വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഈഡിസ് കൊതുകുകളിൽ വൈറസ് സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ പകർത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡിഎംഒ അറിയിച്ചു. തിരുവനന്തപുരം നഗരസഭ, കരകുളം, കഠിനംകുളം പഞ്ചായത്തുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ് നടത്തിയ പഠനത്തിൽ, തിരുവനന്തപുരം കോർപ്പറേഷനിലെ അമ്പലത്തറ, തൃക്കണ്ണാപുരം, ആറന്നൂർ, കുളത്തൂർ, മുട്ടത്തറ, കരകുളം, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം എന്നീ പ്രദേശങ്ങളിലും കരകുളം, കഠിനംകുളം പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ , സിക എന്നീ രോഗങ്ങൾ പരത്തുന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരിന്നു. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ വീഴ്ച കൂടാതെ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ടെറസ്സ്, സൺഷെയ്ഡ്, ചിരട്ടകൾ, ടയറുകൾ എന്നിവിടങ്ങളിൽ വെളളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കരയിൽ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങൾ കമഴ്ത്തിവെച്ചും, ബോട്ടുകളിൽ കെട്ടിയിട്ടിരിക്കുന്ന ടയറുകളിൽ ഉപ്പുവെള്ളം നിറച്ചും ഈഡിസ് കൂത്താടികളെ നിയന്ത്രിക്കാവുന്നതാണ്. വെള്ളം ഒഴുക്കി കളയാൻ പറ്റാത്ത സ്ഥലങ്ങളിൽ വേപ്പിൻ പിണ്ണാക്ക്, ഉപ്പ് എന്നിവ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ പാടില്ല. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണന്നും ഡി.എം.ഒ അറിയിച്ചു.

കേരളം

ടൂവീലറുകള്‍ക്ക് 'വേഗപ്പൂട്ട്', കാറുകളുടെ 'പൂട്ടഴിച്ചു'; പുതിയ വേഗനിയമം, ഇതാ അറിയേണ്ടതെല്ലാം!

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും നിയമാനുസൃതമായ വേഗപരിധി പുതുക്കി നിശ്‍ചയിച്ചു. ഈ ജൂലൈ ഒന്നു മുതല്‍ പുതുക്കിയ വേഗതാ പരിധി നിലവില്‍ വരും. ഇതാ അറിയേണ്ടതെല്ലാം തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും നീക്കം. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.  ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.  ഇരുചക്ര വാഹനങ്ങളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും നിയമാനുസൃതമായ വേഗപരിധി പുതുക്കി നിശ്‍ചയിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറച്ചതിനൊപ്പം കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളുടെ വേഗപരിധി കൂട്ടി എന്നതും ശ്രദ്ധേയമാണ്. ഈ ജൂലൈ ഒന്നു മുതല്‍ പുതുക്കിയ വേഗ പരിധി നിലവില്‍ വരും. ഇതാ ഇതിനേക്കുറിച്ച് അറിയേണ്ടതെല്ലാം പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധിയും ചുവടെ ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറച്ചു. നാലുവരി പാതയിൽ മാത്രമായിരുന്നു 70 കിലോമീറ്റർ വേഗത അനുവദിച്ചിരുന്നത്. ഇതാണ് 60ലേക്ക് ചുരുക്കിയത്. നഗരസഭ/കോർപറേഷൻ പ്രദേശങ്ങൾ, സംസ്ഥാന പാതകൾ, മറ്റു പാതകൾ എന്നിവിടങ്ങളിൽ 50 കിലോമീറ്ററാണ് നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള വേഗപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികെ 30, മലമ്പാതകൾ 45 എന്നിങ്ങനെയും ദേശീയപാതയിൽ 60 കിലോമീറ്ററുമായിരുന്നു അനുവദിച്ചിരുന്ന പരമാവധി വേഗം. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് വേഗപരിധി കുറച്ച ഈ തീരുമാനം. ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ നാല് വരി ദേശീയ പാതയിൽ 100 കിമി - (നിലവില്‍ 90) മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിമി (നിലവില്‍ 85 കിലോമീറ്റർ) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും നിലവിലെ 80 കിമി പരിധി തുടരും മറ്റു റോഡുകളിൽ 70 കിമി,  നഗര റോഡുകളില്‍ 50 കിമി എന്ന നിലവിലെ വേഗപരിധി തന്നെ തുടരും.  ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ നാല് വരി ദേശീയ പാതയിൽ 90  കിമി (നിലവില്‍ 70) മറ്റ് ദേശീയപാത, എം സി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85 കിമി (നിലവില്‍ 65 കിലോമീറ്റർ) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിമി (നിലവില്‍ 65) മറ്റു റോഡുകളിൽ 70 കിമി (നിലവില്‍ 60) നഗര റോഡുകളില്‍ 50 കിലോമീറ്റർ പരിധി തുടരും ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക്  ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിമി (നിലവില്‍ 70 കിലോമീറ്റര്‍) മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70കിമി (നിലവില്‍65കിലോമീറ്റര്‍) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിമി (നിലവില്‍60 കിലോമീറ്റര്‍) മറ്റ് റോഡുകളിൽ 60 കിമി (നിലവില്‍60) കിലോമീറ്റര്‍) നഗര റോഡുകളില്‍ 50 കിമി(നിലവില്‍ 50 കിലോമീറ്റർ) ഓട്ടോറിക്ഷകള്‍, സ്‍കൂള്‍ ബസുകള്‍ എന്നിവയ്ക്ക് മുച്ചക്ര വാഹനങ്ങളുടെയും സ്‍കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

