വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

ലോകത്തെ അതിസമ്പന്നരിൽ ഒന്നാമനായി ലാറി എലിസൺ; ഇലോൺ മസ്‌കിനെ മറികടന്നു.

ന്യൂയോർക്ക്:അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം നേടി ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ. സ്പേസ് എക്‌സ്, ടെസ്‌ല എന്നീ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌കിനെ പിന്നിലാക്കിയാണ് എലിസൺ ഈ നേട്ടം കൈവരിച്ചത്. ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് എലിസണിന്റെ ആസ്തി 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറിലെത്തി. നിലവിൽ മസ്‌കിന്റെ ആസ്തി 385 ബില്യൺ ഡോളറാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നേട്ടമാണിത്. ബ്ലൂംബെർഗിന്റെ കണക്കുകളനുസരിച്ച് എലിസൺ തന്നെയാണ് ഒറാക്കിളിന്റെ ഏറ്റവും വലിയ ഓഹരിയുടമ. 2021 മുതൽ അതിസമ്പന്നരുടെ പട്ടികയിൽ മസ്‌ക് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹത്തിന് ഈ സ്ഥാനം നഷ്ടമായെങ്കിലും തിരികെ പിടിച്ചിരുന്നു.

പ്രാദേശികം

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാലാ: പാലായിലെ സെൻ്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയുണ്ടായ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. പരിക്കേറ്റത് രണ്ടാം വർഷ ഹോട്ടൽ മാനേജ്‌മെൻ്റ് വിദ്യാർത്ഥിക്കാണ്. ഓണാഘോഷത്തിനിടെ കോളേജ് നിയമങ്ങൾ ലംഘിച്ചതിനാൽ ഇയാളെ വിളിച്ചുവരുത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ടി സി നൽകി. ഇതിൽ മനംനൊന്ത് വിദ്യാർത്ഥി കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ വിദ്യാർത്ഥിയുടെ ഇരുകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻതന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

ഉഴവൂർ: കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ജ്യോതിയുടെ മകൻ ആദിത്യ ജ്യോതിയാണ് (17) അപകടത്തിൽ മരണമടഞ്ഞത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ ഉഴവൂർ – കുര്യനാട് റോഡിൽ പൂവത്തുങ്കലിനു സമീപം നിയന്ത്രണം വിട്ട് റോഡരികിലെ ഗയിറ്റിലും മതിലിലും ഇടിച്ച പൾസർ ബൈക്കിൽ നിന്നും തെറിച്ചു വീണായിരുന്നു അപകടം.  നാട്ടുകാരുടെ സഹായത്താൽ മോനിപ്പള്ളിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ  ദയ ജ്യോതി,സഹോദരൻ കൈലാസ് ജ്യോതി (ഒന്നാം ക്ലാസ് വിദ്യാർത്ഥി)

കോട്ടയം

ഇല്ലിക്കല്ലിൽ വിദഗ്ധ സംഘം പരിശോധന നടത്തി.

