വാരിയംകുന്നത്തിന്റെ സ്മരണകൾ അയവിറക്കി കോന്നച്ചാടത്ത് - ചക്കിപ്പറമ്പൻ കുടുംബ സംഗമം
ഈരാറ്റുപേട്ട: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ രാജ്യവിരുദ്ധരായും, രാജ്യം കൈയടക്കി നമ്മുടെ പൂർവികരെ അടിമകളാക്കി രാജ്യം ഭരിച്ചവർക്ക് സ്തുതി വചനങ്ങളും വാഴ്ത്തുപാട്ടുകളുമായി നടന്ന ആളുകളെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളുമായി ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. കോന്നച്ചാടത്ത് -ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ഈരാറ്റുപേട്ട ഏരിയാ സമ്മേളനവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്‌മരണവും ഫൗസിയാ ഓഡിറ്റോറിയത്തിൽ (മുഹമ്മദ് ഈസാ മൗലവി നഗർ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ധീരന്മാരുടെ പോരാട്ടത്തെ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും സൂര്യശോഭ പോലെ ഉയർന്നു നിൽക്കും. കണ്ണുകെട്ടി വെടിവെച്ചു കൊല്ലുന്നതിന് പകരം കണ്ണ് കെട്ടാതെ തന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കണമെന്ന് ബ്രിട്ടീഷുകാരനോട് ആവശ്യപ്പെട്ട തന്റേടത്തിന്റെ പേരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് അദ്ദേഹം പറഞ്ഞു. ഫാമിലി അസോസിയേഷൻ ജനറൽ സെക്രട്ടറി ജാഫർ ഈരാറ്റുപേട്ട ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് സി.പി. ഇബ്രാഹിം ഹാജി മലപ്പുറം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നദീർ മൌലവി, ഇബ്രാഹിം ഇല്ലത്ത്, പ്രൊഫ. അബ്ദുൽ റസാഖ്, സാലിഹ് നടുവിലേടത്ത്, കെ.പി. അബ്ദുൽ ഹമീദ് കളിയാട്ടമുക്ക്, കുഞ്ഞുമുഹമ്മദ് ചെങ്ങാനി, അബ്ദുൽ അസീസ് കൊണ്ടോട്ടി, കെ.പി. യൂസുഫ്, കെ.പി. ബഷീർ, ഹാഫിസ് മുഹമ്മദ് ഉനൈസ് ബാഖവി, അൻസർ ഫാറൂഖി, കുഞ്ഞാൻ മുടിക്കോട്, അഷ്റഫ് കോന്നച്ചാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കൂരാച്ചുണ്ട്, കളിയാട്ടുമുക്ക്, കിഴിശ്ശേരി, പാലക്കാട്, ചെങ്ങാനി, പാണ്ടിക്കാട്, മഞ്ചേരി, നെല്ലിക്കുത്ത്, തൊടുപുഴ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രതിനിധികൾ എത്തിയിരുന്നു.കുടുംബത്തിലെ മുതിർന്ന അംഗങ്ങളേയും ഖുർആൻ മനഃപാഠമാക്കിയവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.