ഇൻഡ്യ

ബിപോര്‍ജോയ് ആശങ്കയില്‍ രാജ്യം; ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

ബിപോര്‍ജോയ് ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മൂന്ന് സൈനിക മേധാവികളുമായി സംസാരിക്കുകയും ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാന്‍ സായുധ സേനയുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും ചെയ്തു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ആകെ 33 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ആകെ 18 എന്‍ഡിആര്‍എഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്, കച്ച് ജില്ലയില്‍ നാല് എന്‍ഡിആര്‍എഫ് ടീമുകളും രാജ്കോട്ടിലും ദേവഭൂമി ദ്വാരകയിലും മൂന്ന് വീതവും ജാംനഗറില്‍ രണ്ട് വീതവും പോര്‍ബന്തര്‍, ജുനഗര്‍, ഗിര്‍ സോമനാഥ്, മോര്‍ബി, വല്‍സാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും വിന്യസിച്ചിട്ടുണ്ട്. റോഡ് ക്ലിയറൻസിനായി 50 ടീമുകൾ തയ്യാറാണ്.20,000-ത്തിലധികം മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ച് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കച്ച് കളക്ടർ അമിത് അറോറ പറഞ്ഞു. അതേസമയം, കച്ച്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്.അടുത്ത 24 മണിക്കൂറിനുള്ളില്‍ സൗരാഷ്ട്രയിലും കച്ചിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര ബിപോർജോയ് ചുഴലിക്കാറ്റ് നാശമുണ്ടാക്കാൻ സാധ്യതയുള്ള അതിതീവ്ര ചുഴലിക്കാറ്റാണെന്ന് വ്യക്തമാക്കുകയുണ്ടായി. പോർബന്തർ, ദ്വാരക ജില്ലകളിൽ അതിശക്തമായ കാറ്റും,മഴയും ഉണ്ടാവുമെന്നും കച്ചിൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശികം

ഹരിതകര്‍മസേനക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി ഈരാറ്റുപേട്ട നഗരസഭ.