ഇല്ലിക്കൽ കല്ലിലെ കുടക്കല്ല് അപകടാവസ്ഥയിലാണെന്നും പരിശോധന വേണമെന്നുമുള്ള ആവശ്യത്തെ തുടർന്ന് ഇന്ന് വിദഗ്ധ സംഘം മേഖലയിലെത്തി പരിശോധന നടത്തി.  ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നിർദേശപ്രകാരം പാലാ ആർഡിഒ, തഹസിൽദാർ, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, ജില്ലാ ജിയോളജിസ്‌റ്റ്, എംജി യൂണിവേഴ്‌സി റ്റി വിദഗ്‌ധ സംഘം, വില്ലേജ് ഓഫീസർ, ടൂറിസം വകുപ്പ് അധികൃതർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായ ത്ത് സെക്രട്ടറി, പ്രസിഡൻ്റ് എന്നിവരടങ്ങിയ സംഘമാണ് ഇല്ലിക്കൽ കല്ലിലെത്തിയത്. പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കാലപ്പഴക്കംമൂലം ഉണ്ടാകുന്ന വിള്ളലുകളാണെന്നും സംഘം അറിയിച്ചു. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് വരുംദിവസങ്ങളിൽ സമർപ്പിക്കും.നിലവിലെ വിള്ളലുകൾ വലിയ അപകട അവസ്ഥയല്ലെന്നും ഏതെങ്കിലും തരത്തിലുള്ള അപകടം വളരെ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും സംഘം വിലയിരുത്തി. പരിശോധനയ്ക്കെത്തിയ എല്ലാ വകുപ്പുകളും അവരുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും. സമീപത്തെ പാറമടയിലെ സ്ഫോടനം മൂലമുള്ള പ്രകമ്പനം അപകടാവസ്ഥ സൃഷ്ടിക്കുന്നു എന്ന ആക്ഷേപവും സംഘം ത ള്ളിക്കളഞ്ഞു.  പാറമട ഏതാണ്ട് ഒരു കിലോമീറ്റർ മാറിയാണ് പ്രവർത്തിക്കുന്നത്.പാറഖനനം മൂലം വിള്ളൽ ഉണ്ടാകാനുള്ള സാധ്യത ഇല്ല എന്ന് ജിയോളജിസ്റ്റ് വ്യക്തമാക്കി. നേരത്തെ ഉള്ള വിള്ളലാണ് നിലവിലുള്ളത്. പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കൊണ്ട് അങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ ഇത് അടർന്നു പോകേണ്ടതായിരുന്നു.ടൂറിസം തകർക്കാൻ ശ്രമം. പഞ്ചായത്ത് പ്രസിഡൻ്റ്.മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കൽ കല്ല് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക്കും ഭരണസമിതി അംഗങ്ങളും പറഞ്ഞു. കോട്ടയം ജില്ലയുടെ പുറത്തുനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ മൂന്നിലവെന്ന കൊച്ചു ഗ്രാമത്തിലേക്ക് എത്തുന്നുണ്ട്. ആ ടൂറിസത്തെ നശിപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും മനപൂർവ്വം ഇല്ലിക്കൽ കല്ല് അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതാണോ എന്ന് സംശയിക്കുന്നതായും ചാർലി ഐസക് പറഞ്ഞു.

പ്രാദേശികം

കരുണ പാലിയേറ്റീവ് പുതിയ കെട്ടിടത്തിന്റേയും ഫിസിയോതെറാപ്പി യൂണിറ്റിന്റേയും ഉദ്ഘാടനം സെപ്റ്റംമ്പർ 12 ന്

കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭങ്ങളായ  ഫിസിയോതെറാപ്പി യൂണിറ്റിന്റെയും   പുതിയ കെട്ടിട ബ്ലോക്കിന്റെയും ഉൽഘാടനം  സെപ്റ്റംബർ 12-ന്  നടക്കും . ജമാഅത്തെ ഇസ്ലാമി  അമീർ പി.മുജീബ് റഹ്മാൻ  പരിപാടിയിൽ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും . കഴിഞ്ഞ 15 വർഷത്തിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ  ഒരു ചുവടുവെപ്പാണ് ഈ സംരംഭം.പുതുതായി തുടങ്ങുന്ന ഫിസിയോതെറാപ്പി യൂണിറ്റ്, രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. പുതിയ കെട്ടിടം  പാലിയേറ്റീവ് കെയർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വികസിപ്പിക്കാനും ആണ്  ലക്ഷ്യമിടുന്നത്.കൂടാതെ  പ്രായമായ രോഗികളെ മരണം വരെ സംരക്ഷിക്കുന്ന കെയർ ആൻഡ് ക്യൂഅർ  പദ്ധതിയുടെ ഉത്ഘാടനവും  ഇതോടൊപ്പം നടത്തപ്പെടുന്നു . ആദ്യകാലങ്ങളിൽ ഈരാറ്റുപേട്ടയിലെയും സമീപ പ്രദേശങ്ങളിലെയും  കിടപ്പിലായ രോഗികളെ സംരക്ഷിച്ചുകൊണ്ടാണ് കരുണയുടെ  പ്രവർത്തനം ആരംഭിച്ചത്.പിന്നീട്  നിർധരരായ രോഗികൾക്കും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപ്പോയവർക്കും സംരക്ഷണം ഒരുക്കി കരുണ അഭയ കേന്ദ്രവും  ആരംഭിച്ചു. ഇന്ന് 70-ഓളം അന്തേവാസികൾക്കാണ് കരുണ  സംരക്ഷണം  ഒരുക്കിയിരിക്കുന്നത്.അതിനുപുറമെ,നിസ്സഹായരായ 200-ഓളം കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും സൗജന്യമായി എത്തിക്കുന്ന ഹോം കെയർ പദ്ധതിയും കരുണ വിജയകരമായി നടപ്പാക്കിവരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കുടുംബ സംഗമവും കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത-സാമൂഹിക നേതാക്കൾ എന്നിവർ പങ്കെടുക്കും. കരുണ ചെയർമാൻ എൻ.എ.എം ഹാറൂൺ, സെക്രട്ടറി കെ.എച്ച് നാസർ, സ്വാഗത സംഘം ചെയർമാൻ ഹാഷിർ നദ് വി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

