ദേവസ്യാച്ചൻ വാണിയപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

സ്ത്രീകൾക്കായുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'; ധനസഹായം നൽകുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട 'മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി , ജൈന, എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിധവ/വിവാഹബന്ധം വേർപ്പെടുത്തിയവർ / ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000/-  രൂപയാണ് ധനസഹായം. വീടിൻറെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് . അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബിപിഎൽ , ശാരീരിക മാനസിക വെല്ലുവിളി, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്കു മുൻഗണന. പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം കളക്ടറേറ്റിൽ നിന്നോ http://www.minoritywelfre.kerala.gov.in  എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും പൂരിപ്പിച്ച അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം കലക്ട്രേറ്റിലെ ന്യൂനപക്ഷ സെല്ലിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ന്യൂനപക്ഷ ക്ഷേമ, സെക്ഷൻ ജില്ലാ കളക്ടറേറ്റ് കോട്ടയം, എന്ന വിലാസത്തിൽ തപാൽ മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022/8/ 30. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിലെ  0481-2562201 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.

ജനറൽ

കുട്ടികളുടെ പ്രിയപ്പെട്ട ചിക്കൻ ചീസ് ബോൾ; റെസിപ്പി

ചീസ് കൊണ്ടുള്ള വിഭവങ്ങൾ പൊതുവേ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. കോട്ടേജ് ചീസ്, ഇറ്റാലിയൻ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയിൽ ലഭ്യമാണ്. കോട്ടേജ് ചീസ് ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതാണ്. ചീസ് കൊണ്ട് കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ?  ചിക്കൻ ചീസ് ബോൾ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ? കുട്ടികൾക്കും നോൺവെജ് പ്രിയർക്കും ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഇത്. മികച്ചൊരു ഹെൽത്തി സ്നാക്ക് കൂടിയാണിത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ചിക്കൻ ചീസ് ബോൾ.  വേണ്ട ചേരുവകൾ... ഉരുളക്കിഴങ്ങ്                        അരക്കിലോ കൊഴിയിറച്ചി                       അരക്കിലോ മുട്ടയുടെ വെള്ള                  4 എണ്ണം വെളുത്തുള്ളി                       6 അല്ലി ജീരകം                                  ഒരു ടീസ്പൂൺ വെണ്ണ                                     ഒരു ടീസ്പൂൺ ബ്രഡ് പൊടിച്ചത്               പാകത്തിന് കുരമുളക് പൊടി              ആവശ്യത്തിന് തയ്യാറാക്കുന്ന വിധം... ആദ്യം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേർക്കാം. ശേഷം ചീനച്ചട്ടിയിൽ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിങ്ങ് ചേർത്ത് കുഴച്ച് വച്ചിരിക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അൽപം ഇളക്കിയ ശേഷം വാങ്ങി വയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോൾ രൂപത്തിലാക്ക കൈയ്യിൽ വച്ച് പരത്താം. അതിനകത്തേക്ക് അൽപം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടിയെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. അൽപം ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക. രുചികരമായ ചീസ് ബോൾ തയ്യാർ...

കേരളം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ല; ആരോഗ്യ മന്ത്രാലയം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോ​ഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ വ്യക്തമാക്കി. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന എച്ച്‌എഫ്‌എംഡിയുടെ വകഭേദമാണ് തക്കാളിപ്പനിയെന്ന് സർക്കാർ അറിയിച്ചു. ഈ വൈറസിന് സാർസ് കോവ് 2, മങ്കിപോക്സ്, ഡെങ്കിപ്പനി അല്ലെങ്കിൽ ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എന്ററോവൈറസുകളുടെ ഗ്രൂപ്പിൽ പെടുന്ന Coxsackie A 17 ആണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗം സ്വയം പരിമിതപ്പെടുത്തുന്ന രോഗമാണെന്നും അതിനെ ചികിത്സിക്കാൻ പ്രത്യേക മരുന്ന് നിലവിലില്ലെന്നും വിദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ഒരു വൈറൽ രോഗമാണെന്നും ശരീരഭാഗങ്ങളിലെ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണെന്നും വി​​ദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്. അതിൽ പനി, തിണർപ്പ്, സന്ധികളിലെ വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവ പ്രകടമാകാം. മറ്റ് വൈറൽ അണുബാധകൾ പോലെ, ക്ഷീണം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധികളുടെ വീക്കം, ശരീരവേദന, സാധാരണ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.