വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഭവനനിര്‍മ്മാണത്തിനും ആതുരസേവനത്തിനും മുന്‍ഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട  .ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റ്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിവിഹിതമായി 3 കോടി രൂപ 51 ലക്ഷത്തി 71 ആയിരം രൂപയും ധനകാര്യ കമ്മീഷന്‍ വിഹിതമായി 93,53,000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായ 88,67,000 രൂപയുടെയും മെയിന്റനന്‍സ് ഫണ്ടായി 47,81,000 രൂപയുടെയും  ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.  ഭവനനിര്‍മ്മാണത്തിനായി 2024-25 സാമ്പത്തികവര്‍ഷം 400 ഓളം വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഗുണഭോക്താക്കളുമായി എഗ്രിമെന്റ് വയ്ക്കുകയും അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തിട്ടുണ്ട്. 2025-26 സാമ്പത്തികവര്‍ഷം  പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്രസംസ്ഥാന ത്രിതലപഞ്ചായത്ത് വിഹിതമായി ലഭിക്കുന്ന തുക ഉള്‍പ്പെടെ 11 കോടി 52 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ  വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് 32 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.  ഇടമറുക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണത്തിന് ലഭിച്ച 2 കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 1 കോടി 70 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പണികള്‍ 65 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കുത്തിവെയ്പ് നടത്തുന്നതിന് 56 ലക്ഷം രൂപയുടെ കെട്ടിടം പണി നടന്നുവരുന്നു. ലാബ്കെട്ടിടത്തിന്റെ പണികളും മറ്റ് അനുബന്ധവികസനത്തിനും വേണ്ടിയുള്ള 33,95,000 രൂടയുടെ പദ്ധതിയും നടന്നുവരുന്നു. സെക്കണ്ടറി പാലിയേറ്റീവിന് 10 ലക്ഷം രൂപയും പാലിയേറ്റീവിന് 8 ലക്ഷം രൂപയും മരുന്ന് വാങ്ങുന്നതിന് 15 ലക്ഷം രൂപയും അനുവദിക്കും. കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും ഹാര്‍ട്ട് സംബന്ധമായവര്‍ക്ക് മരുന്ന് വാങ്ങുന്നതിനും 10 ലക്ഷം രൂപ ഉള്‍പ്പെടുത്തി.  കാര്‍ഷിക മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് 7 ലക്ഷം രൂപയും പാലിന് സബ്സിഡി നല്‍കുന്നതിന് 5 ലക്ഷം രൂപയും സുഭിക്ഷകേരളം പദ്ധതിയില്‍ കര്‍ഷകര്‍ക്ക് കൂലിചെലവ് നല്‍കുന്നതിനുവേണ്ടി 6 ലക്ഷം രൂപയും ഡ്രാഗണ്‍ ഫ്രൂട്ട്സ് കൃഷിചെയ്യുന്നതിന്  സബ്സിഡിയായി 5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധനവ് തടയുന്നതിനുവേണ്ടി ABC പ്രോഗ്രാം നടുപ്പിലാക്കാന്‍ 8 ലക്ഷം രൂപയും മാറ്റിവച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുവാന്‍ 15 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് മുചക്രവാഹനം നല്‍കുവാന്‍ 8 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. അതിദരിദ്രരുടെ ഉന്നമനത്തിനായി 8 ലക്ഷം രൂപയും ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനസൌകര്യവികസനത്തിന്  8 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.  മാലിന്യമുക്ത നവകേരളം സൃഷ്ടിക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഉറവിടമാലിന്യ സംസ്കരണ ഉപകരണം  G-BIN  വാങ്ങിനല്‍കുവാന്‍ ത്രിതലപഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ 20 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9 ലക്ഷം രൂപയും ഇലക്ട്രിസിറ്റി എത്താത്ത ടൂറിസ്റ്റ് മേഖലയില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.കുടിവെള്ള പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയും  റോഡ് പണികള്‍ക്ക് 1 കോടി 25 ലക്ഷം രൂപയും വകയിരുത്തി. എം.പി, ലാഡ്സ് പദ്ധിയില്‍ 2 കോടി 75 ലക്ഷം രൂപയും എം.എല്‍.എ, എസ്.ഡി.എഫ് പദ്ധതിയില്‍  1 കോടി 5 ലക്ഷം രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള 17 കോടി 43 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നതാണ്. ഇപ്രകാരം ആകെ 39 കോടി 60 ലക്ഷം രൂപ വരവും 38 കോടി 48 ലക്ഷം രൂപ ചെലവും 12 ലക്ഷത്തി 70 നായിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍തോമസ് നെല്ലുവേലില്‍ അവതരിപ്പിച്ചത്.തുടര്‍ന്ന് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അജിത്കുമാര്‍.ബി, മേഴ്സിമാത്യു, ഓമന ഗോപാലന്‍,  മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ശ്രീകല.ആര്‍,  രമാ മോഹന്‍, ജോസഫ് ജോര്‍ജ്,  ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ. അക്ഷയ് ഹരി,   മിനിസാവിയോ, സെക്രട്ടറി ബാബുരാജ്.കെ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാദേശികം

ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.എം.ഇ. എസ്. കോളേജിൽ മാനേജ്മെന്റ്  ഡിപ്പാർട്ട്മെന്റിന്റെ  നേതൃത്വത്തിൽ ഫിലിം ഫെസ്റ്റിവൽ നടത്തി. ബയോപിക് മൂവീസ് ആണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.  കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഹലീൽ മുഹമ്മദ് അദ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ യാസർ പാറയിൽ, രജിത പി യു,റജി മനോജ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

വഖഫ് ബില്ല് പിൻവലിക്കുക; ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ

ഈരാറ്റുപേട്ട : കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖ്ഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് കമ്മിറ്റി അംഗം അഷറഫ് കൗസരി ഉദ്ഘാടനം ചെയ്തു. DKLM മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. സുബൈർ മൗലവി, ഇബ്റാഹിംകുട്ടി മൗലവി, അനസ് മന്നാനി, ഹാഷിം മന്നാനി, അർഷദ് ബദ്‌രിതുടങ്ങിയവർ പങ്കെടുത്തു.  

പ്രാദേശികം

ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും.

ഈരാറ്റുപേട്ട: ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും. 2024 ഫെബ്രുവരി 22 ന് ആരംഭിച്ച മംഗല്യയുടെ പ്രധാന ലക്ഷ്യം അർഹതപ്പെട്ട ഒരു കുടുംബത്തിന്റെ വിവാഹത്തിന് 5 പവൻ സ്വർണം നൽകുക എന്നതായിരുന്നു. വരുന്ന ഞായറാഴ്ച്ച ഈരാറ്റുപേട്ട വ്യാപാരഭവനിൽ വച്ച് ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയാണ്. ഡ്രസ്സ് ബാങ്ക് ആക്‌ടിങ് പ്രസിഡന്റ് ഷെമി നൗഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വർണത്തിനുള്ള തുക കൈമാറും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ സുഹറ അബ്ദുൽഖാദർ മുഖ്യപ്രഭാഷണം നടത്തും. ഡ്രസ്സ് ബാങ്ക് രക്ഷാധികാരി പ്രൊഫ. എ.എം റഷീദ് ടിബിഇ മംഗല്യയെക്കുറിച്ചു സംസാരിക്കും. ഈരാറ്റുപേട്ട KVVES പ്രസിഡന്റ് എഎംഎ ഖാദർ സന്ദേശം നൽകും. നൈനാർ ജുമാ മസ്‌ജിദ് പ്രസിഡന്റ് മുഹമ്മദ് സക്കീറും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി വൈസ്‌ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസും ആശംസകൾ നേർന്നു സംസാരിക്കും. ഡ്രസ്സ് ബാങ്ക് എക്സിക്യൂട്ടീവ് മെമ്പറുമാരായ ഫാത്തിമ ശമ്മാസ് സ്വാഗതവും ഫാത്തിമ തസ്‌നി നന്ദിയും അറിയിക്കും.  

പ്രാദേശികം

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരായ അതിക്രമം . അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നിയമബോധന സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ : തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി നിയമബോധന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷക അഡ്വക്കേറ്റ് ജയ വിജയൻ സെമിനാറിന് നേതൃത്വം നൽകി.അതിക്രമങ്ങൾക്ക് എതിരായ പരിരക്ഷ നേടുന്നതിനൊപ്പം മൊബൈൽ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

എം.ഇ എസ്. നേതാക്കൾക്ക് സ്വീകരണം നൽകി

ഈരാറ്റുപേട്ട.  പുതുതായി തിരഞ്ഞടുക്കപ്പെട്ട എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച് മജീദിനും സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.എം.കെ. ഫരീദിനും എം.ഇ.എസ് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി.  താലൂക്ക് പ്രസിഡൻ്റ് ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, ഹബീബുല്ലാ ഖാൻ ,പി.ഐ. നൗഷാദ് ,മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു ഇ പി.സൈനുദ്ദീൻ കുഞ്ഞു ലബ്ബ, അബ്ദുൽ റഹീം പാണ്ടിയാലിയ്ക്കൽ ,പൊന്തനാൽ ഷരീഫ് എന്നിവരെ യോഗത്തിൽ വെച്ച് ആദരിച്ചു.  

