കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം: നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ഡൽഹി: കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ലെഫ്‌റ്റനന്റ് ഗവർണർ വിനയ്‌കുമാർ സക്സേന ആശങ്ക അറിയിച്ചു. ഡൽഹിയിൽ തുടർച്ചയായി 12 ദിവസം രണ്ടായിരത്തിലധികം കൊവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണമെന്ന് വിനയ്‌കുമാർ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.