ഈരാറ്റുപേട്ട : നഗരസഭയുടെ നേതൃത്വത്തിലുള്ള ഹരിത കർമ സേന അംഗങ്ങൾ ഇത്തവണ മഴക്കാലത്ത് ജോലിയിൽ മുഴുകുമ്പോൾ രോഗങ്ങൾ വന്നാൽ ചികിത്സയ്ക്ക് സാമ്പത്തിക പ്രയാസം നേരിടേണ്ടി വരില്ല. ഒപ്പം മഴ നനയാതിരിക്കാൻ റെയിൻ കോട്ടുമുണ്ടാകും. ചികിത്സയ്ക്കുള്ള ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ തയ്യാറായി. മുഴുവൻ ഹരിതകർമ സേന അംഗങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള  ചികിത്സയുടെ ഉൾപ്പടെ ചിലവുകൾ ഇനി ഇൻഷുറൻസ് കമ്പനിയാണ് വഹിക്കുക. ഇൻഷുറൻസ് കാർഡുകളുടെയും റെയിൻ  കോട്ടുകളുടെയും  വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഡോ. സഹല ഫിർദൗസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിത ഇസ്മായിൽ അൻസർ  പുള്ളോലിൽ റിസ്വാന സവാദ്, കൗൺസിലർമാരായ അനസ് പാറയിൽ നൗഫിയ ഇസ്മായിൽ ഫാസില അബ്സാർ ഷെഫ്നാ അമീൻ, ഹെൽത്ത് സൂപ്പർവൈസർ ജെൻസ് സിറിയക് നവകേരളം കർമ്മപദ്ധതി ആർ പി അൻഷാദ് ഇസ്മായിൽ ശുചിത്വമിഷൻ ആർ പി മുത്തലിബ്, എൻ യു എൽ എം കോഡിനേറ്റർ മനു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ സോണി നൗഷാദ് ജെറാൾഡ് ലിനീഷ് എന്നിവർ പങ്കെടുത്തു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ,ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , സ്റ്റാഫ് സെക്രട്ടറി ഡോ സുമേഷ് ജോർജ് റാങ്ക് ജേതാക്കളുടെ പ്രതിനിധി സൂഫിയാ മുഹമ്മദ് ബഷീർ തുടങ്ങിയവരും സംസാരിച്ചു. ഈ വർഷം പി .എച്ച് .ഡി നേടിയ കോളേജിലെ അദ്ധ്യാപകരായ ഡോ ഡെന്നി തോമസ്, ഡോ അനീറ്റാ ഷാജി ഈ വർഷത്തെ സർവ്വകലാശാല റാങ്ക് ജേതാക്കൾ, ഫുൾ A+ നേടിയവർ, ക്ലാസ്സ് ടോപ്പേഴ്സ്സ് ,  കായിക രംഗത്ത് മികവു പുലർത്തിയവർക്യാംപസ് പ്ലെയ്സ്സ് മെന്റിലൂടി ജോലി നേടിയവർ തുടങ്ങി നൂറോളം പ്രതിഭകളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ജനറൽ

സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു

കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ജൂൺ ഒമ്പതിനായിരുന്നു അന്ത്യം.ദിലീപ് ചിത്രമായ സിഐഡി മൂസയിൽ ഇദ്ദേഹം അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ജന സ്വീകാര്യത നേടിയിരുന്നു.1993ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗാന്ധർവത്തിലൂടെയായിരുന്നു കസാൻ ഖാൻ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.വർണപകിട്ട്, ദി കിംഗ്, ഡോൺ, മായാമോഹിനി, രാജാധിരാജ, മര്യാദ രാമൻ അടക്കമുള്ള നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം

കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ; നിർമാണം പുരോ​ഗമിക്കുന്നു

കോട്ടയം∙ നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം. 30000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിങിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ എന്നിവയുണ്ടാകും. 800 ചതുരശ്ര മീറ്റർ പ്രദേശം ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി മാറ്റിയിട്ടുണ്ട്.

ഇൻഡ്യ

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.ഇതുവരെ 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഭാവ്‌നഗര്‍, രാജ്‌കോട്ട്, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുദിവസം കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ഇതുവരെ 67 ട്രെയിനുകള്‍ റദ്ദാക്കി. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.