കോട്ടയം

കടുപ്പാറ- വളതൂക്ക് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി

പൂഞ്ഞാർ: കടുപ്പാറ- വളതൂക്ക് നിവാസികളുടെ ചിരകാല സ്വപ്‌നമായ വളതൂക്ക്- കടുപ്പാറ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രൂപയുടെ അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തികരണത്തിന്റെയും ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി കൺവീനറും സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗവുമായ ജോയി ജോർജ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ അഡ്വ.അക്ഷയ് ഹരി, അജിത് കുമാർ ബി, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ജോസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, ഗാന്ധിനർ റസിഡൻ്റീസ് അസോസിയേഷൻ പ്രസിഡൻ്റ് സമജ് പി.കെ പാപ്പാലിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കടുപ്പാറ പ്രദേശത്തെയും , പൂഞ്ഞാർ പഞ്ചായത്തിലെ വളതൂക്കിനെയും ബന്ധിപ്പിച്ച് ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യം ഏറെ വർദ്ധിക്കും. കടുപ്പാറ പ്രദേശവാസികൾക്ക് ഈരാറ്റുപേട്ട- മുണ്ടക്കയം സ്റ്റേറ്റ് ഹൈവേയിലേക്ക് വളരെ വേഗത്തിൽ പ്രവേശിക്കുന്നതിനു കഴിയും. കാലങ്ങളായി നാട്ടുകാർ ഉന്നയിച്ചിരുന്ന ഒരാവശ്യം സാക്ഷാത്കരിക്കപ്പെടുന്നതിലും, പ്രദേശത്തിന്റെ വികസനത്തിൽ വലിയ മുന്നേറ്റം കൈ വരുന്നതിലും ജനങ്ങൾ അങ്ങേയറ്റം ആഹ്ലാദത്തിലാണ്. പടക്കം പൊട്ടിച്ചും പായസം വിതരണം നടത്തിയുമാണ് പ്രദേശവാസികൾ സന്തോഷം പ്രകടിപ്പിച്ചത്.

കോട്ടയം

പാഴ്സൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

പാലാ: പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം പാഴ്സൽ ലോറി മറിഞ്ഞ് അപകടം. പുലർച്ചെ 1:45 ഓടെയാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്നും പാഴ്സലുമായി പാലായിലേക്ക് വരികയായിരുന്ന ലോറി നെല്ലാപ്പാറയിലെ കൊടും വളവിൽ താഴേക്ക് മറിയുകയായിരുന്നു. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന ആഷിക്ക്, സഹായി വിഷ്ണു എന്നവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ആഷിക് ഐ.സി.യുവിലാണ്. തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.

പ്രവാസം

ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്‌ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനമാണ് നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.