ആരാംപുളി-എടവര റോഡ് ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആരാംപുളി- എടവര റോഡിന്റെ ഗതാഗത യോഗ്യമല്ലാതിരുന്ന ഭാഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുശീല മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ, കെ. സി ചാക്കോ കൊല്ലംപറമ്പിൽ, ജോർജ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുമരാമത്ത് റോഡ് ആയ മാളിക ദേവീക്ഷേത്രം -രക്ഷാഭവൻ റോഡിൽ നിന്നും ആരംഭിച്ച് ആരാംപുളി, എടവര ഭാഗങ്ങളിലൂടെ കടന്ന് കരിമ്പനോലി, ചെമ്മലമറ്റം,ഊട്ടുപാറ കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് അടക്കം പോകുന്നതിന് എളുപ്പവഴി ആയ ഈ റോഡ് പ്രദേശത്തെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്. കഴിഞ്ഞ പ്രളയ കാലങ്ങൾ മുതൽ റോഡ് ഏറെ താറുമാറായി കാൽനടയാത്ര പോലും കഴിയാത്ത വിധം ജനങ്ങൾ ദുരിതമനുഭവിച്ചു വരികയായിരുന്നു. റോഡിൽ ഏറ്റവും ഗതാഗത ദുഷ്കരമായ ഭാഗം എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തതോടുകൂടി ഈ റോഡ് വഴിയുള്ള യാത്ര സൗകര്യം ഏറെ മെച്ചപ്പെട്ടിരിക്കുകയാണ്. തന്മൂലം പ്രദേശവാസികൾ ഏറെ ആഹ്ലാദത്തിലാണ്. ത്രിതല പഞ്ചായത്ത് ഫണ്ടുകൾക്കൊപ്പം എംഎൽഎ ഫണ്ട് കൂടി വിനിയോഗിച്ച് നിയോജകമണ്ഡലത്തിലെ പരമാവധി ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് തീവ്രശ്രമം നടത്തി വരികയാണെന്നും, ഇതുപ്രകാരം ഒട്ടേറെ ഗ്രാമീണ റോഡുകൾ മികച്ച നിലവാരത്തിലേക്ക് എത്തിച്ചതായും ഉദ്ഘാടനം പ്രസംഗത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി