വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ജാഗ്രത, ഒരു ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്, മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര വേണ്ട; ഏറ്റവും പുതിയ മഴ വിവരങ്ങൾ

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ ഇടുക്കിയിൽ മാത്രം ഓറഞ്ച് അലേര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്.  തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ ഇടുക്കിയിൽ മാത്രം ഓറഞ്ച് അലേര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്.  മഞ്ഞ അലേര്‍ട്ട് വിവരങ്ങള്‍ 26-06-2023:  ആലപ്പുഴ, എറണാകുളം, ഇടുക്കി 27-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 29-06-2023: കണ്ണൂർ, കാസറഗോഡ് 30-06-2023: ഇടുക്കി, കണ്ണൂർ, കാസറഗോഡ് ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് വിവരങ്ങള്‍ 27-06-2023: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ  അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

ജനറൽ

പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി

സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയന്‍ നമ്പ്യാര്‍ ആണ്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നേരത്തെ സച്ചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹസംവിധായകനായിരുന്നു ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപ് ആണ് ചിത്രത്തിന്റ ഛായാ​ഗ്രഹണം. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ 'കാന്താര'യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിന്‍റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ 'ഭാസ്‌കരന്‍ മാഷാ'യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ അഭിനയിക്കുന്ന ചിത്രത്തില്‍ അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം

ജനറൽ

ബുഡാപെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി, നമുക്കും ജീവിക്കണമെന്ന് കമ്ന്‍റ് ബോക്സ്

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോ‍ഴെല്ലാം സോഷ്യല്‍ മീഡിയ ദിവസങ്ങളോളം അത് ചര്‍ച്ചചെയ്യാറുണ്ട്. മലയാള സിനിമയില്‍  ഫാഷന്‍  സ്റ്റൈല്‍ എന്നിവയില്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടന്മാരില്‍  മുന്‍പന്തിയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. ഫാഷൻ സെൻസില്‍ മമ്മൂട്ടിയോട് പിടിച്ചു നിൽക്കാൻ കഴിയുന്നവർ മലയാള സിനിമയിൽ  ചുരുക്കമാണ്. വിദേശയാത്രകൾ ഒരുപാട് നടത്താറുള്ള താരം യാത്രയ്ക്കിടയിലെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തരം​ഗമാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നെടുത്ത താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ‘വൺസ് അപ്പോൺ എ ടൈം ഇൻ ബുഡാപെസ്റ്റ് ‘ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രൌണ്‍ നിറത്തിലുള്ള പാന്‍റും കറുത്ത ടീ ഷർട്ടും മഡ് ബ്രൌണ്‍ നിറത്തിലുള്ള ഓവര്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമാണ് മമ്മൂട്ടിയുടെ വേഷം. നടനും മോഡലും ഫോട്ടോ​ഗ്രാഫറുമായ ഷാനി ഷാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘ഏജന്‍റിന്‍റെ’ ഷൂട്ടിം​ഗിനിടയിൽ പകർത്തിയ ചിത്രങ്ങളാണിത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയത്. ‘നമുക്കും ജീവിക്കണം’ ‘ന്‍റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പന്‍, സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവര്‍ഗ്രീന്‍ സ്റ്റാര്‍, നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.  

ജനറൽ

ധൈര്യമായിരിക്ക്; ഞാന്‍ നോക്കിക്കോളാം’; മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍എ. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും എന്ത് ആവശ്യത്തിനും താനുണ്ടെന്നും ഗണേഷ് കുമാര്‍ എം.എല്‍എ പറഞ്ഞു. മഹേഷിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രതികരണം മഹേഷിന്റെ കാര്യം ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് ബുദ്ധിമുട്ടേണ്ട. അതെല്ലാം താന്‍ നോക്കിക്കൊള്ളാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ഗുരുതര പരുക്കേറ്റത്. നടന്‍ കൊല്ലം സുധി അപകടത്തില്‍ മരിച്ചിരുന്നു. നടന്മാരായ ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴും താന്‍ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകള്‍. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഗണേഷ് എറണാകുളത്തെത്തി മഹേഷിനെ നേരില്‍ കണ്ട് എല്ലാ സഹായവും ഉറപ്പുനല്‍കുകയായിരുന്നു.

