കാരയ്ക്കാട്- ഇളപ്പുങ്കൽ പാലം : ഇൻവെസ്റ്റിഗേഷന് 5.32 ലക്ഷം രൂപയുടെ ഭരണാനുമതി
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ കാരയ്ക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പുതിയപാലം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി സോയിൽ ടെസ്റ്റ് ഉൾപ്പെടെ സർവ്വേ നടത്തുന്നതിനും, ഇൻവെസ്റ്റിഗേഷനും, പാലം രൂപകല്പനയ്ക്കുമായി അഞ്ച് ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എംഎൽഎ പറഞ്ഞു.2024-25 സംസ്ഥാന ബഡ്ജറ്റിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിർദ്ദേശാനുസരണം പാലം നിർമാണത്തിനായി ടോക്കൺ പ്രൊവിഷനോടുകൂടി 13 കോടി രൂപ വകയിരുത്തിയിട്ടുള്ളതിനെ തുടർന്നാണ് ഇൻവെസ്റ്റിഗേഷന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ടെൻഡർ ക്ഷണിച്ച് യോഗ്യതയുള്ള എൻജിനീയറിങ് സ്ഥാപനത്തെ കൊണ്ട് പാലം രൂപകല്പന നടത്തി പൊതുമരാമത്ത് വകുപ്പിൽ സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു. കാരയ്ക്കാട് ഇളപ്പുങ്കൽ ഭാഗത്ത് പുതിയ പാലം നിർമ്മിച്ചാൽ തൊടുപുഴ- ഈരാറ്റുപേട്ട റോഡിലൂടെ വരുന്ന യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും ഈരാറ്റുപേട്ട ടൗണിൽ പ്രവേശിക്കാതെ തീക്കോയി, വാഗമൺ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയും. കൂടാതെ കാരയ്ക്കാട് പ്രദേശത്തിന് വലിയ വികസനവും കൈവരും. പൊതുവിൽ ഈരാറ്റുപേട്ട നഗരസഭക്ക് തന്നെ വലിയ വികസന കുതിപ്പിന് ഇടയാക്കുന്നതും നഗരത്തിലെ ഗതാഗതക്കുരുക്ക് നല്ല നിലയിൽ പരിഹരിക്കാനും പാലം യാഥാർത്ഥ്യമാകുന്നതിലൂടെ കഴിയും. കാരയ്ക്കാട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പാലം ഏറെ സഹായകരമാകും. മുൻപ് ഇളപ്പുങ്കൽ ഭാഗത്ത് ഉണ്ടായിരുന്ന നടപ്പാലം പ്രളയത്തിൽ തകർന്നത് പുനർ നിർമ്മിക്കുന്നതിന് 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, ആയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നുവരുന്നതായും സമീപനാളിൽ തന്നെ ഭരണാനുമതി ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ അറിയിച്ചു. നടപ്പാലം പുനർ നിർമ്മിക്കുന്നതോടൊപ്പം വാഹന ഗതാഗത യോഗ്യമായ പുതിയ പാലം കൂടി നിർമ്മിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.