വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി രൂപീകരണ യോഗം നടന്നു. യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റ് പ്രചരണ പരിപാടികൾക്കും നേതൃത്വം നൽകുന്നതിനുള്ള കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇലക്ഷൻ കമ്മിറ്റിയുടെ സെക്രട്ടറിയായി അഡ്വ. ബിജു ഇളംതുരുത്തിയിൽ പ്രസിഡൻറ് ആയി ജോയി ജോർജ്, കൺവീനർ ആയി പി എസ് സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയിൽ ഉള്ള മറ്റ് അംഗങ്ങൾ സിജു സി ആർ, രമ മോഹൻ, സുനിൽകുമാർ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, സോജൻ ആലക്കുളം, ജോസുകുട്ടി ഏർത്തേൽ, അലക്സാണ്ടർ വി എ, മജു പ്ലാത്തോട്ടം, സി കെ ഹരിഹരൻ, കെ ശ്രീകുമാർ, സുരേഷ് സി ജി, മോഹനൻ പുളിക്കൽ, സണ്ണി വാവലാങ്കൽ, ആൻറണി അറക്കപ്പറമ്പിൽ.

കോട്ടയം

വാഗമണ്ണിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു

തീക്കോയി: വാഗമൺ റൂട്ടിൽ നീർച്ചാലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചേർത്തല നഗരസഭയുടെ ബോർഡ് വെച്ച വണ്ടിയുടെ ഓരോ വശങ്ങളിലും വ്യത്യസ്ത വണ്ടി നമ്പരുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ വണ്ടിയിൽ തന്നെയാണ് കഴിഞ്ഞ ദിവസവും ഇതേ സ്ഥലങ്ങളിൽ വന്ന് കക്കൂസ് മാലിന്യംതള്ളിയിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ നാട്ടുകാർ സ്ഥിരീകരിച്ചു. ചേർത്തല സ്വദേശികൾ തന്നെയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിരന്തരമായി മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നതിനാൽ നാട്ടുകാർ ഇപ്പോൾ ജാഗ്രതയിലാണ്. മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്തിന്റെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും യാതൊരു ഉപകാരവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കോട്ടയം

പത്രിക സമർപ്പണം പൂർത്തിയായി;6276 മത്സരാർഥികൾ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കോട്ടയം  ജില്ലയിൽ  ലഭിച്ചത് 6276 പേരുടെ പത്രികകൾ. പുരുഷന്മാർ - 2937, സ്ത്രീകൾ -3339. ആകെ 10850 സെറ്റ്  പത്രികകൾ ആണ് ലഭിച്ചത്.

കോട്ടയം

റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്

മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ ഇടമറുക് 8-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമില്ലെന്നും ഡിജിറ്റൽ പ്രചാരണം മാത്രമാണ് നടത്തുന്നതെന്നും ഗിരീഷ് പറയുന്നു.

കോട്ടയം

പാലായിൽ പിതാവും സഹോദരനും മകളും മത്സരരംഗത്ത്..

പാലാ: അച്ഛനും മകളും മത്സരരംഗത്ത് .നേർക്കുനേർ മത്സരത്തിനല്ല,രണ്ടു വാർഡുകളിലായി അവർ എതിരാളികളെ നേരിടുന്നു.ഒപ്പം അച്ഛൻറെ ജേഷ്ഠനും മറ്റൊരു വാർഡിൽ .   പാലാ മുനിസിപ്പാലിറ്റി 14-ാം വാർഡിൽ അച്ഛൻ ബിനു പുളിയ്ക്കക്കണ്ടവും 15-ാം വാർഡിൽ മകൾ ദിയ ബിനുവും ആണ് മത്സര രംഗത്തുള്ളത്. ബിനു മുമ്പ് മുനിസിപ്പൽ കൗൺസിലറായിരുന്നെങ്കിലും മകൾ ദിയ മത്സര രംഗത്ത് ആദ്യമാണ്. ഇവരെ കൂടാതെ ബിനുവിൻ്റെ ജേഷ്ഠൻ ബിജു 13-ാം വാർഡിലും മത്‌സര രംഗത്തുണ്ട് മൂവരും സ്വതന്ത്രർ ആയിട്ടാണ് മത്സരിക്കുന്നത്. മൂന്നു വാർഡുകളിലും പടർന്നുകിടക്കുന്ന കുടുംബബന്ധങ്ങളുടെ വേരുകൾ തുണയാകും എന്നാണ് ഇവരുടെ പ്രതീക്ഷ.മൂവരും വിജയിച്ചാൽ ഇത്തവണ പാലാ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ആരാണെന്ന് ഒരു പക്ഷെ ഇവരായിരിക്കും തീരുമാനിക്കുക.

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണം: ഹൈക്കോടതി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്നാണ് നിര്‍ദേശം. മൂന്നുദിവസത്തിനുള്ളില്‍ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ കുറച്ചുകൂടി ഗൗരവം പുലര്‍ത്തണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടയം

മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കുന്നത് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി

കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് സംബവന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ കൈകൊള്ളമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതികള്‍ ചൂണ്ടികാണിച്ചും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടും കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ അജീഷ് വേലനിലം മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ പദവിയുയര്‍ത്തുന്നതിലുപരി ആരോഗ്യസ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം നടത്തി രോഗീസൗഹൃദമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതിന്റെ ഭാഗമായി മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹര്‍ജിക്കാരനെ അറിയിച്ചത്.

കോട്ടയം

ജില്ലാ പഞ്ചായത്ത്‌ തലനാട് ഡിവിഷനിൽ ബിന്ദു സെബാസ്റ്റ്യൻ യു.ഡി.എഫ് സ്ഥാനാർഥി

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി ബിന്ദു സെബാസ്റ്റ്യൻ മത്സരിക്കും. മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും മൂന്നിലവ് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും നിലവിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമാണ്. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്.മൂന്നിലവ് നെടുങ്കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസ് (സെബാസ്റ്റ്യൻ). മക്കൾ: അനിറ്റാമോൾ സെബാസ്റ്റ്യൻ, ലെന സെബാസ്റ്റ്യൻ.