സിജി ലോജിക് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മികവിലേക്ക് ഉയർത്താൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)ആസൂത്രണം ചെയ്ത സിജി ലോജിക് ഒളിമ്പ്യാഡ് കേരളത്തിലെ എല്ലാ ജില്ലകളിലും നടന്നു. കോട്ടയം ജില്ലയിലെ ഒളിമ്പ്യാഡ് ഈരാറ്റുപേട്ട അൽമനാർ സ്കൂളിൽ വെച്ച് നടത്തി. കുട്ടികളുടെ ചിന്താശേഷി വളർത്തുക, യുക്തിസഹമായ കഴിവുകൾ കണ്ടെത്തുക, വികസിപ്പിക്കുക, നിർമിത ബുദ്ധിയുടെ കാലത്ത് കുട്ടികളുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് ലോജിക് ഒളിമ്പ്യാഡി ന്റെ ലക്ഷ്യങ്ങൾ. കേരളത്തിലെ എല്ലാ സിലബസിലും ഉള്ള 5 ആം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ആയിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. കുട്ടികൾ സെന്ററുകളിൽ എത്തി മൊബൈൽ ഫോണിൽ ഓൺലൈൻ ആയിട്ടാണ് മത്സരത്തിൽ പങ്കെടുത്തത്. ഈ മത്സരം കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു. മത്സരപരീക്ഷകളുടെ പുതിയ രീതികൾ അറിയാനും റീസണിങ് ചോദ്യങ്ങൾ മനസിലാക്കാനും കുട്ടികൾക്ക് സാധിച്ചു. മത്സരത്തിന് ശേഷം സിജി HR വിഭാഗം ട്രൈനർ ആയ അമീൻ ഒപ്ടിമയുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു. കൗൺസിലറും സൈക്കോളജിസ്റ്റുമായ ഹസീന ബുർഹാൻ മെമ്മറി ബൂസ്റ്റിംഗ് ടെക്നികുകൾ കുട്ടികൾക്ക് പകർന്ന് കൊടുത്തു മത്സരശേഷം കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രഫഎ.എം റഷീദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിജി ഈരാറ്റുപേട്ട യൂണിറ്റ് കോ ഓർഡിനേറ്റർ അമീർ പി. ചാലിൽ , സിജി വനിതാ വിഭാഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.