വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വിഴിഞ്ഞം തുറമുഖത്തിനെതിരേ സമരം ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത; തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം കൂടുതല്‍ ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. മല്‍സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ ഭാഗമായി കൊച്ചിയിലെ മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധനയാത്രയുടെ സമാപനം കുറിച്ചാണ് വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി നടത്തിയത്. ഹാര്‍ബറില്‍ നിന്ന് ആരംഭിച്ച റാലി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം ഫഌഗ് ഓഫ് ചെയ്തു. മൂന്നരയോടെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് തുടങ്ങിയ ജനബോധന യാത്ര നാലരയോടെയാണ് തുറമുഖ കവാടത്തിന് മുന്നിലെത്തിയത്. വൈദികരും, സന്യസ്തരും, വിശ്വാസികളും, മല്‍സ്യത്തൊഴിലാളികളും അടക്കം പതിനായിരങ്ങള്‍ ബഹുജന റാലിയില്‍ പങ്കാളികളായി. പരിസ്ഥിതി പ്രവര്‍ത്തകരായ സി ആര്‍ നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവരുമെത്തി. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പദ്ധതി മല്‍സ്യത്തൊഴിലാളികളെയും തീരത്തെയും ഇല്ലാതാക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാരും അദാനിയും ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്ന സമയം വിദൂരമല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. ജനബോധന റാലിക്കിടെ മുല്ലൂര്‍ കവാടത്തിന് മുന്നില്‍ സമരക്കാരും പോലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചിലര്‍ ബാരിക്കേഡ് മറിച്ചിട്ടു. സമരം ശക്തമാക്കുന്നതിന് ആഹ്വാനവുമായി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്. നിലവില്‍ തുടരുന്ന ഇന്ന് (തിങ്കളാഴ്ച )മുതല്‍ ഉപവാസ സത്യഗ്രഹസമരം 24 മണിക്കൂറാക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെ 250 പേരും രാത്രി 75 പേരും ധര്‍ണയില്‍ നാളെ മുതല്‍ ഒക്ടോബര്‍ മൂന്നുവരെ പങ്കെടുക്കും. തുറമുഖ സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. 21 മുതല്‍ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സമരം തുടങ്ങും. സംസ്ഥാനത്തെ ക്വാറികളും പരിസ്ഥിതി ദുര്‍ബല മേഖലകളും കേന്ദ്രീകരിച്ച് സമരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ദേശീയതലത്തിലേക്കും സമരം വ്യാപിപ്പിക്കും. മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനറും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാളുമായ മോണ്‍. യൂജിന്‍.എച്ച് പെരേര പറഞ്ഞു. 

കേരളം

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ  ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പോലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. വിടുതൽ ഹർജി സമർപ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ജനറൽ

വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു

മലപ്പുറം: സ്വാതന്ത്രൃസമര സേനാനിയും നവോത്ഥാന നായകനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു. ഉമര്‍ ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വാര്‍ത്താസമ്മേളനത്തിലൂടെ സിനിമാ പ്രഖ്യാപനം നടത്തിയത്. ദേശീയ പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് നികുതി നിഷേധത്തിന് തുടക്കം കുറിച്ചത് ഉമര്‍ ഖാദിയാണ്. ഉമര്‍ ഖാദിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരിക്കും സിനിമയുടെ മുഖ്യ പ്രമേയം. 'വെളിയങ്കോട് ഉമര്‍ഖാദി' എന്ന പേരില്‍ റെസ്കോ ഫിലിംസിന്‍റെ ബാനറില്‍ ഉമര്‍ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റാണ് സിനിമ നിര്‍മിക്കുക. സയ്യിദ് ഉസ്‍മാനയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. റസാഖ് കുടല്ലൂര്‍ പ്രൊജക്ട് ഡിസൈനറും ഷൈലോക് വെളിയങ്കോട് കോ ഓഡിനേറ്ററുമാണ്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഒ.ടി മുഹ്‍യുദ്ദീന്‍ മൗലവി, ജനറല്‍ സെക്രട്ടറി റസാഖ് കുടല്ലൂര്‍, പി.എം മുഹമ്മദലി, റഷീദ് കാറാടയില്‍ എന്നിവര്‍ പങ്കെടുത്തു.