പ്രാദേശികം

ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളം എന്ന പേരിൽ സംസ്കാരിക പരിപാടി സംഘടിപിക്കുന്നു.

ഈരാറ്റുപേട്ട :ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (FACE ) ൻ്റെ സാഹിത്യ വിഭാഗമായ ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളം എന്ന പേരിൽസംസ്കാരിക പരിപാടി സംഘടിപിക്കുന്നു.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 മുതൽ പൂഞ്ഞാർ വനസ്ഥലിയിൽ നടക്കുന്ന പരിപാടികൾ ശ്രീ.എബി ഇമ്മാനുവൽ ഉൽഘാടനം ചെയ്യും. ഫെയ്സ് സാഹിത്യ വേദി പ്രസിഡന്റ് വി.റ്റി.ഹബീബ് അദ്ധ്യക്ഷത വഹിക്കും. ഫെയ്സ് പ്രസിഡന്റ് സക്കീർ താപി,ജനറൽ സെക്രട്ടറി കെ.പി.എ. നടയ്ക്കൽ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, ഫെയ്സ് വൈസ് പ്രസിഡൻ്റ് കെ.എം. ജാഫർ ഈരാറ്റുപേട്ട, രാധാകൃഷ്ണൻ പൊൻകുന്നം, ഫെയ്സ് വനിതാ വിംഗ് അദ്ധ്യക്ഷ മൃദുല നിഷാന്ത്, ജനറൽ സെക്രട്ടറി റസീനാ ജാഫർ, ട്രഷറർ റീന വിജയ്, കോഡിനേറ്റർ തസ്നീം കെ. മുഹമ്മദ് എന്നിവർ സംസാരിക്കും.ഫെയ്സ് വൈസ് പ്രസിഡൻ്റ് കെ.എം.ഷബീർ,സാഹിത്യ വേദി മുൻ ജനറൽ സെക്രട്ടറി മുഹ്സിൻ പി.എം, ഫെയ്സ് സെക്രട്ടറി ഷാഹുൽ പത്താഴപ്പടി എന്നിവർ വിവിധ സെഷനുകൾ നയിക്കും. ഫെയ്സ് വൈസ് പ്രസിഡൻന്റുമാരായ പി.എസ്.ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, സെകട്ടറിമാരായ ഹാഷിം ലബ്ബ, ബിജിലി സെയിൻ, വനിതാവേദി നേതാക്കളായ താഹിറ ത്വാഹ, ഷീബ അബ്ദുല്ല, എന്നിവർ നേതൃത്വം നൽകും.

പ്രാദേശികം

ശ്രേഷ്ഠ അധ്യാപക പുരസ്കാരം സെയ്തു മുഹമ്മദ് മൗലവിക്ക്

ഈരാറ്റുപേട്ട:പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ഇസ് ലാമിക അധ്യാപന രംഗത്ത് ശ്രദ്ധേയനുമായിരുന്ന പരേതനായ ശൈഖുനാ മുഹമ്മദ് യൂസഫ് ഫാദിൽ ബാഖവിയുടെ (ഈരാറ്റുപേട്ട ) നാമധേയത്തിൽ അൽ അബാബ് ഉലമാ കൗൺസിൽ ഏർപ്പെടുത്തി എല്ലാവർഷവും നൽകിവരുന്ന ശ്രേഷ്ഠാധ്യാപക പുരസ്കാരത്തിന് തൊടുപുഴ സ്വദേശിയും തെക്കൻ കേരളത്തിലെ പല പ്രധാന അറബി കോളേജുകളിലും സേവനം ചെയ്യുകയും നിലവിൽ കാരിക്കോട് മുനവ്വറൽ ഇസ് ലാം അറബിക് കോളേജിൽ ദീർഘകാലമായി മുദരിസുമായ ഉസ്താദ് സൈദ് മുഹമ്മദ് ഖാസിമിയെ തിരഞ്ഞെടുത്തിരിക്കുന്നു. ഫെബ്രുവരി 26  ബുധനാഴ്ച ഈരാറ്റുപേട്ടയിൽ നടക്കുന്ന മർഹൂം ശൈഖുനാ മുഹമ്മദ് യൂസുഫ് ഫാദിൽ ബാഖവി അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാര വിതരണം നിർവഹിക്കുമെന്ന് ഭാരവാഹികളായ നസീർ ബാഖവി, ജൗഹറുദ്ദീൻ ബാഖവി, ഷാജഹാൻ ഖാസിമി, സലീം ഖാസിമി, നാസറുദ്ദീൻ ഖാസിമി ,അബ്ദുശഹീദ് നദ് വി എന്നിവർ അറിയിച്ചു.