വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

Kerala Rain : വീണ്ടും മഴ വരുന്നു; നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിൽ 01-10-2022 മുതൽ 04-10-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ 01-10-2022 മുതൽ 04-10-2022 വരെ:  കോമോറിന് പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. 01-10-2022: ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, ആന്ധ്രാ പ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും  ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. 02-10-2022: ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, തെക്ക് കിഴക്കൻ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും  ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. 03-10-2022 മുതൽ 04-10-2022 വരെ : ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും  ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

കേരളം

അൽപ്പം കുറച്ചു; പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്

പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50 ൽ നിന്ന് 1863 ആയി. കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50 ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.   

കേരളം

ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ല, പ്രാർത്ഥനയുള്ളവർ കഴിഞ്ഞിട്ട് പങ്കെടുത്താൽ മതിയെന്നും മന്ത്രി; വേദനാജനകമെന്ന് മാർത്തോമ്മ സഭയും

തിരുവനന്തപുരം:ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഗാന്ധിജയന്തിദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ചയായി പോയത് യാദൃച്ഛികമാണെന്നും എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാത്തോലിക്കാ സംഘടനകള്‍ അവരുടെ പ്രാര്‍ഥന കഴിഞ്ഞ ശേഷം പരിപാടിയില്‍ പങ്കെടുത്താല്‍ മതി. ഏതെങ്കിലും ഒരു വിദ്യാര്‍ഥി ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ അത് കുറ്റമായി സര്‍ക്കാര്‍ കാണുന്നില്ല. മറ്റൊരു ദിവസം പരിപാടി നടത്താമെന്നാണ് കത്തോലിക്ക സഭ അറിയിച്ചത്. ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുന്നതല്ല ലഹരിവിരുദ്ധ ക്യാംപെയ്ന്‍. ഇന്ന ദിവസം തന്നെ ലഹരിവിരുദ്ധദിനം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയോ വൈരാഗ്യബുദ്ധിയോ ഇല്ല. ക്യംപെയ്‌നില്‍ പങ്കെടുക്കാത്തത് കൊണ്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, നാളെ സ്‌കൂള്‍കള്‍ക്ക് അവധിയായിരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെസിബിസി അറിയിച്ചു. ഞായറാഴ്ചയിലെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ മറ്റൊരു ദിവസം നടത്താമെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കെസിബിസിക്ക് പിന്നാലെ മാർത്തോമാ സഭയും എതിർപ്പുമായി രംഗത്തുവന്നു. ഞായറാഴ്ച ക്രിസ്തീയ വിശ്വാസികൾക്ക് വിശുദ്ധ ദിനമാണ് നാളെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ നടത്തുന്നത് വേദനാജനകമാണെന്നും മാർത്തോമാ സഭ അറിയിച്ചു. എന്നാൽ സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന് പിന്തുണ നൽകുന്നതായും സഭ അറിയിച്ചു. ഇക്കാര്യത്തില്‍ ക്രൈസ്തവ നേതാക്കളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്നും ലഹരിക്കെതിരായ ക്യാംപെയ്ന്‍ പൊതുവികരാമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശികം

മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥക്ക് തുടക്കമായി

ഈരാറ്റുപേട്ട. സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥ ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് പരിസരത്ത് വച്ച് തുടക്കം കുറിച്ചു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ പതാക കൈമാറി. ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി,ഇമാം സുബൈർ മൗലവി, ഇമാം ഇബ്രാഹിംകുട്ടി മൗലവി ഹാഷിർ നദ് വി പി.ഇ.മുഹമ്മദ് സക്കീർഎന്നിവർ സംസാരിച്ചു. പടം .ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ  മയക്കുമരുന്നു മഹാവിപത്തിനെതിരെ യുള്ള ബോധവൽക്കരണ പ്രചാരണ ജാഥയുടെ പതാക കൈമാറുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് ധർണ്ണ നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ഇന്ന് രാവിലെ 11:00 am ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളും ഭരണകക്ഷി നേതാക്കന്മാരും വ്യാപകമായ രീതിയിൽ വായ്പ തട്ടിപ്പ് നടത്തിയതുകൊണ്ടാണ് ബാങ്കിന് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത് എന്നും ,കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതു പോലെ ഈരാറ്റുപേട്ടയിലും നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കുന്നതിനായി ആവശ്യമായ പണം സർക്കാർ നൽകണം എന്നും ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. മതിയായ സെക്യൂരിറ്റി ഇല്ലാതെ ലക്ഷകണക്കിന് രൂപ ഭരണ സമിതി അംഗങ്ങളും ,ഇടത് പക്ഷ നേതാക്കളും ഇവരുടെ ബന്ധുക്കളും വായ്പ്പ എടുത്തത് കൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്നും സ്വർണ്ണം പണയപ്പെടുത്തി വായ്പ്പ എടുത്തവർക്ക് സ്വർണ്ണം പോലും തിരികെ നൽകാൻ കഴിയാത്ത സ്ഥിതി ആണ് ഉള്ളതെന്നും ഡെയിലി കളക്ഷൻ അടച്ചവർക്കും ,ചിട്ടിപ്പണം അടച്ചവർക്കും പണം തിരികെ ലഭിക്കാതെ വരുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരത ആണെന്നും അഴിമതി നടത്തിയ ഭരണസമിതിക്കെതിരെയും ജീവനക്കാർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ധർണ്ണ നടത്തിയത് . ധർണ്ണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ‌അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,യു.ഡി.എഫ് നേതാക്കളായ സിറാജ് വി.എം ,എം .പി സലീം ,പി പി മജീദ് ,കെ എ മുഹമ്മദ് ഹാഷിം ,റസീം മുതുകാട്ടിൽ ,നാസർ വെള്ളൂ പറമ്പിൽ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,പി .എം അബ്ദുൾ ഖാദർ ,സുനിൽ കുമാർ ,ഷിയാസ് മുഹമ്മദ് ,അമീൻ പിട്ടയിൽ , ഒബി യഹിയ സലീം ,നിസാമുദ്ദീൻ എം.കെ ,കെ.ഇ.എ ഖാദർ ,നിയാസ് വെള്ളൂ പറമ്പിൽ ,എസ്.എം കെബീർ ,നൗഷാദ് വട്ടക്കയം ,അബ്ദുൽ കരീം അസീസ് പത്താഴപ്പടി ,നെ സീർ പാലയം പറമ്പിൽ ,തുടങ്ങിയവർ പ്രസംഗിച്ചു.

ലോകം

അമേരിക്കയില്‍ ദുരിതം വിതച്ച് ഇയാന്‍; കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തിരണ്ടായി ഉയര്‍ന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പുവരുത്തി. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

കേരളം

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നായിരുന്നു എന്‍ഐഎ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സംസ്ഥാനത്തും നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.      

ഇൻഡ്യ

കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനം ഇന്ന് ആരംഭിക്കും

നീണ്ട വർഷങ്ങളായി 5ജി സേവനങ്ങൾക്കുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് എഡിഷന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുക. ആദ്യ ഘട്ടത്തിൽ ദീപാവലിയോടെ പ്രധാന മെട്രോ നഗരങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി സേവനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ ഇതിനോടകം ടെലികോം സേവന ദാതാക്കൾ ആരംഭിച്ചിട്ടുണ്ട്. 2024 ഓടെയാണ് രാജ്യത്തിന്റെ വിവിധ ഗ്രാമീണ മേഖലകളിൽ 5ജി എത്തിക്കുക. 5ജി ലേല നടപടികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കകം ഒക്ടോബറിൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയും ഭാരതി എയർടെലും പ്രഖ്യാപിച്ചിരുന്നു. അതേസമയം, 4ജി സിം കാർഡ് കൈവശമുള്ളവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് ഇതിനോടകം എയർടെൽ അറിയിച്ചിട്ടുണ്ട്.