ജനറൽ

നടന്‍ ബൈജുവിന്റെ മകള്‍ക്ക് എംബിബിഎസ്; ഡോ. വന്ദനയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ക്ക് എംബിബിഎസ്. ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണ് ബൈജുവിന്റെ മകള്‍ ഐശ്വര്യ സന്തോഷ് എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്. ബൈജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് മകളുടെ നേട്ടം സമര്‍പ്പിക്കുന്നുവെന്ന് ബൈജു പറഞ്ഞു. ബൈജു സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ മകള്‍ ഐശ്വര്യ സന്തോഷിനു Dr. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവന്‍ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഉൃ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമര്‍പ്പിക്കുന്നു..

പ്രാദേശികം

എസ് എം വി ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനൊന്നാം ബാച്ചിന്റെ ഉത്ഘാടനം ഈരാറ്റുപേട്ട എസ് എച് ഓ ബാബു സെബാസ്റ്റ്യൻ നിർവ്വഹിച്ചു.

പൂഞ്ഞാർ. എസ് എം വി ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനൊന്നാം ബാച്ചിന്റെ ഉത്ഘാടനം ഈരാറ്റുപേട്ട എസ് എച് ഓ ബാബു സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ബിനോയ്‌ തോമസ് പദ്ധതിയുടെ ഉദ്ദേശലക്‌ഷ്യങ്ങളെപ്പറ്റി സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസ്‌ലം പി എച് , വിനീത വർഗീസ്, സിന്ധു എസ് നായർ, ഗായത്രി ദേവി കെ ജെ തുടങ്ങിയവർ സംസാരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളും രക്ഷകർത്താക്കളും പങ്കെടുത്തു.

പ്രാദേശികം

ആരോഗ്യ അസംബ്ലി നടത്തി.

പൂഞ്ഞാർ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ അസംബ്ലി നടത്തി. പ്രിൻസിപ്പാൾ  ആർ ജയശ്രീ കുട്ടികൾക്ക് മഴക്കാല രോഗങ്ങളെ കുറിച്ച് അവബോധം നൽകി. പകർച്ചവ്യാധിയെ പ്പറ്റിയും പരിസര ശുചിത്വത്തെ പറ്റിയും എസ് വിനോദ് സംസാരിച്ചു. ബി. മനോജ്, ജോസിറ്റ് ജോൺ വെട്ടം എന്നിവർ സന്നിഹിതരായിരുന്നു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ സെമിനാർ.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഐ.ക്യൂ. ഏ.സിയുടെയും ഫാമിലി പീസ് അസോസിയേഷൻ കേരളാ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ സമാധാന രൂപീകരണവും കുടുബ മൂല്യങ്ങളു മെന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ഫാമിലി പീസ് അസോസിയേഷൻ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്വോൻഹ്‌യോ കിം മുഖ്യപ്രഭാഷണം നടത്തി. കുടുബങ്ങളുടെ മൂല്യവൽകരണം ഒരു പുതിയ ജനതക്ക് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു . ദൈവ വിശ്വാസത്തിലുറച്ച കുടുബങ്ങൾ സമൂഹത്തെ സമാധാനത്തിലേ ക്കും ഐശ്വര്യത്തിലേക്കും നയിക്കും. പ്രശസ്ത കൊറിയൻ ചിന്തകനായ ഹ്യൂയാൻ ജിൻ മൂണിന്റെ ഒരു കുടുംബം ദൈവത്തിൻ പരിപാലനയിൽ എന്ന ആശയത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന ഭാരതപര്യടനത്തിന്റെ ഭാഗമായാണ് ക്വോൻഹ്‌യി യോ കിം അരുവിത്തുറയിൽ എത്തിയത്. കോളേജ് സെമിനാർ ഹാളിൽ നടന്ന സെമിനാറിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് ക്വോൻഹ്‌യോ കിം ന് ഉപഹാരം സമർപ്പിച്ചു. ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ. ബിജു  കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.