വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കിയേക്കും; അക്കാദമിക് കലണ്ടർ പുനക്രമീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഇത്തവണ ഓണം ക്രിസ്മസ് പരീക്ഷകൾ ഉണ്ടായേക്കില്ല. അക്കാദമിക് കലണ്ടർ ഇതനുസരിച്ച് പുന:ക്രമീകരിക്കുന്നതിന് ശുപാർശ നൽകാൻ എസ്.സി. ആർ.ടി ഡയറക്ടറെ പൊതുവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. മെയ് മാസത്തിൽ വാർഷിക പരീക്ഷ നടത്തിയാൽ മതിയെന്ന നിർദ്ദേശവും ഉണ്ട്. ഡിസംബർ വരെ സ്കൂൾ തുറക്കാനാവില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. മാർച്ചിൽ അധ്യായന വർഷം അവസാനിപ്പിക്കുന്നതിന് പകരം ഏപ്രിൽ മെയ് മാസങ്ങളിലേക്ക് കൂടി നീട്ടണമെന്ന നിർദ്ദേശം കരിക്കുലം കമ്മറ്റി യോഗത്തിൽ ഉയർന്നു. അതേ സമയം ,സിലബസ് വെട്ടിച്ചുരുക്കേണ്ടന്ന നിലാടിലാണ് സർക്കാർ. നിലവിൽ മുതിർന്ന ക്ലാസ്സുകളിൽ മാത്രമാണ് ദിവസവും രണ്ടു മണിക്കൂർ ക്ലാസ്. താഴ്ന്ന ക്ലാസ്സുകളിൽ അരമണിക്കൂർ മാത്രമാണ് ക്ലാസ് നടക്കുന്നത്.

ജനറൽ

ആഗോള ബാലപ്രതിഭ പുരസ്‌കാര പട്ടികയില്‍ ഇടം നേടി കുഞ്ഞു ഷെഫ് കിച്ച

ന്യൂഡൽഹി: ആഗോള ബാലപ്രതിഭ പുരസ്‌കാര പട്ടികയില്‍ ഇടം നേടി കേരളത്തില്‍ നിന്നുള്ള കുഞ്ഞു ഷെഫ് കിച്ച എന്നറിയപ്പെടുന്ന നിഹാല്‍ രാജ്. എറണാകുളത്തുനിന്നുമുള്ള ഈ ഏഴുവയസുകാരന് കിച്ച ട്യൂബ് എന്ന പേരില്‍ കുക്കറി യുട്യൂബ് ചാനല്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജ് എന്നിവയുണ്ട്. ഇന്റര്‍നാഷണല്‍ സെലക്ഷൻ കമ്മിറ്റിയാണ് കിച്ചയെ പ്രോഡിജി പുരസ്‌കാര മത്സരത്തില്‍ തിരഞ്ഞെടുത്തത്. ന്യൂഡല്‍ഹിയില്‍ ഇന്നാണ് മത്സരം. കൊച്ചി ചോയ്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിച്ച മൂന്നര വയസുള്ളപ്പോഴാണ് യൂട്യൂബില്‍ തരംഗമായത്. മാംഗോ ഐസ്‌ക്രീമിന്റെ റസിപ്പി അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നാലെ 140 ഓളം റെസിപ്പികളുമായി കിച്ചയുടെ യൂട്യൂബ് ഇടം നേടി. ലോകമെമ്പാടും ആരാധകരുള്ള ഈ ലിറ്റില്‍ ഷെഫ് പങ്കെടുത്ത അന്താരാഷ്ട്ര പരിപാടികളില്‍ അമേരിക്കയിലെ എലെന്‍-ഡി-ജെനെറസ് ഷോ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.കെ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് യു.എസ്.എ, ലിറ്റില്‍ ബിഗ് ഷോട്ട്‌സ് വിയറ്റ്‌നാം എന്നിവയിലും സാന്നിധ്യമറിയിച്ചു. ലിറ്റില്‍ ബിഗ് ഷോട്ട്‌സിലും എലന്‍ ഡിജെനെറസ് ഷോയിലും പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും, മലയാളിയും എന്ന പ്രത്യേകതയും എട്ടു വയസുകാരനായ കിച്ചയ്ക്കുണ്ട്. നിരവധി പ്രമുഖ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറുമാണ് കിച്ച. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിലെ വികെ രാജഗോപാലനും, റൂബിയുമാണ് കിച്ചയുടെ മാതാപിതാക്കല്‍. അമേരിക്കയിലുള്ള സഹോദരി നിധയാണ് കിച്ചയുടെ മാനേജര്‍.