കേരളം

റിപബ്ലിക്കിനെ രക്ഷിക്കുക; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്

കോഴിക്കോട്: സേവ്ദി റിപബ്ലിക് ദേശവ്യാപക കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് കടപ്പുറത്ത് ജനമഹാ സമ്മേളനം . സമ്മേളനത്തിന്റെ ഭാഗമായി വോളണ്ടിയര്‍ മാര്‍ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. വൈകീട്ട് 4.30ന് വോളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കും. ജനമഹാസമ്മേളനത്തില്‍ ജനലക്ഷങ്ങളാണ് അണിനിരക്കാനെത്തുക. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും.  എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌നാ സിറാജ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി സപ്തംബര്‍ 15, 16 തിയ്യതികളില്‍ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്.  നമ്മുടെ രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും ഫലമായാണ് ലോകത്തിന്റെ നെറുകയില്‍ അന്തസ്സോടെ ഇന്ത്യന്‍ റിപബ്ലിക് ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. എന്നാല്‍, വംശീയതയും കൂട്ടക്കൊലകളും മുഖമുദ്രയാക്കിയ ഹിന്ദുത്വ ഭരണകൂടം, നാണക്കേടുകൊണ്ട് ലോകത്തിനു മുമ്പില്‍ തലനിവര്‍ത്താനാവാത്ത ഗതികേടിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. ആര്‍എസ്എസിന്റെ സവര്‍ണ, വംശീയ രാഷ്ട്രനിര്‍മിതിക്ക് എതിരായ ചെറുത്തുനില്‍പ്പുകള്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്. വിസമ്മതത്തിന്റെ ശബ്ദംകൊണ്ട് തെരുവുകള്‍ പ്രക്ഷുബ്ധമാവണം.  പോപുലര്‍ ഫ്രണ്ട് അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വരെ ധീരമായ ചെറുത്തുനില്‍പ്പിലൂടെയും നിരന്തര പോരാട്ടങ്ങളിലൂടെയും അടിയറപറയിപ്പിച്ച ധീര ദേശാഭിമാനികളുടെയും സ്വാതന്ത്ര്യ പോരാളികളുടെയും പിന്മുറക്കാര്‍ക്ക് രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ഭീകരവാദികളില്‍നിന്ന് റിപബ്ലിക്കിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തീര്‍ച്ചയായും വിജയം വരിക്കാനാവും. നമ്മുടെ രാജ്യത്തിന്റെ റിപബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും തിരിച്ചുപിടിക്കുമെന്നുള്ള പ്രഖ്യാപനമാണ് ജന മഹാസമ്മേളനമെന്ന് സംഘാടക സമിതി ചൂണ്ടിക്കാട്ടി. 

കേരളം

തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ എയർഗണ്ണുമായി രംഗത്തെത്തിയ ബേക്കൽ ഇല്യാസ് നഗർ സ്വദേശിക്കെതിരെ153 പ്രകാരം പോലീസ് കേസെടുത്തു

കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയടൈഗർ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ്  കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞു.  

പ്രവാസം

മഹാബലിക്ക് ഓണവുമായി ബന്ധമില്ല,മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്ന്​ മന്ത്രി മുരളീധരന്‍; പ്രസ്താവന വിവാദത്തില്‍

ദുബൈ: മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്ന പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വെള്ളിയാഴ്ച ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷച്ചടങ്ങ്​ ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. വാമനന്‍ മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നു എന്നാണ് ഐതിഹ്യം -മന്ത്രി പറഞ്ഞു. ബി.ജെ.പി അനുകൂല സംഘടനയുമായി സഹകരിച്ച്‌​ സംഘടിപ്പിച്ച ഓണാഘോഷത്തിലാണ്​ മുരളീധരന്‍ പരാമര്‍ശം നടത്തിയത്​. വിമാനയാത്രാ നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ചടങ്ങിന്​ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു. ഓരോ സീസണിലും യാത്രക്കാരെ പിഴിയുന്ന വിമാനകമ്ബനികളുടെ കൊള്ള അവസാനിപ്പിക്കും. നിരക്ക് വര്‍ധന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടും. ഇതിലൂടെ അമിതമായ നിരക്ക് വര്‍ധനവ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യ യു.എ.ഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എ.ഇയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും കോണ്‍സുലേറ്റ്​ ഉദ്യോഗസ്ഥരും ചടങ്ങില്‍ പ​ങ്കെടുത്തു.

കോട്ടയം

തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് സി പി എം അജണ്ട ബി ജെ പി

മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ - ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സി പി എം ന്റെ രാഷ്ട്രീയ അജണ്ട യാണെന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അരോപ്പിച്ചു. കേരളത്തിലെ നിരവധി സഹകരണ സംഘങ്ങൾ തകർത്ത് സാധാരണക്കാരെ വഴയാധാരമാക്കിയ സി പി എം  വളരെ നന്നായി പ്രവർത്തിക്കുകയും കേരളത്തിലെ തന്നെ മികച്ച ബാങ്കെന്ന് പേരെടുത്തിട്ടുള്ള മീനച്ചിൽ ഈസ്റ്റ്‌ അർബൻ ബാങ്കിനെ കൂടി സ്വന്തമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് ബി ജെ പി പ്രസ്താവിച്ചു.ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ, ജില്ലാ കമ്മിറ്റി യംഗം പൂഞ്ഞാർ മാത്യു, മണ്ഡലം നേതാക്കളായ ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, ദീപ സന്തോഷ്‌, മഞ്ജു സജീവ്, ബിൻസ് മാളിയേക്കൽ, സാബുജി മറ്റത്തിൽ, മാനി അടിവാരം, തുടങ്ങിയവർ സംസാരിച്ചു

മരണം

ആലപ്പുഴയിൽ നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ ഹരിപ്പാട്  നിസ്കാരത്തിനിടെ  ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്രിബ് നിസ്കാരത്തിനിടെയാണ് സംഭവം. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമ കാർത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.