കേരളം

ഭാരത് ജോഡോ യാത്ര കേരളം വിട്ടു; നാടുകാണി ചുരം വഴി രാഹുല്‍ ഗാന്ധി ഗൂഡല്ലൂരിലേക്ക്

പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്. മലപ്പുറം: കോൺ​ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 തിന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്. യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പി ആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. കേരളത്തിൽ എത്തിയപ്പോൾ മുതൽ സിപിഎം പരിഹാസവും വിമര്‍ശനവും ഉയർത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ്  വിലയിരുത്തൽ. എന്നാൽ, യാത്രക്കിടെ ദേശീയ തലത്തിൽ പാർട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ്. ​ഗോവയിൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്  ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്പാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയിൽ പാർട്ടി ആടിയുലഞ്ഞത്. സംഘടന തലത്തിലെ പല ഒത്തുതീർപ്പ് ചർച്ചകളും ജോഡ‍ോ യാത്രക്കിടെ തന്നെ നടന്നു. കോൺ​ഗ്രസിന് ഇപ്പോഴും അടിവേരുകൾ ഉള്ള കേരളത്തിൽ നിന്ന് പാർട്ടി ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് രാഹുൽ ​ഗാന്ധി ഇനി പോകുന്നത്. ഇതിനൊപ്പം ആരാകും അധ്യക്ഷൻ? രാജസ്ഥാനിലെ പ്രതിസന്ധി തീരുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾക്കും ഉത്തരം വരേണ്ടിയിരിക്കുന്നുമുണ്ട്. എന്നിരുന്നാലും യാത്ര കശ്മീരിൽ എത്തുമ്പോഴേക്കും കോൺഗ്രസ് പഴയ കോൺഗ്രസ് ആകില്ലെന്നാണ് നേതൃത്വം പറയുന്നത്.

ഇൻഡ്യ

പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല'; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് എംപി

ഗാന്ധി കുടുംബത്തിൽ നിന്ന് ആരും  കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു. ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി. പ്രിയങ്ക ഗാന്ധി 'ഗാന്ധി കുടുംബത്തില്‍' പെടുന്നയാളല്ലെന്നും വാദ്ര  ഫാമിലിയിലെ മരുമോളാണ് അവരെന്നും. അതിനാല്‍ മത്സരിക്കാന്‍ അര്‍ഹയാണ് എന്നുമാണ് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തത്. ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രസിഡന്റാകാനില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ  വ്യക്തമാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അബ്ദുൽ ഖലീകിന്റെ ട്വീറ്റ്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡന്‍റാകാം എന്നാണ് ഖലീക് സൂചിപ്പിക്കുന്നത്.  ''രാഹുൽ ഗാന്ധി പ്രസിഡന്‍റാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധിയാണ് ഈ സ്ഥാനത്തേക്ക് അനുയോജ്യയായ സ്ഥാനാർഥി. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രിയങ്ക ഗാന്ധി ഇനിമുതല്‍ ഗാന്ധി കുടുംബത്തിൽ അംഗമല്ല, അവർക്ക് പ്രസിഡന്‍റാകാം' അബ്ദുൽ ഖലീകിന്‍റെ ട്വീറ്റ് പറയുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും  കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ അസാമിലെ ബാരപേട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്. അതേ സമയം മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇദ്ദേഹം നാമനിർദ്ദേശ പത്രിക ഇന്ന് വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായി  ഇന്ന് ദിഗ് വിജയ് സിംഗ് ചർച്ച നടത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗെലോട്ട് ഇപ്പോഴും പരിഗണനയില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കേരളം

​പോപ്പുലർ ഫ്രണ്ട് നിരോധനം: ഓഫിസ് സീൽ വയ്ക്കുന്നതടക്കം ഉത്തരവ് ഇന്നിറങ്ങും,തുടർ നടപടിക്ക് പൊലീസ്

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല. ഉത്തരവിനായുള്ള ഫയൽ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നൽകിയിരുന്നു.വകുപ്പ് അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നതിനാൻ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടിരുന്നില്ല. ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല.സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും.അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവും തുടർ നടപടികളും ഇന്ന് ചേരുന്ന കളക്ടർ - എസ്പി തല യോഗവും ചർച്ച ചെയ്യും.മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ലഹരി വിരുദ്ധ നടപടികൾ, പൊലിസ് - ജില്ലാ ഭരണകൂട ഏകോപനം.ഗുണ്ടാ ആക്ട് പ്രകാരമുള്ള ഉത്തരവുകൾ എന്നിവയും ചർച്ചയാകും ഇതിനിടെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ ഇന്ന് കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കും.ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ഇന്നലെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. അബ്ദുൾ സത്താറിനെ രാത്രിയോടെ പൊലീസ് കൊച്ചിയിലെത്തിച്ചിട്ടുണ്ട്. യുഎപിഎ, ഗൂഢാലോചന,സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് അബ്ദുള്‍ സത്താറിനെതിരെ ചുമത്തിയിട്ടുള്ളത്

ജനറൽ

തമിഴില്‍ ബിഗ് ബോസ് 6 തുടങ്ങുന്നു; ആശങ്കള്‍ ഇല്ലാതാക്കി വരവറിയിച്ച് ഉലകനായകൻ

രാജ്യത്തെ ടെലിവിഷൻ ഷോകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നാണ് ബിഗ് ബോസ്. തമിഴകത്ത് ബിഗ് ബോസ് പ്രേക്ഷകപ്രീതി നേടാനുള്ള കാരണങ്ങളില്‍ ഒന്ന് ഉലഗനായകൻ കമല്‍ഹാസൻ ആണ് അവതാരകൻ എന്നതാണ്. ഇത്തവണ കമല്‍ഹാസന് പകരം മറ്റാരെങ്കിലും ബിഗ് ബോസ് അവതരിപ്പിക്കാൻ എത്തിയേക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആശങ്കളെല്ലാം ഇല്ലാതാക്കി കമല്‍ഹാസൻ തന്നെ പ്രത്യക്ഷപ്പെടുന്ന ബിഗ് ബോസ് പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസ് തമിഴ് സീസണ്‍ ആറ് വിജയ് ടെലിവിഷനില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ സംപ്രേഷണം ചെയ്യും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും ഷോ സ്‍ട്രീം ചെയ്യും. സ്റ്റൈലിഷ് ലുക്കിലാണ് കമല്‍ഹാസൻ ബിഗ് ബോസ് പ്രൊമോയിലുള്ളത് എസ് ഷങ്കറിന്റെ 'ഇന്ത്യൻ 2' എന്ന ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് കമല്‍ഹാസൻ ബിഗ് ബോസിനായും സമയം കണ്ടെത്തുക. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ് ഇത്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍. തടസ്സങ്ങളെല്ലാം നീക്കി 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം പുനരാരംഭിക്കുകയും അടുത്തിടെ കമല്‍ഹാസൻ ജോയിൻ ചെയ്യുകയും ചെയ്‍തത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 'ഇന്ത്യൻ 2'വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

കേരളം

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതോടെ സംസ്ഥാനത്തെ സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലീസിന് ലഭിച്ചു. നിരോധനം നിലവില്‍ വന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാവും തുടര്‍ന്നുളള നീക്കങ്ങള്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സഹായിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ജനറൽ

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷൻ അരി പുട്ട്

റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷൻ അരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന ശേഷം നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരൻ വെക്കാം. ഒരു 10 മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ അരി മിക്സിയുടെ ജാറിൽ നിന്ന് ഒരു ബൗളിലേക്ക് മാറ്റാം. പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്ക് തേങ്ങ ചിരവിയതും ഒരു സ്പൂൺ നെയ്യും കൂടി ഇട്ട് നന്നായി ഇളക്കി എടുക്കാം. നെയ്യ് ഉപയോഗിക്കുമ്പോൾ പുട്ടിന് ടേസ്റ്റ് കൂടും. നെയ്യ് ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം. പ്രെഷർ കുക്കറിലോ പുട്ടുപാത്രത്തിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇട്ടതിന് ശേഷം പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക. ശേഷം പുട്ടുകുറ്റി മൂടി വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. പുട്ടുകുറ്റിയുടെ മൂടിയിലെ സുഷിരത്തിലൂടെ ആവി നന്നായി വരുന്നുണ്ടങ്കിൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം. ഏകദേശം 15-25 മിനുട്ട് വരെ വേവിക്കണം. നല്ല സോഫ്റ്റായ പുട്ട് റെഡി.